ധര്‍മജന്റെ ഫിഷ് ഹബ്ബ് ഉദ്ഘാടനത്തിന് എത്തുന്നത് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍

സിനിമയെക്കൂടാതെ ബിസിനസ് രംഗത്തേക്ക് കടക്കുകയാണ് ധര്‍മജന്‍. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. ചാക്കോച്ചന് പുറമെ സിനിമാ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ഉദ്ഘാടന ചടങ്ങിന് എത്തും.

സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, നടി മാനസ എന്നിവരാണ് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംരംഭത്തെക്കുറിച്ച് ധര്‍മജന്‍ പറഞ്ഞത്:

സുഹൃത്തേ, ദൈവാനുഗ്രഹത്താല്‍ ഒരു ഫിഷ് ഹബ് തുടങ്ങുകയാണ് കായല്‍ മീനും കടല്‍ മീനും ഏറ്റവും ഇഷ്ടപ്പെടുന്ന നമ്മള്‍ കൊച്ചിക്കാര്‍ക്ക് വേണ്ടി അയ്യപ്പന്‍കോവില്‍ ചന്ദ്രോത്ത് ബില്‍ഡിങില്‍ ഈ വരുന്ന 5 ന് വ്യാഴാഴ്ച കൃത്യം 12 മണിക്ക് ‘ധര്‍മ്മൂസ് ഫിഷ് ഹബ് ‘ തുടക്കം കുറിക്കുകയാണ്. ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹവും സഹകരണവും എനിക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ഞാന്‍ മാത്രമല്ല എനിക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരായ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ സിനിമാ രംഗത്തെ ഒരുപാട് നടീ നടന്മാരും എത്തുന്നുണ്ട്. അവര്‍ക്കൊപ്പം നിങ്ങളുമുണ്ടാവണം. അപ്പൊ ജൂലൈ 5 ന് കാണാം. ധര്‍മ്മൂസ് ഫിഷ് ഹബ് മൊബെല്‍ ഫോണ്‍ വഴിയും ഓര്‍ഡര്‍ ചെയ്യാം.

വിശ്വാസപൂര്‍വ്വം. ടീം ധര്‍മൂസ് ഫിഷ് ഹബ്

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകളാണ് കൊച്ചിയിലെ വില്‍പനശാലകളില്‍ ഏറേയും എത്തുന്നത്. ഇതിനിടെ കൊച്ചിക്കാര്‍ക്ക് നല്ല പിടയ്ക്കുന്ന കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബ് ശൃംഖലയുമായി എത്തുന്നത്.

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്‌ക്കെത്തിക്കും. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും നല്‍കും.

ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.

Top