വായില്‍ പാറക്കല്ലു തിരുകി കുട്ടിയുടെ മൃതദേഹം; ഞെട്ടിച്ച് ‘മന്ത്രവാദിക്കല്ലറ’

പ്രാചീനകാലത്ത് നിലനിന്നിരുന്നത് അതിക്രൂരമായ ദുരാചാരങ്ങളായിരുന്നു എന്നതിനുള്ള ഞെട്ടിക്കുന്ന തെളിവുകളുമായി ഗവേഷകര്‍. 1500 വര്‍ഷം പഴക്കമുള്ള ഏകദേശം പത്തു വയസ്സു തോന്നിപ്പിക്കുന്ന കുട്ടിയുടെ തലയോട്ടിയാണ് വായില്‍ കല്ലു തിരുകിയ നിലയില്‍ കണ്ടെത്തിയത്. ഗവേഷകര്‍ ഇപ്പോഴും ഞെട്ടലിലാണ്. ഇത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നു കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ വായില്‍ തിരുകി വച്ചിരുന്ന പാറക്കഷ്ണമാണു ഗവേഷകരെ ഞെട്ടിച്ചത്. ഇതു ജീവനോടെയിരിക്കെ തിരുകിയതാണോ എന്നും അറിയില്ല.

എന്നാല്‍ മലേറിയ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ നടത്തിയ ആചാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണു കരുതുന്നതെന്ന് പഠനം നടത്തിയ അരിസോണ യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ പറയുന്നു. 450 സിഇയില്‍ മധ്യ ഇറ്റലിയില്‍ മലേറിയ വന്‍ ദുരിതമായി നടമാടിയിരുന്നു. ഒട്ടേറെ കുട്ടികളാണ് അന്നു മരിച്ചത്. കുട്ടികളുടെ സെമിത്തേരിയില്‍ നിന്ന് ഇതുവരെ അന്‍പതോളം മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അവയിലെല്ലാം മന്ത്രവാദം നടത്തിയതിന്റെ തെളിവുകളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിലരുടെ വായില്‍ പാറക്കല്ല്, ചിലരുടേതില്‍ കരിങ്കാക്കയുടെ എല്ല്, തവളയുടെ അസ്ഥി എന്നിവയും ഉണ്ടായിരുന്നു. ചെറുവെങ്കലപ്പാത്രങ്ങളില്‍ ചാരം നിറച്ചും നായ്ക്കുട്ടികളുടെ മൃതദേഹങ്ങളുമെല്ലാം പുരാതന റോമാക്കാര്‍ മൃതദേഹത്തോടൊപ്പം അടക്കം ചെയ്തിരുന്നു. ‘മൃതദേഹങ്ങള്‍ പ്രേതങ്ങളും രക്തദാഹികളും ആയി മാറാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരം മന്ത്രവാദ ആചാരങ്ങള്‍. കുട്ടികളാണെങ്കില്‍പ്പോലും മരിച്ചു കഴിഞ്ഞാല്‍ കല്ലറയില്‍ നിന്നു തിരികെയെത്തി നാടു നശിപ്പിക്കുമെന്ന് റോമാക്കാര്‍ വിശ്വസിച്ചിരുന്നു’- 1987 മുതല്‍ കുട്ടികളുടെ സെമിത്തേരിയെപ്പറ്റി ഗവേഷണം നടത്തുന്ന യുഎ സ്‌കൂള്‍ ഓഫ് ആന്ത്രപ്പോളജിയിലെ പ്രഫസര്‍ ഡേവിഡ് സോറന്‍ പറയുന്നു.

ഇതാദ്യമായാണ് ഒരു കുട്ടിയുടെ വായില്‍ പാറക്കല്ലു കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വാംപയര്‍ ഓഫ് ലുഗ്നാനോ എന്നാണ് ഈ സംഭവം ഇപ്പോള്‍ അറിയപ്പെടുന്നത്. മരിച്ചവര്‍ കല്ലറയില്‍ നിന്നു തിരിച്ചു വരുമെന്ന വിശ്വാസം യൂറോപ്പിലെമ്പാടും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ടായിരുന്നു. രക്തം കുടിക്കുന്ന വാംപയറുകളുടെ വിശ്വാസം പിന്നെയും 1700കളിലാണു വേരുപിടിച്ചത്. അതിനു മുന്‍പായിരുന്നു മരിച്ചവര്‍ പ്രേതങ്ങളായി മാറി തിരികെയെത്തി ദോഷം ചെയ്യുമെന്ന വിശ്വാസം ശക്തി പ്രാപിച്ചിരുന്നത്. വെനീസില്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു യുവതിയുടെ വായില്‍ ഇഷ്ടിക വച്ച് അടക്കം ചെയ്തത് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ മൂന്ന്/നാലാം നൂറ്റാണ്ടില്‍ അടക്കം ചെയ്തിരുന്ന ഒരു പുരുഷന്റെ മൃതദേഹത്തില്‍ നാവു മുറിച്ചെടുത്ത നിലയിലായിരുന്നു. പകരം അവിടെ വച്ചിരുന്നത് ഒരു കല്ലും. ബള്‍ഗേറിയയില്‍ 2014ല്‍ കണ്ടെത്തിയ ചില മൃതദേഹങ്ങളുടെ നെഞ്ചു തകര്‍ത്ത് പല വസ്തുക്കളും തിരുകിയ നിലയിലായിരുന്നു. ചിലരുടെ ശരീരഭാഗങ്ങളും മുറിച്ചുമാറ്റിയിരുന്നു. ഇറ്റലിയിലെ കുട്ടികളുടെ സെമിത്തേരിയില്‍ കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണു ഗവേഷകര്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിലവിലുണ്ടായിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പറ്റി അറിയാനുള്ള ഏറ്റവും മികച്ച മാര്‍ഗമായാണ് ഗവേഷകര്‍ ഇതിനെ കാണുന്നതും.

Top