അച്ചടക്കം ആർ.എസ്.എസിനെ കണ്ടു പഠിക്കണമെന്ന് ദീപക് ബബാറിയയുടെ നിർദ്ദേശം : നെഹ്രു ചൈന യുദ്ധത്തിൽ സഹായിക്കാൻ വിളിച്ചതും ഓർമ്മപ്പെടുത്തി.ഞെട്ടലോടെ കോൺഗ്രസ്

ഭോപ്പാൽ :അച്ചടക്കം ആർ.എസ്.എസിനെ കണ്ടു പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപക് ബബാറിയയുടെ നിർദ്ദേശം കോൺഗ്രസിൽ ഞെട്ടലുണ്ടാക്കി . കോൺഗ്രസിന്റെ സംഘടനാ യോഗം വിളിച്ച സംസ്ഥാന നേതാവിന് തലവേദനയായി സീറ്റിന്റെ പേരിലുള്ള തർക്കം നടന്നപ്പോഴാണ് ബാബറിയ പുതിയ നിർദേശം മുന്നോട്ട് വെച്ചത് . എല്ലാ ജില്ലാ നേതാക്കൾക്കും സീറ്റുകൾ അനുവദിച്ചെങ്കിലും സിന്ധു വിക്രം സിംഗെന്ന കോൺഗ്രസ് നേതാവിന് വേദിയിൽ കസേരയുണ്ടായിരുന്നില്ല. ഇതോടെ ഇയാളുടെ അനുയായികൾ യോഗത്തിൽ ബഹളമുണ്ടാക്കി. ഇതിനെ എതിർക്കാൻ മറ്റു ചിലർ എത്തിയതോടെ കൂട്ടയടിയായി.

സഹികെട്ട കോൺഗ്രസ് നേതാവും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ആളുമായ ദീപക് ബബാറിയ മുന്നോട്ടു വച്ച നിർദ്ദേശമാണ് കോൺഗ്രസുകാരെ ഞെട്ടിച്ചത് . അവർക്ക് നാണക്കേടുമായി. ഇങ്ങനെ തമ്മിലടിക്കാതെ ആർ.എസ്.എസുകാരെ കണ്ടു പഠിക്കാനായിരുന്നു ബബാറിയ പ്രവർത്തകരോട് പറഞ്ഞത്. ആർ.എസ്.എസ് പ്രവർത്തകർ അച്ചടക്കത്തോടെയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ അവരുടെ യോഗങ്ങളിൽ ഉണ്ടാകാറില്ലെന്നും ബബാറിയ ചൂണ്ടിക്കാട്ടി.

ആർ.എസ്.എസുകാരെ കണ്ടു പഠിക്കാൻ കോൺഗ്രസ് നേതാവ് നിർദ്ദേശിച്ചത് വിവാദമായതോടെ ബബാറിയ വിശദീകരണവുമായെത്തി. ഒരു സംഘടനയിൽ നല്ലതുണ്ടെങ്കിൽ അത് അംഗീകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ബബാറിയ ചോദിച്ചു. നല്ല കാര്യങ്ങൾ നമ്മൾ മാതൃകയാക്കണം. ആർ.എസ്.എസിന്റെ അച്ചടക്കവും പ്രവർത്തന ശേഷിയും കൊണ്ടാണ് നെഹ്രു ഇന്ത്യ-ചൈന യുദ്ധം നടക്കുന്നതിനിടെ അവരുടെ സഹായം തേടിയതെന്നും ബബാറിയ ചൂണ്ടിക്കാട്ടി.യോഗത്തിൽ നടന്ന കയ്യാങ്കളിയെ തുടർന്ന് ആറു പേരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. രണ്ട് നേതാക്കന്മാരോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിലെ റേവയിലായിരുന്നു സംഭവം.

Latest
Widgets Magazine