ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം ദിലീപ്; നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്? | Daily Indian Herald

ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം ദിലീപ്; നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?

പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്. ആ തീരുമാനം ദിലീപിനെ വീണ്ടും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരിക്കുകയാണ്. ആലുവ പോലീസ് ക്ലബ്ബില്‍ അന്ന് ദിലീപിനെ പതിമൂന്ന് മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്. പിന്നീട് കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് ദിലീപിന്റെ അറസ്റ്റും തുടര്‍സംഭവങ്ങളുമുണ്ടായി. പല ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങുകയും ചെയ്തു. കര്‍ശന ഉപാധികളോടെ ആയിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ളതാണ് ദിലീപിനുള്ള ജാമ്യ ഉപാധികള്‍. ഈ ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവോ എന്നറിയാനാണ് പോലീസ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. എസ് പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായ ചില കാര്യങ്ങളില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും ദിലീപിന്റെ ആശുപത്രി വാസവും അടക്കമുള്ള കാര്യങ്ങളിലാണ് പോലീസ് ദിലീപില്‍ നിന്നും വീണ്ടും വിവരങ്ങള്‍ തേടിയിരിക്കുന്നത്. ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളിലും പോലീസ് വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് പ്രമുഖ നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഈ ദിവസവും അതിനോട് ചേര്‍ന്ന ദിവസങ്ങളിലും താന്‍ പനി മൂലം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് ദിലീപ് പോലീസിന് നല്‍കിയ മൊഴി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ആ സമയത്ത് ദിലീപ് പങ്കെടുത്തിരുന്നു. മാത്രമല്ല, അസുഖബാധിതനെന്ന് അവകാശപ്പെട്ട ദിലീപ് സംഭവ ദിവസം പാതിരാത്രി വരെ ഫോണില്‍ പലരുമായും സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ മൊഴി തെറ്റെന്ന് തെളിയിക്കാന്‍ ആലുവയിലെ ആശുപത്രിയിലും പോലീസ് അന്വേഷണം നടത്തുകയുണ്ടായി. ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്. ആശുപത്രിയിലെ നഴ്‌സുമാരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

ദിലീപിനെ ചികിത്സച്ച ഡോക്ടര്‍ പക്ഷേ പോലീസിന്റെ വാദം തള്ളിക്കൊണ്ട് രംഗത്ത് വരികയുണ്ടായി. വ്യാജ സര്‍ട്ടിഫിക്കറ്റിന് ദിലീപ് ആവശ്യപ്പെട്ടിട്ടില്ലെന്നും നാല് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നുമാണ് ഡോക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ കാര്യങ്ങളിലെല്ലാം പോലീസ് ദിലീപില്‍ നിന്നും വ്യക്തത വരുത്തിയെന്നാണ് അറിയുന്നത്. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേസിലെ പ്രധാന സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി മൊഴി മാറ്റിയത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നും മലക്കം മറിയുന്നതായിരുന്നു ഇയാളുടെ രഹസ്യ മൊഴി. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ഇയാള്‍ മാറ്റിപ്പറഞ്ഞത്. ഈ സാക്ഷിയെ ദിലീപോ ദിലീപിന് വേണ്ടി ബന്ധപ്പെട്ടവരോ സ്വാധീനിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. കാവ്യാ മാധവന്റെ ഡ്രൈവര്‍ ചാര്‍ളിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യവും പോലീസ് ദിലീപിനോട് ചോദ്യം ചെയ്യലിനിടെ ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest
Widgets Magazine