പുതിയ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലേയ്ക്ക് നീങ്ങുന്നെന്ന് മുന്നറിയിപ്പ്; പ്രഹര ശേഷി കണ്ടെത്തിയിട്ടില്ല; മൂന്ന് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് ദുരന്തം വിതക്കാനെത്തുന്നെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അരിയിക്കുന്നു. ഇത് ദക്ഷിണേന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുന്നെന്നും ആന്ധ്ര, തമിഴ്നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ആഘാതശേഷി വിലയിരുത്തിയശേഷമേ പുതിയ ചുഴലിക്കാറ്റിനു പേരിടുന്ന കാര്യം തീരുമാനിക്കൂ. ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്തുനിന്നു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വര്‍ധിച്ചാല്‍ ശ്രീലങ്കന്‍ തീരംവരെ എത്തും. ഇതു കേരളതീരത്തും കടല്‍ക്ഷോഭത്തിനിടയാക്കും.

ആന്ധ്ര, തമിഴ്നാട് തീരമേഖലയില്‍ മൂന്നുദിവസത്തേക്കു ജാഗ്രതാനിര്‍ദേശമുണ്ട്. മറ്റന്നാള്‍വരെ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. കടലില്‍ പോയവര്‍ ഉടന്‍ തിരികെയെത്താനും നിര്‍ദേശമുണ്ട്. പുതിയ ചുഴലിക്കാറ്റ് കേരളത്തെ സാരമായി ബാധിക്കില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആന്ധ്ര, തമിഴ്നാട് തീരങ്ങളിലേക്കു മത്സ്യബന്ധനത്തിനു പോകരുത്.

ദിവസങ്ങള്‍ക്കു മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനു തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദമാണു ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഇപ്പോള്‍ മണിക്കൂറില്‍ 40-50 കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംദിവസങ്ങളില്‍ 100 കിലോമീറ്ററിലധികം വേഗമാര്‍ജിക്കുമെന്നാണു കണക്കാക്കുന്നത്.

അടുത്ത 60 മണിക്കൂറില്‍ ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നു ചൈന്നെ മേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ അറിയിച്ചു. അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നു മുന്നറിയിപ്പുണ്ട്.

Latest
Widgets Magazine