എന്നും വിവാദങ്ങളുടെ തോഴന്‍ ബന്ധുനിയമന വിവാദത്തില്‍ അടിതെറ്റി. ശ്രദ്ധേയമായ നേതൃപാടവം.ബന്ധുനിയമന വിവാദത്തിനു മുന്‍പ് ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍

 

പാര്‍ട്ടി നിലപാടുകളിലെ കര്‍ക്കശ്യവും വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ഇ.പി. ജയരാജന്‍. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവും അദ്ദേഹത്തിന്റെ മുഖമുദ്രകളാണ്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്‍ ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ജനറല്‍ മാനേജരുമായിരുന്നു ജയരാജന്‍. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. വിവാദമൊഴിച്ചുനിര്‍ത്തിയാല്‍ ജയരാജനില്ലെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ വാക്കുകള്‍ ശരിവയ്ക്കുന്നതായിരുന്നു ഇ.പി. ജയരാജന്റെ രാഷ്ട്രീയ ജീവിതം.

ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ‘എന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ടാകാം’ എന്ന മറുപടിയും വിവാദം ക്ഷണിച്ചുവരുത്തി. വിവാദത്തില്‍പ്പെട്ടപ്പോഴെല്ലാം തണലായിനിന്ന പിണറായി വിജയനും കൈവിട്ടതോടെ ഒടുവില്‍ ജയരാജനു മന്ത്രിപദവി ഒഴിയേണ്ടിവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കല്യാശ്ശേരി കണ്ണപുരം എല്‍.പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എസ്.എന്‍. കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെതന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തം നാട്ടിലെ കൈത്തറി തൊഴിലാളികള്‍ക്കായി ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിന് നേതൃത്വം നല്‍കി. ഇതിനിടയില്‍ ചിറക്കല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഉപേക്ഷിച്ചു.

1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവനോട് മത്സരിച്ച് തോറ്റ ഇ.പി ജയരാജന്‍ 1991 ല്‍ അഴീക്കോട് നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനെന്ന പേര് കിട്ടിയ ജയരാജന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധപിടിച്ചുപറ്റാന്‍ സാധിച്ചു. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇ.പിയായിരുന്നു. 2011 ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അങ്കത്തിനിറങ്ങിയ ഇ.പി ജയരാജന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ച് കയറിയത്. രാഷ്ട്രീയ ഗുരുനാഥന്‍കൂടിയായിരുന്ന എം.വി.രാഘവനോട് 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ നേരിട്ട തോല്‍വിയാണ് ഇ.പി.യുടെ ഒരേയൊരു തോല്‍വി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വിജയക്കൊടിനാട്ടി ഇ.പി. ആ തോല്‍വിക്ക് പകരംവീട്ടി.

Also Read : സ്ത്രീകള തങ്ങളുടെ പീരിയഡ് കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നുവോ ? തലച്ചോറ് സ്കാന്‍ പഠനത്തില്‍ പുതിയ കണ്ടെത്തല്‍

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ഇത്തവണ മട്ടന്നൂരില്‍ നിന്ന് ഇപി ജയിച്ചത്. സംസ്ഥാനത്ത് രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവുമാണിത്. ഇ.പി.ജയരാജന്‍ 84,030 വോട്ടുകള്‍ നേടിയപ്പോള്‍ 40,649 വോട്ടാണ് കെ.പി.പ്രശാന്തിന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയുടെ വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ജയരാജന്‍ വിജയം കുറിച്ചത്.സംഘടനാപ്രവര്‍ത്തനത്തിനിടെ ക്രൂരമായ പൊലീസ് മര്‍ദനത്തിരയായ ഇ.പി പലവട്ടം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കുടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചന്റെ പേരില്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം 1971 ല്‍ നടന്ന ട്രാന്‍പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഷ്ഠിച്ചു.

