ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ; വ്യവസായ വകുപ്പ് നല്‍കാനും തീരുമാനം

തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ. ജയരാജന് വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായി.  ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും ധാരണയായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും. സിപിഎമ്മിന് ഒരു മന്ത്രിയെ കൂടുതൽ ലഭിക്കുമ്പോൾ സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും.

ഇക്കാര്യത്തിൽ സിപിഐഎം– സിപിഐ നേതൃത്വങ്ങൾ ധാരണയിലെത്തിയതോടെയാണ് അടിയന്തര സിപിഐഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ്. മുഖ്യമന്ത്രിയുടെ ചികിത്സയും അതിനു ശേഷം വേണ്ടിവരുന്ന വിശ്രമവും കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏല്‍പിക്കേണ്ടതുണ്ട്. ഇപ്പോള്‍ മന്ത്രിസഭയില്‍ തോമസ് ഐസക്കും എ.കെ ബാലനുമാണ് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. അതില്‍ തോമസ് ഐസക്കാണ് സീനിയര്‍ .

തോമസ് ഐസക്കിനെ പകരം ചുമതല ഏല്‍പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ഐസക്കിനെ മറികടന്ന് ബാലന് പകരം ചുമതല നല്‍കുന്നതും ശരിയല്ല. ഇതു കൂടി കണക്കിലെടുത്താണ് ഇവരേക്കാള്‍ സീനിയറായ കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവന്ന് മുഖ്യമന്ത്രി അവധിയില്‍ പോകുമ്പോള്‍ പകരം ചുമതല നല്‍കാന്‍ സിപിഐഎം നേതൃത്വം ആലോചിക്കുന്നത്. ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്താന്‍ സിപിഐഎമ്മില്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കര്‍ക്കിടകം അവസാനിച്ചിട്ടുമതി എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ മാസം പതിനേഴിനോ, പതിനെട്ടിനോ സത്യപ്രതിജ്ഞയെന്ന ധാരണയിലെത്തിയത്.

ചിങ്ങം ഒന്നായ പതിനേഴ് കണക്കാക്കി ഒരുക്കങ്ങള്‍ നടത്താനുള്ള നിര്‍ദേശം സിപിഐഎം നേതൃത്വം നല്‍കിക്കഴിഞ്ഞു. ജയരാജന്‍കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. ഇപി ജയരാജന്റെ മടക്കത്തില്‍ നേരത്തെ ഉടക്കിട്ടത് സിപിഐയായിരുന്നു. നിലവിലുള്ള സിപിഎം മന്ത്രിമാരെ മാറ്റാതെ ജയരാജനെ കൊണ്ടു വന്നാല്‍ സിപിഐക്കും പുതിയ മന്ത്രിവേണം എന്നതായിരുന്നു അവരുടെ ആവശ്യം. ജയരാജന്റെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയിരുന്നു. അതേസമയം ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ധാര്‍മികമായി ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Latest
Widgets Magazine