ഡോക്ടര്‍മാരുടെ അനാസ്ഥ; അനസ്തീഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല

തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തീഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല.  കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുതുകില്‍ കുരുവുമായെത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അനസ്തീഷ്യ നല്‍കിയപ്പോള്‍ അനീഷയുടെ കൈ തടിച്ചു വീര്‍ക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് വക വെയ്ക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി. ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍, ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് അനീഷയെ തൃശ്ശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.

അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. അനസ്തീഷ്യ നല്‍കിയതിലോ ശസ്ത്രക്രിയ നടത്തിയതിലോ പിഴവുണ്ടായിട്ടില്ലെന്നും എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest
Widgets Magazine