കേരളക്കാര്‍ കാഞ്ചന മാലയെയും മൊയ്തീനെയും ഏറ്റെടുത്തു. ജോര്‍ജ്ജും മലരും ഔട്ട്!പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!

കേരളക്കാര്‍ കാഞ്ചന മാലയെയും മൊയ്തീനെയും ഏറ്റെടുത്തു. ജോര്‍ജ്ജും മലരും ഔട്ടായി.കേരളക്കാര്‍ കാഞ്ചന മാലയെയും മൊയ്തീനെയും ഏറ്റെടുത്തു കഴിഞ്ഞു. ഇത് വെറുമൊരു കഥയല്ല. ജീവിതമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ മൊയ്തീനും കാഞ്ചനമാലയുമാണ് .പ്രേമം എന്ന വികാരത്തെ ആസ്പദമാക്കി മൂന്ന് പ്രേമം പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തെയും, പ്രേമമെന്ന അതേ വികാരത്തെ ആസ്പദമാക്കി ഒരൊറ്റ പ്രണയ കഥമാത്രം മറഞ്ഞ ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെയും തമ്മില്‍ താരതമ്യം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയ.

പ്രണയത്തിന്റെ പേമാരിക്കും വിരഹത്തിന്റെ കുത്തൊഴുക്കിനും ശേഷം സിനിമ വിട്ടിറങ്ങുമ്പോള്‍ മനസ്സ് വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടേയിരുന്നു, ‘മൊയ്തീന്‍… കാഞ്ചന കാത്തിരിക്കുന്നു…’ കൊട്ടകയുടെ ഇരുട്ടില്‍ നിന്നുമിറങ്ങിവരുമ്പോള്‍ കാലത്തിന്റെ വെളിച്ചം മങ്ങിച്ച മൊയ്തീന്റെയും കാഞ്ചനയുടെയും പ്രതീക്ഷകള്‍ ഒരു നൊമ്പരമായി പ്രേക്ഷകരുടേതുകൂടിയായി മാറുന്നു. അതുതന്നെയാണ് ഈ സിനിമയെപ്പറ്റി ആദ്യമായി പറയാനുള്ള കൈര്യവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊയ്തീനും കാഞ്ചനയും പ്രണയിച്ചു. പ്രണയിക്കുക മാത്രം ചെയ്തു. മറ്റൊന്നും അവര്‍ക്കു മുന്നില്‍ തടസ്സമായില്ല. മിക്കപ്പോഴും അവിഹിതബന്ധങ്ങളുടെ കൊട്ടിഘോഷിക്കലുകളായ ഇന്നത്തെ മലയാളസിനിമയ്ക്ക് ഒരു പക്ഷേ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും കോഴിക്കോട്ടെ മുക്കത്തു നടന്ന ഈ യഥാര്‍ത്ഥ പ്രണയ ജീവിതത്തെ. പക്ഷേ അവര്‍ക്കു തെളിവായി ഇന്നും മൊയ്തീന്റെ കാഞ്ചന ജീവിച്ചിരിപ്പുണ്ടവിടെ. താന്‍ കേട്ടറിഞ്ഞ തന്റെ ജ്യേഷ്ഠന്റെ കഥ എന്ന് സിനിമയെപ്പറ്റി മൊയ്തീന്റെ അനുജനായ ബി.പി. റഷീദ് പറയുന്നതായി തുടക്കത്തില്‍ എഴുതിക്കാട്ടുന്നുണ്ട്.

രണ്ടു മതങ്ങളില്‍ പെട്ടവര്‍ സ്‌നേഹിക്കുകയും, ഒരുമിക്കുകയോ, പിരിയുകയോ ചെയ്യുന്നതുമായ സിനിമകള്‍ സുലഭമാണ് മലയാള ഭാഷയില്‍. എന്നാല്‍ അതിഭാവുകത്വ കല്‍പ്പനകള്‍ക്കപ്പുറം ആത്മാര്‍ത്ഥപ്രണയത്തിന്റെ ആഴവും പരപ്പും പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ ഗണത്തിലിറങ്ങിയ മിക്ക സിനിമകള്‍ക്കും കഴിഞ്ഞിരുന്നില്ല. പക്ഷേ 2 മണിക്കൂറും 47 മിനിറ്റും നീളമുള്ള ‘എന്ന് നിന്റെ മൊയ്തീന്‍’ കണ്ടിറങ്ങുമ്പോള്‍ ഒരു വിങ്ങല്‍ പ്രേക്ഷകമനസ്സില്‍ തളം കെട്ടിക്കിടക്കും. അവിടെയാണ് ആര്‍.എസ്. വിമല്‍ എന്ന നവാഗത സംവിധായകന്റെ വിജയം.

