വിമാനത്തിലെ പീഡനം നടിയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ടെന്ന് വ്യവസായിയുടെ ഭാര്യ; മൂല്യങ്ങളെ ബഹുമാനിക്കുന്ന ആളാണ് ഭര്‍ത്താവെന്നും ദിവ്യ

മുംബൈ: വിമാനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന ദംഗല്‍ നടിയുടെ ആരോപണം കള്ളമാണെന്ന് അറസ്റ്റിലായ വ്യവസായി വികാസ് സച്ച്‌ദേവിന്റെ ഭാര്യ. നടിയുടെ ആരോപണം പബ്ലിസിറ്റ്ക്ക വേണ്ടിയുള്ളതാണെന്നും അറസ്റ്റിലായ വികാസിന്റെ ഭാര്യ ദിവ്യസച്ച്ദേവ്. തന്റെ ഭര്‍ത്താവിനെതിരെ വ്യാജആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും അവര്‍ മുംബൈയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പൊലീസ് 39 കാരനായ വികാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന തന്റെ ഭര്‍ത്താവ്, ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി തളര്‍ന്ന നിലയിലായിരുന്നുവെന്നാണ് ദിവ്യസച്ച്ദേവിന്റെ വിശദീകരണം.

പീഡനമുണ്ടായി എന്ന പറയുന്ന സമയത്ത് ബോളിവുഡ് നടി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും, രണ്ടുമണിക്കൂറുകള്‍ക്ക് ശേഷം മാത്രം ട്വീറ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന കുടുംബമാണ് തങ്ങളുടേത്. തന്റെ ഭര്‍ത്താവ് കുടുംബമൂല്യങ്ങളെ മാനിക്കുന്നയാളാണ്.ഞങ്ങള്‍ക്ക് 9 വയസ് പ്രായമുള്ള കുട്ടിയുണ്ട്. വികാസ് ഒരിക്കലും ഒരു സ്ത്രീയോട് അത്തരത്തില്‍ പെരുമാറില്ല, ദിവ്യസച്ച്ദേവ് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര ഫ്ളൈറ്റില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്. സഹായമഭ്യര്‍ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്.

പോസ്‌കോ നിയമ പ്രകാരമാണ് വ്യവസായിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലുള്ള അമ്മാവന്‍ മരണപ്പെട്ടതിനാല്‍ തന്റെ ഭര്‍ത്താവ് മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നെന്നും ദിവ്യ പറയുന്നു. യാത്രക്കിടയില്‍ നടിയുടെ സീറ്റിന്റെ ആം റെസ്റ്റില്‍ സഹയാത്രികന്‍ കാല്‍ കയറ്റിവയ്ക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ വിമാനം ഇളകുന്നതിനാലാണ് താന്‍ കാലു കയറ്റി വച്ചതെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. വികാസിന്റെ കാലുകള്‍ നടിയുടെ ശരീരത്തില്‍ അറിയാതെ സ്പര്‍ശിച്ചതാണെന്നും അതിന് അദ്ദേഹം മാപ്പും പറഞ്ഞതാണെന്നും ദിവ്യ പറയുന്നു. എപ്പോഴും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍.

ചെറിയ മയക്കത്തിലേക്ക് വീണ തന്റെ കഴുത്തില്‍ അയാളുടെ സ്പര്‍ശം അറിഞ്ഞാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്നും അയാളുടെ ഉപദ്രവം റെക്കോര്‍ഡ് ചെയ്യാന്‍ നോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും നടി വീഡിയോയില്‍ പറയുന്നു.

Latest
Widgets Magazine