ഹോട്ടലിനകത്തെ തീയില്‍ വെന്തെരിഞ്ഞ് ജയശ്രീ; അമ്മയെയും സഹോദരനെയും കണ്ടെത്താനായില്ല

കൊച്ചി: അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഹരിദ്വാര്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഹോട്ടലില്‍ കറണ്ട് പോകുന്നത്. തുടര്‍ന്ന് ഹോട്ടല്‍ മുറിക്ക് പുറത്തിറങ്ങി നോക്കിയവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. അഞ്ച് നില ഹോട്ടല്‍ മുഴുവന്‍ കനത്ത പുകയും ആളിപ്പടരുന്ന തീയും. ചിലര്‍ വരാന്തവഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

കുറച്ച് പേര്‍ ഹോട്ടല്‍ മുറിയിലേക്ക് തന്നെ തിരിച്ചോടിക്കയറി ജനല്‍ ചില്ലുകള്‍ പൊട്ടിച്ച് സഹായത്തിനായി കരഞ്ഞു വിളിച്ചു. ഫയര്‍ ഫോഴ്‌സടക്കം രക്ഷാ സംഘമെത്തി ഹോട്ടലിനകത്തെ തീയില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴേക്കും ആളിപ്പടര്‍ന്ന തീയില്‍ ജയശ്രീ വെന്തെരിഞ്ഞു. ജയശ്രീയുടെ അമ്മ നളിനിയമ്മയേയും ജയശ്രീയുടെ സഹോദരന്‍ വിദ്യാസാഗറിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബന്ധുവിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള കുടുംബാംഗങ്ങളുടെ ഡല്‍ഹി യാത്ര ദുരന്ത യാത്രയായതിന്റെ ഞെട്ടലിലാണ് ചോറ്റാനിക്കരയിലെ ചേരാനല്ലൂരില്‍ നിന്നുള്ള മലയാളി സംഘം.

ബന്ധുവിന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ വിനോദയാത്രയുടെ തിരക്കിലായിരുന്ന ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കരോള്‍ബാഗിലെ ഹോട്ടലിലാണ് താമസം.താജ്മഹലടക്കം ദില്ലിയും പരിസര പ്രദേശങ്ങളുമെല്ലാം കണ്ടു കഴിഞ്ഞ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജയശ്രീയും കുടുംബവും. വെള്ളിയാഴ്ച വൈകീട്ടാണ് 13 അംഗ സംഘം ചോറ്റാനിക്കരയിലെ ചേരാനല്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കുന്നത്.

ജയശ്രീയുടെ അമ്മ നളിനിയമ്മ മക്കളായ വിദ്യാസാഗര്‍, സോമശേഖരന്‍, സുധ, വിദ്യാസാഗറിന്റെ ഭാര്യ മാധുരി മകന്‍ വിഷ്ണു സോമശേഖരന്റെ ഭാര്യ ബീന, സുധയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ ,ജയശ്രീ യുടെ മക്കള്‍ ,ഹരിഗോവിന്ദ്, ഗൗരി ശങ്കര്‍ നളിനിയമ്മയുടെ സഹോദരിയുടെ മകള്‍ സരസ്വതി, ഭര്‍ത്താവ് വിജയകുമാര്‍, മകന്‍ ശ്രീകേഷ് എന്നിവരായിരുന്നു സംഘത്തില്‍. വിദേശത്ത് ജോലി ചെയ്യുകയാണ് ജയശ്രീയുടെ ഭര്‍ത്താവ്.

മൂത്തമകന്‍ ഹരിഗോവിന്ദ് മുംബൈയില്‍ ഉദ്യോഗസ്ഥനാണ്. ഇളയമകന്‍ ഗൗരി ശങ്കര്‍ കൊച്ചിയില്‍ വിദ്യാര്‍ത്ഥിയാണ്. നല്ലൊരു കര്‍ഷക കൂടിയാണ് ജയശ്രീയെന്ന് നാട്ടുകാര്‍ പറയുന്നു. ഫെയ്‌സ്ബുക്കിലും മറ്റും പങ്കുവയ്ക്കുന്ന ഫോട്ടോകളില്‍ നിന്നും ഇടക്കിടെ ഡല്‍ഹിയില്‍ നിന്നെത്തുന്ന സ്‌നേഹാന്വേഷണങ്ങളില്‍ നിന്നുമൊക്കെ ഡല്‍ഹി യാത്രയുടെ വിവരങ്ങളറിഞ്ഞിരുന്ന ബന്ധുക്കളും കുടുംബാങ്ങളും നാട്ടുകാരുമെല്ലാം ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ്.

Latest