മാന്ദ്യം മാറ്റാനും തൊഴിലുണ്ടാക്കാനും സര്‍ക്കാര്‍ 50,000 കോടി ചെലവഴിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം കോടി ചെലവഴിക്കാനൊരുങ്ങുന്നു. ധന കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ സമ്പദ്രംഗം മാന്ദ്യത്തിലേയ്ക്കു നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.സാമ്പത്തിക വളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു യോഗം നടന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ ജയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ മറ്റു വകുപ്പുകളുമായും ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് നരേന്ദ്ര മോദിയുമായി ആലോചിച്ച ശേഷം സാമ്പത്തിക നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് ജയ്റ്റ്‌ലി പറഞ്ഞത്.
അതേസമയം, പെട്രോള്‍-ഡീസല്‍ നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുനിക്ഷേപം കൂട്ടാന്‍ എക്സൈസ് തീരുവയുടെ വര്‍ധന അനിവാര്യമാണെന്നും എണ്ണവില വര്‍ധന നേരിടാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഎസ്ടി ചതിച്ചു

ജിഎസ്ടി നികുതി വരുമാനം കൂട്ടുമെന്നു കരുതിയെങ്കിലും അതു നടക്കുന്ന മട്ടില്ല. ജൂലൈയിലെ വ്യാപാരത്തിനു സമർപ്പിച്ച കണക്കനുസരിച്ചു 95,000 കോടി രൂപ നികുതിയാണു ലഭിക്കേണ്ടത്. പക്ഷേ, ജൂലൈക്കു മുന്പു വാങ്ങിയ സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആയി 65,000 കോടി രൂപയാണു ഫാക്ടറികളും വ്യാപാരികളും കൂടി ചോദിച്ചിരിക്കുന്നത്. പരോക്ഷ നികുതിപിരിവ് മൊത്തം 1.2 ലക്ഷം കോടിരൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഐടിസി മുഴുവൻ അനുവദിച്ചാൽ 30,000 കോടി രൂപയേ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൂടി കിട്ടൂ.

ജൂലൈയിലേക്കാൾ മോശമാകാം ഓഗസ്റ്റിലെ നികുതി. ബുധനാഴ്ച രാത്രിയായിരുന്നു ഓഗസ്റ്റിലെ വ്യാപാരത്തിന്‍റെ റിട്ടേൺ സമർപ്പിക്കേണ്ട സമയം. അതവസാനിച്ചപ്പോൾ സമർപ്പിച്ച റിട്ടേൺ 29.6 ലക്ഷം മാത്രം. തലേ മാസം സമർപ്പിച്ചത് 32 ലക്ഷമാണ്. ര ണ്ടര ലക്ഷം റിട്ടേണുകൾ കുറവ്.

വരവിൽ തിരിച്ചടി

ബജറ്റിൽ പ്രതീക്ഷിച്ച പല വരുമാനവും കുറയുകയാണ്. റിസർവ് ബാങ്കിൽനിന്നു പ്രതീക്ഷിച്ചതിൽ പകുതിയേ ലാഭവീതം കിട്ടിയുള്ളൂ. പൊതുമേഖലാ ബാങ്കുകളും പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. പകരം 25,000 കോടി രൂപകൂടി അവയ്ക്കു മൂലധനത്തിനായി വേണം.

കയറ്റുമതിക്കാർക്കു ജിഎസ്ടിയും തിരിച്ചടിയായി. നികുതി അടച്ചിട്ടേ കയറ്റുമതി പറ്റൂ. അടച്ച നികുതി തിരിച്ചുകിട്ടും. പക്ഷേ അതിനു മാസങ്ങളെടുക്കും. ഇതു സ്ഥാപനങ്ങളുടെ പ്രവർത്തനമൂലധനച്ചെലവ് പല മടങ്ങായി വർധിപ്പിച്ചു. ഉത്തേജകപദ്ധതിയെപ്പറ്റി ഗവൺമെന്‍റിൽ രണ്ടു ചിന്താഗതിയുണ്ട്. ധനകമ്മി ലക്ഷ്യം തെറ്റിക്കരുതെന്ന് ഒരുപക്ഷം. കമ്മിലക്ഷ്യം മാറ്റിവച്ച് വളർച്ചയും തൊഴിലും ഉണ്ടാക്കണമെന്നു മറുപക്ഷം.

