ഡ്യൂക്ക് അത്ര കുഴപ്പക്കാരനല്ല: പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും..!

സ്വന്തം ലേഖകൻ

കൊച്ചി: കേരത്തിലെ നിരത്തുകളിലെ വില്ല്‌ന് ഇപ്പോൾ മറ്റൊരു പേരുണ്ട്.. – ഡ്യൂക്ക്..! ഡ്യൂക്ക് കേരളത്തിൽ വിൽപന ആരംഭിച്ച കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇതുവരെ ഈ ബൈക്കിന്റെ അപകടത്തിൽ മാത്രം മരിച്ച് അറുപതു യുവാക്കളാണെന്നാണ് റിപ്പോർട്ട്. ആളെ കൊല്ലി എന്ന പേര് കേട്ട ഈ ബൈക്ക് സൂക്ഷിച്ച് ഓടിച്ചാൽ അത്ര കുഴപ്പക്കാരനല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനി അധികൃതർ നൽകുന്ന വിശദീകരണവും, വിദഗ്ധർ നൽകുന്ന മറുപടിയും അപകട സാധ്യതയില്ലെന്നു തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓസ്ട്രിയൻ കമ്പനി കെടിഎമ്മിന്റെ ബൈക്കുകൾക്ക് ആളെ കൊല്ലി എന്നൊരു ദുഷ്‌പേരുണ്ട്. എന്നാൽ കെടിഎം ബൈക്കുകൾ കുഴപ്പക്കാരല്ലെന്നതാണ് യാഥാർഥ്യം. ഏറെ സുരക്ഷിതമായ ഒന്നാന്തരം പെർഫോമൻസ് ബൈക്കുകളാണവ. പിന്നെ പേരുദോഷമുണ്ടായത് എങ്ങനെയെന്നല്ലേ? യമഹ ആർഎക്‌സ്! 100 നും ബജാജ് പൾസറിനുമൊക്കെ തുടക്കത്തിൽ അപകടമുണ്ടാക്കുന്ന ബൈക്ക് എന്ന ചീത്തപ്പേരുണ്ടായിരുന്നു. ആദ്യമായി ബൈക്ക് വാങ്ങുന്നവർപോലും ഈ പെർഫോമൻസ് കൂടിയ ഈ ബൈക്കുകൾ തിരഞ്ഞെടുത്തപ്പോൾ അപകടം ഉണ്ടായില്ലെങ്കിലല്ലേയുള്ളൂ അത്ഭുതം.

ഓട്ടോറിക്ഷ ഓടിച്ചുള്ള പരിചയം വച്ച് ജെസിബി ഓടിക്കാൻ പറ്റില്ല എന്നതുപോലെ തന്നെയാണ് കെടിഎം ബൈക്കുകളുടെയും കാര്യം. ബജാജ് എം 80 ഓടിച്ച് ടൂവീലർ ലൈസൻസും നേടി 100 സിസി ബൈക്ക് ഉപയോഗിച്ചവർ പെട്ടെന്ന് പെർഫോമൻസ് കൂടിയ ഇത്തരം ബൈക്കുകൾ ഉപയോഗിക്കുമ്പോൾ അപകടമുണ്ടാകുക സ്വഭാവികം മാത്രം. അതുകൊണ്ടുതന്നെ 150 സിസി ബൈക്കുകൾ രണ്ട് വർഷമെങ്കിലും ഉപയോഗിച്ച് പരിചയിച്ചശേഷം മാത്രമേ കെടിഎമ്മിന്റെ സ്‌പോർട് ബൈക്കിൽ കൈവയ്ക്കാവൂ.

ബൈക്ക് എടുത്ത് ആദ്യ ഒരു മാസക്കാലം തിരക്ക് കുറഞ്ഞ റോഡിലൂടെ ഹ്രസ്വദൂര യാത്രകൾ മാത്രം നടത്തുക. ഇത് ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാൻ സഹായിക്കും.