1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തിനേറ്റ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച സംഘാടക നൈപുണിയാണ് ‘ദേശാഭിമാനി’ പത്രത്തിന്റെ തലപ്പത്ത് ഇ.പി.യെത്തന്നെ നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

Also Read :നിങ്ങളുടെ പങ്കാളിആകുലനായാല്‍ നിങ്ങള്‍ക്ക് തടി കൂടുമോ ? എന്തുകോണ്ട് …ഞെട്ടിക്കുന്ന പുതിയ പഠനം

പരേതനായ ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി പാര്‍വതിയമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയവനാണ് ഇ.പി. മൂന്ന് സഹോദരിമാരുമുണ്ട്. ഒരു സഹോദരന്‍ ഇ.പി.ജനാര്‍ദനന്‍ മുന്‍ കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ സഹകരണബാങ്ക് മരങ്ങാട്ടുപറമ്പ് ശാഖയില്‍ സീനിയര്‍ മാനേജരായ പി.കെ. ഇന്ദിരയാണ് ഭാര്യ. ജെയ്‌സണ്‍, ജിജിന്‍ രാജ് എന്നിവര്‍ മക്കളാണ്.

ബന്ധുനിയമന വിവാദത്തിനു മുന്‍പ് ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍

ദേശാഭിമാനി ബോണ്ട് വിവാദം

deshabhimani-for-webപാര്‍ട്ടി മുഖപത്രത്തിനുവേണ്ടി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നു രണ്ടു കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോഴായിരുന്നു ഈ വിവാദം. പത്രത്തിന്റെ നടത്തിപ്പിനായി പലരില്‍നിന്നും പണം സ്വീകരിക്കാറുണ്ടെന്ന ജയരാജന്റെ നിലപാട് പാര്‍ട്ടി കമ്മറ്റികളില്‍ ശക്തമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി. പണം വാങ്ങിയത് ബോണ്ട് നല്‍കിയിട്ടാണെന്നു പിന്നീടു മാറ്റിപ്പറഞ്ഞ ജയരാജന്‍ പരസ്യക്കാരില്‍നിന്നു മുന്‍കൂര്‍ തുക വാങ്ങുന്നതുപോലെയാണ് പണം വാങ്ങിയതെന്നും പിന്നീടു തിരുത്തി.

ഇതിനുപിന്നാലെ എറണാകുളത്തെ ലിസ് എന്ന സ്ഥാപനത്തില്‍നിന്നും പണം വാങ്ങിയെന്ന ആരോപണമുണ്ടായി. ഒടുവില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നാലെ, പണം തിരികെ നല്‍കിയെന്നു പാര്‍ട്ടിയുടെ പ്രഖ്യാപനവും വന്നു. പിന്നീട്, അതേ സ്ഥാനത്തു ജയരാജന്‍ തിരിച്ചെത്തി. പിണറായി മന്ത്രിസഭയില്‍ മന്ത്രിയായപ്പോഴാണ് വീണ്ടും ജനറല്‍ മാനേജര്‍ സ്ഥാനമൊഴിഞ്ഞത്. ബോണ്ട് വിവാദത്തില്‍ ഇ.പി. ജയരാജനെ പിന്തുണച്ച പിണറായി വിജയനും ബന്ധുനിയമന കാര്യത്തില്‍ കൈവിട്ടു.

ചാക്ക് രാധാകൃഷ്ണന്റെ പരസ്യം

പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുമ്പോള്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) പരസ്യം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. സംഘടനയെ ശുദ്ധീകരിക്കാനായി ചേര്‍ന്ന പ്ലീനത്തിനിടെ വിവാദ വ്യവസായിയുടെ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ പാര്‍ട്ടിയില്‍തന്നെ ആക്ഷേപമുയര്‍ന്നു. പത്രത്തിന് ആരില്‍നിന്നും പരസ്യം സ്വീകരിക്കാമെന്നായിരുന്നു അന്ന് ജയരാജന്റെ പ്രതികരണം. ഇതിനുപുറമേ തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ കെട്ടിടം രാധാകൃഷ്ണന്റെ ബിനാമിക്കു വിറ്റുവെന്ന ആരോപണവുമുണ്ടായി.

