നികുതി വെട്ടിപ്പ്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്; വിശദീകരണം തേടിയ ശേഷം നടപടി

വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. ഇരുവരും ഹാജരാകണമെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന മറുപടിയാണു ലഭിച്ചത്. ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു. പോണ്ടിച്ചേരിയില്‍ താമസിക്കുന്നതിന് താരങ്ങള്‍ വ്യാജ വാടക കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി പോണ്ടിച്ചേരിയില്‍ തനിക്കു ഫ്‌ളാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി നല്‍കിയ മറപടി. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഫ്‌ളാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. പോണ്ടിച്ചേരി പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരന്‍. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

Latest