ദിലീപും മഞ്ജു വാര്യരും നേർക്കുനേർ !…പോരാട്ടം കനക്കും ?

തിരുവനന്തപുരം :ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുകയാണ്.ഇരുവരുടെയും വിവാഹശേഷമോ പിരിഞ്ഞ ശേഷമോ രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാൻ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.താരപോരാട്ടങ്ങൾ മലയാളത്തിൽ ഉണ്ടാകാറുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഏകദേശം ഒരേസമയം തിയറ്ററുകളിലെത്തിയിരുന്നു.എന്നാൽ ഇത് പുതിയ സാഹചര്യമാണ് .

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയും ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം രാമലീലയുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തുന്നത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്റ്റംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാർട്ടിൻ ആണ് നായിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെൻസറിങ് പൂർത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ചിത്രം സെപ്റ്റംബർ 28ന് റിലീസ് ചെയ്യും.കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു.ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.sunia

അതേസമയം ജയിലിലുള്ള ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും. സര്‍ക്കാരിനോട് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇന്നും ജാമ്യഹര്‍ജി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയതാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ തല്‍ക്കാലത്തേക്ക് കാത്തിരിക്കാമെന്നും വിധി വന്ന ശേഷം പുതിയ ഹര്‍ജി നല്‍കാമെന്നുമാണ് അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നത്.

നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്. ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാന്‍ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.

അതേസമയം കേസില്‍ കുറ്റപത്രം വൈകില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10ന് 90 ദിവസം പൂര്‍ത്തിയാവും. അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.അതിനിടെ നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അതൃപ്തി. ഹൈക്കോടതിയെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമര്‍ശിച്ചത് വസ്തുകള്‍ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോര്‍ട്ട്.

Top