റേസിങ് ബൈക്കുകളുടെ നിർമാണത്തിൽ അഗ്രഗണ്യരായ കെടിഎമ്മിന്റെ മോഡലുകൾക്ക് പെർഫോമൻസ് ഒരുപടി മുന്നിലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കെടിഎം ബൈക്കുകൾക്ക്. ആർസി 390 , ഡ്യൂക്ക് 390 മോഡലുകളുടെ ആക്‌സിലറേഷൻ 250 ബിഎച്ച്പി എൻജിനുള്ള കാറിന് സമാനമാണ്. അതു മനസിലാക്കി വേണം ആ ബൈക്ക് ഓടിക്കാൻ . എൻജിൻ വേഗം 5,000 ആർപിഎം കഴിയുമ്പോഴുള്ള ബൈക്കിന്റെ തകർപ്പൻ പെർഫോമൻസ് അനുഭവിക്കുമ്പോൾ വേഗം അമിതമായി കൂട്ടാനുള്ള ത്വര അറിയാതെ മനസിൽ തോന്നും. അത് ട്രാഫിക് കൂടുതലുള്ള റോഡിൽ അടക്കിവയ്ക്കാനുള്ള പക്വത ആർജിക്കുക.

റോഡിലെ വളവുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പാകപ്പിഴയാണ് പലപ്പോഴും കെടിഎം ബൈക്ക് ഓടിക്കുന്നവരെ അപകടത്തിൽ പെടുത്തുന്നത്. വളവിന് അടുത്തെത്തും മുമ്പ് തന്നെ ഗീയർ ഡൗൺ ചെയ്തും ബ്രേക്ക് പ്രയോഗിച്ചും വേഗം നിയന്ത്രിക്കുക. വളവിൽ വച്ച് രണ്ടോ മൂന്നോ ഗീയറുകൾ ഒരുമിച്ച് ഡൗൺ ചെയ്താൽ എൻജിൻ ബ്രേക്കിങ് മൂലം പിന്നിലെ വീൽ ലോക്ക് ആയി ബൈക്കിന്റെ നിയന്ത്രണം അപകടത്തിലാക്കും. വളവ് വീശി തുടങ്ങിയശേഷം ബ്രേക്ക് പ്രയോഗിക്കുന്നതും ബൈക്കിന്റെ നിയന്ത്രണം കുറയ്ക്കും.

നല്ല ടാർ റോഡുകൾക്കാണ് കെടിഎം ബൈക്കുകളുടെ ടയർ ഇണങ്ങുക. മണലും ചെളിയുമൊക്കെ കൈകാര്യം ചെയ്യാവുന്ന വിധത്തിലല്ല ടയറുകളുടെ ത്രെഡ് പാറ്റേൺ . അതുകൊണ്ടുതന്നെ മോശമായ പ്രതലത്തിൽ കെടിഎം ബൈക്കുകൾ തെന്നിമറിയാനുള്ള സാധ്യത കൂടുതലുണ്ട്.

പെർഫോമൻസ് ബൈക്കുകൾ റൈഡർക്ക് പ്രധാന്യം നൽകി നിർമിച്ചവയാണ്. പിന്നിലെ സീറ്റ് അൽപ്പം ഉയർത്തി ഉറപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് ബ്രേക്കിട്ടാലും വേഗമെടുത്താലും പിൻ യാത്രക്കാരൻ തെറിച്ച് റോഡിൽ വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പിന്നിലിരിക്കുന്നവരും നിലവാരം കൂടിയ ഹെൽമെറ്റ് ധരിച്ചിരിക്കണം. ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാൻ കഴിവുള്ളവരെ മാത്രം പിന്നിൽ കയറ്റുക. വളവുതിരിയുമ്പോഴും വേഗമെടുക്കുമ്പോഴുമൊക്കെ പിൻ സീറ്റിലിരിക്കുന്നവരുടെ ചെറു ചലനങ്ങൾ പോലും ബൈക്കിന്റെ ബാലൻസ് തെറ്റിച്ച് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. റൈഡറെക്കാൾ ഭാരം കൂടിയ ആളെ പിന്നിൽ കയറ്റാതിരിക്കുന്നതാണ് ഉത്തമം.

സമാനഗണത്തിലുള്ള ബൈക്ക് ഉപയോഗിച്ച് പരിചയമില്ലാത്ത സുഹൃത്തുക്കൾക്ക് യാതൊരു കാരണവശാലും കെടിഎം ബൈക്കുകൾ ഓടിക്കാൻ കൊടുക്കരുത്. അങ്ങനെ ചെയ്താൽ ബൈക്കിനെയും കൂട്ടുകാരനെയും ഒന്നിച്ച് നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

Top