moideen kanchana-3

സിനിമകള്‍ കല്‍പ്പിത കഥകളാണെന്നിരിക്കെ അതിഭാവുകത്വങ്ങള്‍ സാധാരണമാണ്. ‘എന്ന് നിന്റെ മൊയ്തീനും’ കച്ചവടം ഉദ്ദേശ്യം വച്ചുകൊണ്ടുള്ള ഇത്തരം അതിഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുതന്നെയുള്ള ആഖ്യാനരീതിയാണ് അവലംബിച്ചിട്ടുള്ളത്. എന്നാല്‍ സംഭവകഥയുടെ ആവിഷ്‌കാരമായിരുന്നിട്ടും ആ അതിഭാവുകത്വങ്ങള്‍ പ്രേക്ഷകരുടെ ആസ്വദനപരതയെ ഒട്ടും കുറയ്ക്കുന്നില്ല.

മുസ് ലിമും ഹിന്ദുവും തമ്മില്‍ പ്രണയിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രതിബന്ധങ്ങളെയും കാഞ്ചനമാലയും മൊയ്തീനും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ആ പ്രതിബന്ധങ്ങളുടെ പഴഞ്ചന്‍ വിവരണങ്ങളില്‍ നിന്നു മാറിനിന്ന് അവരുടെ പ്രണയത്തിന്റെ ആഴത്തെയും തീവ്രതയെയുമാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. വൈദഗ്ദ്ധ്യമാര്‍ന്ന തിരക്കഥയുടെയും സംവിധാനത്തിന്റെയും ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവയുടെയുമെല്ലാം മികച്ച സമ്മിശ്രണത്തിന്റെയും ഇതിനെല്ലാം പുറമെ അഭിനേതാക്കളുടെ ഒന്നാംതരം പ്രകനത്തിന്റെയും സഹായത്തോടെ പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന വിരലിലെണ്ണാവുന്ന മലയാളസിനിമകളില്‍ പ്രധാനപ്പെട്ടതുമാകുന്നു ‘എന്ന് നിന്റെ മൊയ്തീന്‍.’

പ്രണയത്തിന്റെ വൈകാരികതയെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മലയാളസിനിമ ശീലിച്ചിട്ടുള്ള ചിത്രീകരണ വിദ്യ, പ്രണയികള്‍ തമ്മിലുള്ള ആലിംഗനമോ ചുംബനമോ ഒക്കെയാണ്. ഒരു പടി കൂടി കടന്ന് കിടക്കയിലെ ചുളിവുകളിലേക്കും പ്രണയത്തെ ഒതുക്കിനിര്‍ത്തിയിട്ടുണ്ട് നമ്മുടെ സിനിമകള്‍. എന്നാല്‍ ഇതിനെയെല്ലാം മൊയ്തീനും കാഞ്ചനയും നിരാകരിക്കുന്നു. അതിനുമെല്ലാം അപ്പുറമാണ് പ്രണയം എന്നു കാട്ടിത്തരികയും ചെയ്യുന്നു.

അത് പലയിടങ്ങളിലും സംഭാഷണങ്ങളായും ദൃശ്യങ്ങളായും ആവര്‍ത്തിച്ചു വിശദമാക്കുന്നുമുണ്ട് സംവിധായകന്‍. മൊയ്തീനും കാഞ്ചനയും അടുത്തടുത്തിരിക്കുമ്പോള്‍ പരസ്പരം കൈവിരലുകള്‍ പോലും സ്പര്‍ശിക്കുന്നില്ല. മറ്റൊരവസരത്തില്‍ ‘അത്രയ്ക്ക് മൊഞ്ചാണോ ഇങ്ങളെ കാഞ്ചനയ്ക്ക്’ എന്ന ചോദ്യത്തിനെ, മൊയ്തീന്‍ എതിരിടുന്നത് ‘മൊഞ്ച് അവള്‍ടെ ഖല്‍ബിലാ’ എന്നു പറഞ്ഞുകൊണ്ടാണ്. മലയാളസിനിമയില്‍ പൊതുവായി നിലകൊള്ളുന്ന സൗന്ദര്യ, ലൈംഗിക ചോദനകളുള്‍പ്പേറുന്ന പ്രണയസങ്കല്‍പ്പത്തെയാണ് മൊയ്തീന്റെ ഈ ഉത്തരം നിഷ് പ്രഭമാക്കുന്നത്.