 

മൻമോഹന്‍റെ വഴി

2008ൽ അമേരിക്കയിലാരംഭിച്ചു ലോകമെങ്ങും പടർന്ന സാന്പത്തികമാന്ദ്യത്തിൽ ഇന്ത്യ പിടിച്ചുനിന്നതു ഡോ. മൻമോഹൻസിംഗിന്‍റെ സർക്കാർ ഉത്തേജകപദ്ധതി നടപ്പാക്കിയതു വഴിയാണ്്. രണ്ടു ഘടകങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്ന് നികുതി കുറയ്ക്കൽ. രണ്ട് ചെലവ് കൂട്ടൽ.

എക്സൈസ് ഡ്യൂട്ടി നിരക്കുകൾ നാലു ശതമാനം വീതം കുറച്ചു. നാലു മാസത്തേക്കു സർക്കാരിന് 8700 കോടി രൂപ നഷ്ടം വരുത്തുന്നതായിരുന്നു അത്. കാർ, സിമന്‍റ്, തുണി തുടങ്ങിയവയ്ക്കെല്ലാം വില കുറഞ്ഞു. അത് അവയുടെ വില്പനയും ഉത്പാദനവും അനുബന്ധ തൊഴിലും കൂട്ടി. അടിസ്ഥാന സൗകര്യമേഖലയിലും കയറ്റുമതിയിലും വലിയ തുകമുടക്കി. അത് ഉത്പാദനവും തൊഴിലും വർധിപ്പിച്ചു. മൊത്തം 30,000 കോടി രൂപ പ്രഖ്യാപിച്ച ഉത്തേജകപദ്ധതി ഒടുവിൽ 40,000 കോടിയുടേതായി. ബജറ്റിലെ കമ്മി ലക്ഷ്യംപാളി. പക്ഷേ രാജ്യം രക്ഷപ്പെട്ടു.ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ മൻമോഹന്‍റെ വഴിയേ വരാൻ നിർബന്ധിതമായി. അന്നു വിദേശസംഭവഗതികളുടെ പേരിലായിരുന്നെങ്കിൽ ഇന്നു സ്വയംകൃതാനർഥം എന്ന വ്യത്യാസം മാത്രം.

രാജി അഭ്യൂഹം

കേന്ദ്രഗവൺമെന്‍റിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യൻ രാജിവച്ചതായ കിംവദന്തി ഇന്നലെ പരന്നു. രാജിവച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ കാലാവധി നീട്ടാൻ ആലോചിക്കുകയാണെന്നും ധനമന്ത്രാലയം വിശദീകരിക്കേണ്ടിവന്നു.

ഉത്തേജക പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്

* കയറ്റുമതി പ്രോത്സാഹനം. ജിഎസ്ടി അടച്ച തുക നേരത്തേ തിരിച്ചുകൊടുക്കും.

* ഇടത്തരം – ചെറുകിട – സൂക്ഷ്മ വ്യവസായങ്ങൾക്കു പലിശ സബ്സിഡി.

*ധനകമ്മി ലക്ഷ്യം മാറ്റി പ്രഖ്യാപിക്കും. ജിഡിപിയുടെ 3.2 ശതമാനമായിരുന്നു ബജറ്റിലെ ലക്ഷ്യം. അത് 3.7 ശതമാനമെങ്കിലുമാക്കും.

*പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം. ഇതു കൂടുതൽ വായ്പ നല്കാൻ ബാങ്കുകളെ സഹായിക്കും.

Top