ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി, താന്‍ ആക്ടിവിസ്റ്റല്ല ഭക്തയെന്ന് പോലീസിനോട്

സന്നിധാനം: കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി. മല കയറുന്നതിനായി ഇവര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ് അല്ലെന്നും ഇവര്‍ പറഞ്ഞതിന് ശേഷമാണ് പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ ഒറ്റയ്ക്കാണോ ഇവര്‍ക്ക് ഒപ്പം ആരൊക്കെയുണ്ട് എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല.

ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ് മഞ്ജു. 38 വയസാണ് മഞ്ജുവിന്. സുപ്രീം കോടതി വിധി അനുസരിച്ച് വിശ്വാസികള്‍ക്ക് മല കയറാം..ഞാനൊരു വിശ്വാസിയാണെന്ന്് ഇവര്‍ പറയുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് എസ്.പി മഞ്ജു. ഇടനാട് ബിജുഭവനില്‍ നിന്നുള്ള മഞ്ജു വ്രതമെടുത്താണ് എത്തിയതെന്നും പറയുന്നു. സന്നിധാനത്ത് പ്രതിഷേധക്കാര്‍ ഉള്ളതിനാല്‍ പോലീസ് കനത്ത സുരക്ഷ ഉറപ്പാക്കും. ഉന്നത പോലീസ് ഉദ്യാഗസ്ഥരുമായി മഞ്ജുവിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുകയാണ് പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍. എണ്‍പതംഗ പോലീസ് സംഘമാകും ഇവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുക.

ഐജി മനോജ് എബ്രഹാമും ശ്രീജിത്തും എഡിജിപി അനില്‍ ഗാര്‍ഡും അടങ്ങുന്ന പോലീസ് സംഘം പമ്പയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ഇവരാരും തന്നെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Latest