ഭൂചലനം കുവൈത്തിലും ഇറാനിലും :141 മരണം

ബിജു കല്ലേലിഭാഗം 

കുവൈറ്റ് : ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ശക്തമായ ഭൂചലനം.  രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെയും വിറപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂചലനത്തില്‍ ഇറാനില്‍  135 പേരും ഇറാഖില്‍ 6 പേരും കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഇറാനിൽ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇറാന്റെയും ഇറാഖിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.

മൂന്നു മിനിറ്റോളം പ്രകമ്പനം നീണ്ടു നിന്നതായി ജനങ്ങള്‍ പറഞ്ഞു.കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. വീടുകളുടെ ജനല്‍ ചില്ലുകള്‍ തകരുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തിറങ്ങി.

തുടർന്ന് ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി റോഡിൽ നിന്നു.  സമൂഹമാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമാണ്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിെൻറ അനുരണനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

കുവൈത്തില്‍ ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്. യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു, ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അപകട വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് മേധാവി പിർ ഹുസൈൻ കൂലിവൻഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോർടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആർഐഎൻഎന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നിട്ടുമുണ്ട്.

മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്.

2003ൽ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തിൽ 31,000 പേരാണു കൊല്ലപ്പെട്ടത്. പിന്നീട് 2005ൽ 600 പേരും 2012ൽ 300 പേരും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു.

സൗദിയിലും ഭൂചലനം

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനം സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും  അനുഭവപ്പെട്ടു. സൗദിയുടെ കിഴക്കൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിൽ ഉനൈസ, ബുറൈദ, ഹഫർ ബാത്തിന്‍, ഹായിൽ, അൽജൗഫ്, സകാക്ക, എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി ഒൻപതരക്കാണ് സംഭവം. പരിഭ്രാന്തരായ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. സകാക്കയിൽ ഏവരെയും പരിഭ്രാന്തരാക്കുന്ന തരത്തിൽ ഭൂചലനം അനുഭവപ്പെട്ടു.ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഡിഫൻസ് അധികൃതർ അറിയിച്ചു.

Top