ഫാരിസ് അബൂബക്കറുമായി സിപിഐഎമ്മിന്റെ ബന്ധം

വെറുക്കപ്പെട്ടവന്‍ എന്ന് വിഎസ് അച്യുതാനന്ദന്‍ വിളിച്ച ഫാരിസ് അബൂബക്കറുമായി സിപിഐഎമ്മിന്റെ ബന്ധം പരസ്യപ്പെടുന്നത് കണ്ണൂരില്‍ നടന്ന ഇകെ നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെയായിരുന്നു. ഇപി ജയരാജനായിരുന്നു ടൂര്‍ണമെന്റിന്റെ സംഘാടകന്‍. ടൂര്‍ണമെന്റെ മുഖ്യ സ്‌പോണ്‍സര്‍ ഫാരിസ് അബൂബക്കറും. ഫുട്‌ബോള്‍ കളത്തിന് പുറത്ത് പാര്‍ട്ടി നേതാക്കളുമായി ഫാരിസിന് വളരെ അടുത്ത ബന്ധമാണെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി.

കണ്ടല്‍ പാര്‍ക്ക്

കണ്ണൂരില്‍ ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ കണ്ടല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം വിവാദമായത് കണ്ടല്‍ച്ചെടികള്‍ വെട്ടി നശിപ്പിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ്. ഭൂമി കയ്യേറ്റം അടക്കമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. കോടതിവിധി എതിരായതിനെത്തുടര്‍ന്നു നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കണ്ടല്‍പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. വിവാദത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

വിവാദപ്രസംഗങ്ങള്‍

”അന്‍പതു വര്‍ഷം മുന്‍പു പ്രവര്‍ത്തിച്ചപോലെ പാര്‍ട്ടി ഇപ്പോഴും പ്രവര്‍ത്തിക്കണമെന്നാണു ചിലര്‍ പറയുന്നത്. ബീഡി വലിച്ചു താടി നീട്ടി പരിപ്പുവടയും തിന്നു കുളിക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് ഉപദേശം. ഇന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകില്ല” കണ്ണൂരില്‍ പ്രവര്‍ത്തകരുടെ കരഘോഷത്തിനിടെ ഇ.പി. പ്രസംഗിക്കുന്നു. പ്രസംഗം വലിയ വിവാദമായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ‘പഴയരീതി’ ഉപേക്ഷിക്കണമെന്ന പ്രസംഗത്തിനു പിന്നാലെ ജയരാജനെ വിവാദത്തില്‍ ചാടിച്ച പ്രസംഗമാണ് ‘പോടാ പുല്ലേ സിബിഐ’. ലാവ്‌ലിന്‍ കേസ് കത്തിനില്‍ക്കുന്ന സമയത്തു പാര്‍ട്ടിക്കു പ്രതിരോധമൊരുക്കുന്നതിന്റെ ഭാഗമായായിരുന്നു ഇപിയുടെ രൂക്ഷമായ സിബിഐ വിമര്‍ശനം. പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു സിബിഐക്കെതിരായ ഈ കടുത്ത വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതില്‍ ഏറ്റവും മുന്നിലായിരുന്നു ഇപി ജയരാജന്‍. ഇതിന്റെ ഭാഗമായാണ് സിബിഐയെ വെല്ലുവിളിച്ച് പാര്‍ട്ടി അണികളെ ആവേശഭരിതരാക്കാനുള്ള ഈ പ്രയോഗം അദ്ദേഹം നടത്തിയത്.

വിവാദമായ ലാന്‍ഡ് റോവര്‍

123കര്‍ഷക തൊഴിലാളി സംഘടനയായ കെഎസ്‌കെടിയുവിന്റെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കുമരകത്ത് ആഢംബര വാഹനമായ ലാന്‍ഡ് റോവറില്‍ ജയരാജന്‍ എത്തിയത് വിവാദമായി. തൊഴിലാളിവര്‍ഗ നേതാവ് കര്‍ഷക പ്രക്ഷോഭത്തിന് എത്തിയത് ഇത്രയും വിലകൂടിയ വാഹനത്തിലാണെന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. പാലക്കാട് നടന്ന പ്ലീനത്തില്‍ നേതാക്കള്‍ എളിമ കാണിക്കണമെന്നും വന്‍ മുതലാളിമാരെയും കരാറുകാരെയുമൊക്കെ അകറ്റി നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ജയരാജന്റെ ലാന്‍ഡ് റോവര്‍ വരവ്. കോട്ടയത്തെ പ്രമുഖ കരാറുകാരന്റേതായിരുന്നു ഈ കാര്‍. ഇംഗ്ലണ്ടില്‍ നിന്നും ടാക്‌സി രജിസ്‌ട്രേഷനില്‍ ഇറക്കുമതി ചെയ്ത കാര്‍ സ്വകാര്യവാഹനമായി ഉപയോഗിക്കുകയായിരുന്നുവെന്നും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയ കാറിലാണ് ജയരാജന്‍ വന്നതെന്നും പിന്നീട് പുറത്തറിഞ്ഞു.