മറ്റൊരു രംഗത്തില്‍ കുറേക്കാലത്തിനു ശേഷവും പരസ്പരം കാത്തിരിക്കുന്ന മൊയ്തീനും കാഞ്ചനയും കണ്ടുമുട്ടുമ്പോള്‍ മൊയ്തീന്‍ ചോദിക്കുന്നു, ‘എനിക്ക് എന്തെങ്കിലും മാറ്റമുണ്ടോ?’ കാഞ്ചനയുടെ മറുപടി ‘ഇല്ല’ എന്നാണ്. ഇതേ ചോദ്യം തിരികെ മൊയ്തീനോടാകുമ്പോള്‍ ഒരു മാറ്റവുമില്ല എന്ന അര്‍ത്ഥത്തില്‍, സരസമായി ‘എവിടെ’ എന്നാണ് ഉത്തരം. ഈ സംഭാഷണം തീര്‍ച്ചയായും കാലം ശരീരത്തില്‍ വരുത്തിയ മാറ്റത്തെയല്ല, കാലത്തിനുപോലും തോല്‍പ്പിക്കാനാകാതെ കരുത്താര്‍ജ്ജിച്ച പ്രണയത്തിനു വല്ല മാറ്റവുമുണ്ടായോ എന്ന അന്വേഷണത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ആന്തരികാര്‍ത്ഥപ്രധാനമായ സംഭാഷണങ്ങളെയും തന്മയത്വത്തോടെ പ്രയോഗിച്ചിരിക്കുന്നു തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍.

1957 മുതല്‍ 77 രെയുള്ള കാലഘട്ടത്തിലാണ് മൊയ്തീനും കാഞ്ചനയും പ്രണയത്തിലൂടെ നമ്മെ കൊതിപ്പിക്കുന്നത്. പ്രണയത്തോടൊപ്പം ഇക്കാലത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. കോഴിക്കോടിന്റെ ഫുട്‌ബോള്‍ ഭ്രാന്തും ഇടയ്ക്കിടെ വന്നു ഗോളടിക്കുന്നു.

moideen-kanchana-1

സിനിമയില്‍ വില്ലന്‍ എന്ന് പേരിനു പറയാന്‍ ഒരാളുണ്ടെങ്കിലും മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിനുമുന്നില്‍ മുട്ടുമടക്കുന്നിടത്ത് ആ വില്ലത്തരവും അവസാനിക്കുന്നുണ്ട്. അതേസമയം വില്ലന്റെ പ്രണയം പൊള്ളത്തരവും നായകന്റെ പ്രണയം ആത്മാര്‍ത്ഥവുമാകുന്ന സ്ഥിരം ശൈലിയെയും മൊയ്തീന്‍ കൂട്ടുപിടിക്കുന്നില്ല. അതുകൊണ്ടാണ് കാഞ്ചനയുടെ മുറച്ചെറുക്കനായ അപ്പുവും മൊയ്തീനും ഒരേസമയം കാഞ്ചനയെ ആത്മാര്‍ത്ഥമായിത്തന്നെ സ്‌നേഹിക്കുന്നത്. പ്രണയം എന്നാല്‍ ആത്മാര്‍ത്ഥമാണ്, സത്യമാണ്. അല്ലാത്തതൊന്നും പ്രണയമെന്ന വാക്കിനാല്‍ വിളിക്കപ്പെടാന്‍ അര്‍ഹമല്ല എന്നതാണ് സിനിമയുടെ രാഷ്ട്രീയം.

ചിത്രത്തിന്റെ പിന്നാമ്പുറത്തേക്കു കടക്കുമ്പോള്‍ ആര്‍.എസ്. വിമലിന്റെ സംവിധാനത്തെ തന്നെയാണ് എടുത്തു പറയേണ്ടത്; ഒന്നാന്തരം. ഒപ്പം ജോമോന്‍.ടി.ജോണിന്റെ ക്യാമറയും സിനിമയ്ക്ക് കാവ്യാത്മക ഭംഗികൈവരുത്തുന്നതില്‍ നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. പ്രണയം എന്ന വികാരത്തെ പ്രേക്ഷകരിലേക്ക് ഒഴുക്കിയിറക്കുന്നതില്‍ റഫീക്ക് അഹമ്മദിന്റെയും ചങ്ങമ്പുഴയുടെയും വരികളും അവയ്ക്ക് എം. ജയചന്ദ്രനും രമേഷ് നാരായണനും ഒരുക്കിയ സംഗീതവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗോപിസുന്ദര്‍ പശ്ചാത്തലസംഗീത മികവ് ആവര്‍ത്തിച്ചിരിക്കുന്നു. സ്ലോ മോഷന്റെ കൃത്യമായ ഉപയോഗം എഡിറ്ററെയും പ്രശംസയ്ക്ക് അര്‍ഹനാക്കുന്നു. 1950കളിലെയും 60,70കളിലെയുമെല്ലാം പശ്ചാത്തലമൊരുക്കി കലാസംവിധായകനും കയ്യടി നേടുന്നുണ്ട്.

