ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി രാജിവെപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞിട്ട് ഗേറ്റ് പൂട്ടി

കുമളി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി രാജിവെപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞിട്ട് ഗേറ്റ് പൂട്ടി.

മലങ്കര കത്തോലിക്കാ സഭയുടെ കീഴില്‍ കുമളി ഒന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സഹ്യജ്യോതി കോളേജിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

വ്യാഴാഴ്ച നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥിനിയായ ബുള്‍ബുള്‍ റോയി എതിരില്ലാതെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫീസ് കുടിശ്ശികയായതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിയും എസ്.എഫ്.ഐയുടെ പ്രതിനിധിയുമായിരുന്ന ജിതിന്റെ നോമിനേഷന്‍ തള്ളിപ്പോയതോടെയാണ് ബുള്‍ബുള്‍ റോയി തെരഞ്ഞെടുക്കപ്പെട്ടത്. അപ്പോള്‍ തന്നെ ബുള്‍ബുള്‍ റോയി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് എസ്.എഫ്.ഐക്കാര്‍ ബുള്‍ബുള്‍ റോയിയെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് രാജിവെക്കാന്‍ തയ്യാറായത്.

തുടര്‍ന്ന് സ്ഥാനാര്‍ഥി പോലും അല്ലാതിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്രവര്‍ത്തകനായ ജിഷ്ണുവിനെ കോളേജ് ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.sfi-dih

ഭീഷണിപ്പെടുത്തി രാജിവെച്ചതറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ബുള്‍ബുള്‍ റോയിയുമായി കോളേജ് പരിസരത്ത് സംസാരിച്ചു നല്‍കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. കൂടാതെ ഇവര്‍ കോളേജ് ഗേറ്റ് പൂട്ടി മാധ്യമ പ്രവര്‍ത്തകരെ ബലമായി കാമ്പസിന് പുറത്തേയ്ക്ക് ഇറക്കി വിടുകയായിരുന്നു.

ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ കോളേജ് ചെയര്‍മാന്‍ ജിഷ്ണു ബുള്‍ബുള്‍ റോയിയുടെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചു വാങ്ങി.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാധ്യമ പ്രര്‍ത്തകര്‍ക്ക് നേരേ കൈയ്യേറ്റ ശ്രമം നടത്തുമ്പോഴും മാനേജര്‍ ഫിലിപ്പ് വട്ടമറ്റം ഉള്‍പ്പെടെയുള്ള കോളേജ് അധികൃതര്‍ നോക്കി നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയ സംഭവങ്ങള്‍ നശിപ്പിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ പുറത്തിറക്കുകയുള്ളൂവെന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്.

പിന്നീട് പോലീസ് എത്തി മാധ്യമ പ്രവര്‍ത്തകരും കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചത്.

മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികളില്‍ പലരും മദ്യലഹരിയില്‍ ആയിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തി രാജി വെപ്പിച്ചതും തന്റെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി പരസ്യമായി അപമാനിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച് വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ബുള്‍ബുള്‍ റോയി പറഞ്ഞു.

Latest