യന്ത്രക്കല്ലില്‍ തീര്‍ത്ത വീട്

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയപ്പോഴാണ് ഇപി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറിയായിരിക്കെ പാപ്പിനിശേരി കീച്ചേരിയില്‍ വലിയ വീട് നിര്‍മ്മിച്ചതായിരുന്നു ആദ്യ വിവാദം. നിര്‍മാണണം യന്ത്രക്കല്ല് ഉപയോഗിച്ചുകൊണ്ടാണെന്നത് പിന്നാലെ വലിയ വിവാദമായി മാറി. ചെങ്കല്‍ വെട്ടിയെടുക്കുന്നതിന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ ചെങ്കല്ല് വെട്ടുന്ന തൊഴിലാളികള്‍ സമരം നടത്തുന്ന കാലത്തായിരുന്നു ഇപി ജയരാജന്‍ വീട് നിര്‍മ്മിക്കുന്നത്. സിഐടിയു സമരം നടത്തുമ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി യന്ത്രക്കല്ലില്‍ വീട് നിര്‍മ്മിക്കുന്നു എന്നതായിരുന്നു വലിയ വിവാദം. മാധ്യമങ്ങളില്‍ വാര്‍ത്തയായി. രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനം ഉന്നയിച്ചു. സിപിഐഎമ്മിനകത്തും ജയരാജനെതിരെ വികാരം ഉയര്‍ന്നു. നടപടികളൊന്നുമില്ലാതെ ആ വിവാദം കെട്ടടങ്ങി. വിഎസ് അച്യുതാനന്ദനായിരുന്നു അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. വിവാദമുണ്ടായപ്പോള്‍ കണ്ണൂരിലെത്തിയ വിഎസിനോട് മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചു. ‘പാര്‍ട്ടിയുടെ ആളുകള്‍ എല്ലാകാലവും മൂന്നു കാലുള്ള ബെഞ്ചില്‍ ഇരിക്കണം, കട്ടന്‍ ചായ കുടിച്ച് കഴിയണം എന്നാണ് നിങ്ങളുടെ ഉദ്ദേശ്യം’. ഇതായിരുന്നു വിഎസ് നല്‍കിയ മറുപടി. ജില്ലാ സെക്രട്ടറിയെ പോലുള്ള ഒരാള്‍ നല്ല വീട്ടില്‍ കഴിയുന്നത് തെറ്റല്ലെന്ന് പറഞ്ഞ് വിഎസ് അന്ന് ഇപി ജയരാജന്റെ തുണയ്‌ക്കെത്തി.

വാട്ടര്‍ തീം പാര്‍ക്ക്

കണ്ണൂര്‍ പറശിനിക്കടവിലെ വിസ്മയ വാട്ടര്‍ തീം പാര്‍ക്ക്, വളപട്ടണത്തെ കണ്ടല്‍ പാര്‍ക്ക്. ഇപി ജയരാജന്‍ മുന്‍കൈയെടുത്ത് തുടങ്ങിയ രണ്ട് സംരംഭങ്ങളും വിവാദങ്ങളുണ്ടാക്കി. കുടിവെള്ള പ്രശ്‌നം രൂക്ഷമായി നേരിട്ട, വരള്‍ച്ച നേരിടുന്ന പ്രദേശത്ത് സിപിഐഎം വലിയ നിക്ഷേപം നടത്തി ഉല്ലാസ പാര്‍ക്ക് സ്ഥാപിക്കുന്നു എന്നതായിരുന്നു വിസ്മയ വാട്ടര്‍ തീം പാര്‍ക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി വലതുപക്ഷ വ്യതിയാനം സംഭവിച്ചു എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടിയിലെയും പാര്‍ട്ടിക്ക് പുറത്തെയും വിമര്‍ശകര്‍ ഇത് ഉപയോഗിച്ചു. സിപിഐഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുമ്പ് പാര്‍ട്ടിയിലെ ചൂടുപിടിച്ച സംവാദങ്ങളിലൊന്നായിരുന്നു വിസ്മയ വാട്ടര്‍ തീം പാര്‍ക്ക്. വിവാദങ്ങളുയര്‍ന്നെങ്കിലും സംരംഭവുമായി ഇപി ജയരാജനും പാര്‍ട്ടിയും മുന്നോട്ടുപോയി.

