പ്രധാനമന്ത്രിയോട് നേര്‍വഴി നടക്കാന്‍ ഉപദേശിക്കണം;എന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ച സിആര്‍പിഎഫ് ജവാനെ പുറത്താക്കി

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ച ജവാനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. സിആര്‍പിഎഫ് ജവാന്‍ പങ്കജ്മിശ്രയെയാണ് പുറത്താക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ നക്‌സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് പങ്കജ് മിശ്ര പ്രധാമന്ത്രി നരേന്ദ്ര മോഡിക്കും, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രിയോട് നേര്‍വഴി നടക്കാന്‍ രാജ്‌നാഥ് സിങ് നിര്‍ദ്ദേശിക്കണം എന്നായിരുന്നു പങ്കജ് മിശ്ര വീഡിയോയില്‍ ആവശ്യപ്പെട്ടത്. ഇത് ചര്‍ച്ചയായതോടെ സിആര്‍പിഎഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മിശ്രക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുസ്ഥലത്ത് മോശമായി പെരുമാറുക, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നിങ്ങനെയായിരുന്നു മിശ്രക്കു നേരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. മിശ്രയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ആഭ്യന്തര അന്വേഷണം നടത്താന്‍ സിആര്‍പിഎഫിനോട് ആവശ്യപ്പെട്ടു. അതിനു ശേഷം മിശ്രയുടെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ പിടിച്ചുവച്ചിരുന്നു. എന്നാല്‍ ഒരു സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹം വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. സൈന്യത്തിന്റെ സുരക്ഷയില്‍ മോദിയും രാജ്‌നാഥ് സിംഗും ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നും പങ്കജ് മിശ്ര വീഡിയോയിലുടെ ആരോപിച്ചിരുന്നുയ ഏപ്രിലിലെ തന്റെ പോസ്റ്റിനെ തുടര്‍ന്ന് അധികൃതര്‍ തന്നെ മര്‍ദിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ ജോലി സമയവും ഒരേ ഭക്ഷണവും ആഴ്ചയില്‍ അവധിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.

Top