ശബരിമലയില്‍ പ്രതിഷേധക്കാര്‍ ചെയ്യുന്നത് മഹാപാപം; അവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. അവര്‍ക്ക് നാശമുണ്ടാകുമെന്നും അവര്‍ ചെയ്യുന്നത് മഹാപാപമാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. ഹീനകൃത്യം ചെയ്യുന്നവര്‍ പിന്‍മാറണമെന്നും ഇ.പി. ജയരാജന്‍ ശബരിമല വിഷയത്തില്‍ പ്രതികരിച്ചു.
വിവാദമായ സുപ്രീംകോടതി വിധിക്കുശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ സംഘര്‍ഷം പുകയുകയാണ്. യുവതികളായ ഭക്തരെത്തിയാല്‍ അവര്‍ക്ക് സുരക്ഷയോരുക്കാന്‍ നിലയ്ക്കിലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നുവന്ന രാപ്പകല്‍സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി.

പ്രതിഷേക്കാരെ വിരട്ടിയോടിച്ചശേഷമാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ചത്. നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യുവതികളുണ്ടോ എന്ന് പ്രതിഷേധക്കാര്‍ പരിശോധിക്കുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പമ്പയില്‍ പ്രതിഷേധസമരമോ ആരെയെങ്കിലും തടയുകയോ ചെയ്യില്ലെന്ന് ശബരിമല സംരക്ഷണ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍. ഭക്തരുടെ പ്രാര്‍ഥനയും നാമജപവും മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു

Latest
Widgets Magazine