മുഹമ്മദലി വിവാദം

ep-jayaranan-and-muhammed-aliബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍, ‘കേരളത്തിന്റെ കായികരംഗത്തെ പ്രഗത്ഭ വ്യക്തിതത്വമായിരുന്നു മുഹമ്മദലി’ യെന്ന ഇ.പി. ജയരാജന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ പരിഹാസട്രോളുകളിലൂടെ എറ്റെടുത്തു. ഒടുവില്‍ ഇപിക്കു പ്രസ്താവന ഇറക്കേണ്ടിവന്നു. ലോക ബോക്‌സിങ് ഇതിഹാസവും അമേരിക്കന്‍ പൗരനുമായ മുഹമ്മദലിയാണ് മരിച്ചതെന്നു തനിക്ക് അറിയില്ലായിരുന്നെന്നും സത്യം മറച്ചുവച്ച്, ദുര്‍വ്യാഖാനം നല്‍കി മാധ്യമങ്ങള്‍ പ്രചാരണം നടത്തുകയായിരുന്നെന്നും ഈ കുപ്രചാരണം തള്ളിക്കളയണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.

അഞ്ജു ബോബി ജോര്‍ജ് വിവാദം

1465473425_olympian-anju-bobby-george-against-kerala-sports-minister-ep-jayarajanസംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോടു കായികമന്ത്രി കൂടിയായ ഇ.പി. ജയരാജന്‍ പരുഷമായി സംസാരിച്ചെന്നായിരുന്നു ആക്ഷേപം. അഞ്ജു മുഖ്യമന്ത്രിക്കു പരാതി നല്‍കി. സ്‌പോര്‍ട്‌സ് കൗണ്‍സിലുള്ളവര്‍ മുഴുവന്‍ അഴിമതിക്കാരാണെന്നു പറഞ്ഞെന്നും കാത്തിരുന്നു കണ്ടോയെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ അ!ഞ്ജു ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് അങ്ങനെയല്ല എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ഇപിയുടെപ്രതികരണം. ജയരാജന്‍ അപമര്യാദയായി പെരുമാറിയില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയും മന്ത്രിയെ പിന്തുണച്ചു.

ബന്ധുനിയമനങ്ങള്‍

ഈ നിരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ബന്ധുനിയമനങ്ങള്‍. ഭാര്യാസോഹദരികൂടിയായ കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയുടെ മകന്‍ പികെ സുധീറിനെ വ്യവസായ വകുപ്പിന് കീഴില്‍ കെഎസ്‌ഐഇ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് ആദ്യം പുറത്തുവന്ന ബന്ധുനിയമനം. പിന്നീട് മറ്റ് ബന്ധുക്കളെയും വ്യവായ വകുപ്പിന് കീഴിലെ തസ്തികളില്‍ നിയമിച്ച വിവരം പുറത്തുവന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത പ്രതിരോധത്തിലാക്കി ഈ നിയമനങ്ങള്‍. സുധീര്‍ ചുമതലയേല്‍ക്കാതെ മാറിനില്‍ക്കുകയും ജ്യേഷ്ഠന്റെ മകള്‍ ദീപ്തി നിഷാദ് ക്ലേസ് ആന്റ് സിറാമിക്‌സ് പ്രോടക്ടേഴ്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനവും ഒഴിഞ്ഞെങ്കിലും വിവാദം അടങ്ങിയില്ല.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top