ഡിസിയും ചിന്തയും അടക്കമുളള പ്രസാധകരില്‍ നിന്ന് കിട്ടാനുളള 25 ലക്ഷം എഴുതിത്തളളാന്‍ സാഹിത്യ അക്കാദമി …

സ്വകാര്യ പ്രസാധകര്‍ക്ക് വില്‍ക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയ വകയില്‍ കിട്ടാനുള്ള ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം എഴുതിത്തള്ളാന്‍ കേരള സാഹിത്യ അക്കാദമി നീക്കം. ഡിസി ബുക്ക്സും ചിന്ത പബ്ലിഷേഴ്സും അടക്കം നല്‍കാനുള്ള കുടിശികയാണ് ഓഡിറ്റ് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത്.

ഡിസി ബുക്സ് മാത്രം നല്‍കാനുള്ളത് 2.21 ലക്ഷം രൂപയാണ്, ബുക്ക് മാര്‍ക്ക് ബുക്ക്സ് 1.79 ലക്ഷം, എസ്പിസിഎസ് 1.30 ലക്ഷം, മാലുബന്‍ ബുക്സ് 96,087 രൂപ, ചിന്ത പബ്ലിഷേഴ്സ് 74,754 രൂപ എന്നിങ്ങനെയാണ് മറ്റുളള കിട്ടാക്കടങ്ങള്‍. കുടിശികകള്‍ പിരിച്ചെടുക്കണമെന്ന ഓഡിറ്റ് നിര്‍ദേശം നിലനില്‍ക്കെയാണ് ചില പ്രസാധകരുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി അക്കാദമി കണക്ക് വച്ചിരിക്കുന്നത്. ഇവരെ കൂടാതെ പത്തനംതിട്ട പുസ്തകശാല, കാവ്യബുക്സ്, ബുക്ക് പോയിന്റ്, സൈന്‍ ബുക്സ്, പ്രണത ബുക്സ്, ബുക്സ് പോയന്റ്, എച്ച് ആന്‍ഡ് സി തുടങ്ങിയ പ്രസാധകരുള്‍പ്പെടെ കരാറിലേര്‍പ്പെടാതെ പുസ്തകം നല്‍കിയ വകയില്‍ 25,44,933 രൂപയാണ് അക്കാദമിക്ക് കിട്ടാനുള്ളത്.

അക്കാദമിയുടെ വ്യവസ്ഥയനുസരിച്ച് 25,000 രൂപയില്‍ കൂടുതല്‍ രൂപയുടെ പുസ്തകങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും നല്‍കിയ പുസ്തകത്തിന്റെ 20 ശതമാനം തുക സെക്യൂരിറ്റി ആയി വാങ്ങണമെന്നുമിരിക്കെയാണ് മാനദമണ്ഡങ്ങള്‍ പാലിക്കാതെ പുസ്തകങ്ങള്‍ നല്‍കിയത്. ഈ കുടിശിക വര്‍ഷങ്ങളായിട്ടും തീര്‍ക്കാതെ തുടരുകയാണ്. അക്കാദമിയുടെ പുസ്തകശേഖരത്തെ കുറിച്ചുള്ള കണക്കില്ലായ്മ നേരത്തെ തന്നെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉണ്ടാക്കിയിരുന്നു.

Latest
Widgets Magazine