അഭിനേതാക്കളില്‍ പൃഥ്വിരാജും പാര്‍വ്വതി മേനോനും മത്സരിച്ചഭിനയിച്ചുകൊണ്ട് പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറുകയാണ്. വൈകാരികതയും അതിവൈകാരികതയുമെല്ലാം പാര്‍വ്വതിയുടെ ഭാവഭദ്രതയില്‍ മികച്ചു നില്‍ക്കുന്നു. മലയാളത്തിലെ യുവഅഭിനേത്രിമാരില്‍ കഥാപാത്രങ്ങള്‍ക്ക്‌ ഏറ്റവും മിഴിവും തികവും നല്‍കാന്‍ കഴിവുള്ളത് തനിക്കാണെന്നു വീണ്ടും തെളിയിക്കുകയാണ് അവര്‍. സിനിമകളുടെ തെരഞ്ഞെടുക്കലുകളില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതോടെ മലയാളത്തിന്റെ പ്രിയനടനായി മാറിയ പൃഥ്വിരാജും മൊയ്തീനെ പുന:സൃഷ്ടിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

സായികുമാറിന്റെ ഉണ്ണിമൊയീന്‍ സാഹിബ്, ലെനയുടെ പാത്തുമ്മ, സുധീര്‍ കരമനയുടെ കഥാപാത്രം, ടൊവിനോ തോമസിന്റെ അപ്പു എന്നിവരും മികച്ച പ്രകടനത്താല്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുന്നു. മറ്റ് അഭിനേതാക്കളും നന്നായിട്ടുണ്ട്. മാധ്യമരംഗത്തെ പ്രമുഖനായ ശശികുമാര്‍ കുറച്ചു സീനുകളിലേ വരുന്നുള്ളുവെങ്കിലും ലൗഡ് സ്പീക്കര്‍ എന്ന സിനിമയ്ക്കു ശേഷം സ്വാഭാവികാഭിനയം നടത്തുന്നതു കാണാം. എന്നാല്‍ ബാല അവതരിപ്പിച്ച സേതു എന്ന കാഞ്ചനയുടെ ഏട്ടന്‍ കഥാപാത്രം യാന്ത്രികാഭിനയമാണ് പലപ്പോഴും കാഴ്ചവച്ചത്. ശിവജി ഗുരുവായൂരിന്റെ അമ്മാവന്‍ കഥാപാത്രവും ആ നല്ലനടന്റെ അഭിനയനിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.

moideen-kanchana-2

ആഖ്യാനത്തിലും തിരക്കഥയുടെ സമഗ്രതയിലും മികച്ചുതന്നെ നില്‍ക്കുമ്പോഴും മറക്കാന്‍ കഴിയുന്ന ചില പിഴവുകള്‍ ചിത്രത്തിലുണ്ട്. അവയില്‍ പ്രധാനം കാഞ്ചനയുടെ മറ്റൊരു ജ്യേഷ്ഠനായ രാമചന്ദ്രന്റെ കഥാപാത്രത്തിന്റെ അവതരണമാണ്. സുധീഷ് ചെയ്യുന്ന ഈ കഥാപാത്രം ആരാണെന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് പിടികിട്ടുന്നതേയില്ല. അവസാനത്തോടടുക്കുമ്പോള്‍ ഒരുവിധം ഊഹിച്ചാണ് ഇയാളെ തിരിച്ചറിയാന്‍ സാധിക്കുന്നത്. സിനിമയുടെ മുന്നോട്ടുപോക്കിനിടെ ആഖ്യാനം പെട്ടെന്ന് സുധീര്‍ കരമന ഏറ്റെടുക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

വൈകാരികമായി പ്രേക്ഷകര്‍ക്ക് അനുഭവമായി മാറുന്ന സിനിമകള്‍ ഈയിടെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിന്നും അകന്നുപോയിരുന്നു. സിനിമ അനുഭവാക്കി മാറ്റുന്നതില്‍ പുതുനിര സംവിധായകര്‍ക്ക് പ്രതിഭ പോര എന്നും തോന്നിയിരുന്നു. ഒന്നുകില്‍ കേട്ടുചിരിച്ചു മറക്കുന്ന കോമഡി, അല്ലെങ്കില്‍ പഴകിത്തേഞ്ഞു കുപ്പയിലെറിഞ്ഞ പൈങ്കിളിപ്രേമത്തെ വീണ്ടും വെള്ളിത്തരയില്‍വാരിത്തേച്ചു പ്രേക്ഷകരെ പറ്റിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയായിരുന്നു മലയാളത്തിന്റെ വര്‍ത്തമാനകാലത്തെ പ്രധാന ആഖ്യാനകൗശലങ്ങള്‍. ഇവയില്‍ നിന്നും മാറിനിന്ന്, പുതുമയോടെ ആ പഴയ ശൈലിയെ സമീപിച്ച ഈ സിനിമയോടും സംവിധായകനോടും മലയാളികള്‍ കടപ്പെട്ടിരിക്കട്ടെ.

Top