ദിലീപിന് ഇനി വച്ചടി കയറ്റം; കേസുകള്‍ ഓരോന്നായി ഒഴിയുന്നു; ആരോപണം തള്ളി അന്വേഷണ റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന നടന്‍ ദിലീപിന്റെ കഷ്ടകാലം തീരുന്നു. അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന പല കേസുകളിലും അനുകൂല നിലപാടുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ശേഷം നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. ഭൂമി കൈയേറ്റക്കേസില്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചത് എന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഡിസിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദിലീപ് അറസ്റ്റിലായ ശേഷമാണ് ഡിസിനിമാസ് ഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ന്നത്. മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഭൂമി കൈയേറിയതല്ല എന്ന് വ്യക്തമായിരുന്നു. ദിലീപിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെതിരേ ഭൂമി കൈയേറ്റം ആരോപിക്കപ്പെട്ടിരുന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വിഭാഗത്തോട് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. ക്രമവിരുദ്ധമായി ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് കളക്ടര്‍ ജൂലൈയില്‍ സമര്‍പ്പിച്ചത്. റീസര്‍വേ നടത്തി ഇക്കാര്യത്തിലെ സംശയങ്ങള്‍ പിന്നീട് ദൂരീകരിച്ചു.

തുടര്‍ന്ന് വിജിലന്‍സിലും പരാതി ലഭിച്ചു. പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫാണ് തിയേറ്റര്‍ നിര്‍മാണത്തിന് ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 26ന് പരിഗണിക്കും. ദിലീപിനെ കൂടാതെ മുന്‍ തൃശൂര്‍ജില്ലാ കളക്ടര്‍ എംഎസ് ജയയ്ക്കുമെതിരേയും പരാതിയില്‍ ആരോപണമുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നു. റിലീസ് ചെയ്ത രാമലീല വന്‍ വിജയമായിരിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാകുന്നു- ദിലീപിനെ കഷ്ടകാലം കഴിഞ്ഞെന്ന് വേണം കരുതാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top