പേട്ടതുള്ളലില്‍ എരുമേലി ഭക്‌തിയില്‍ നിറഞ്ഞു..ആയിരങ്ങളെ ആഹ്ലാദത്തിമര്‍പ്പിലാക്കി ചന്ദനക്കുടം

എരുമേലി: ഇന്നലെ അമ്പലപ്പുഴ–ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ വീക്ഷിക്കാന്‍ എരുമേലിയില്‍ എത്തിയത് പതിനായിരങ്ങള്‍. ഉച്ചയ്ക്ക് ഭഗവദ് സാന്നിധ്യം വിളിച്ചറിയിച്ച് ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമ്പലപ്പുഴയുടെ പേട്ടതുള്ളല്‍ ആരംഭിക്കുന്നതിന് മുമ്പെ പേട്ടക്കവല പൂര്‍ണമായി ജനനിബിഡമായി. നിരവധി വിദേശികളും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു. അമ്പലപ്പുഴയ്ക്ക് പേട്ടതുള്ളാന്‍ അനുമതിയേകി കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നപ്പോള്‍ ശരണം വിളികളോടെ പതിനായിരക്കണക്കിന് തൊഴുകൈകളാണ് ഉയര്‍ന്നത്. ആകാശത്തേക്ക് നോക്കി കൈകള്‍ കൂപ്പി ഭക്‌തരും വിശ്വാസികളും ഉച്ചത്തില്‍ ശരണം വിളിച്ചു. ആലങ്ങാട്ട് സംഘം പേട്ടതുള്ളല്‍ ആരംഭിക്കുമ്പോള്‍ മാനത്ത് നക്ഷത്രം തിളങ്ങുകയും കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നെത്തുകയും ചെയ്തത് ഭക്‌തരുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായിരുന്നു.

രൗദ്രഭാവത്തോടെ കാടിളക്കിയായിരുന്നു അമ്പലപ്പുഴയുടെ തുള്ളല്‍. കണ്ടുനിന്ന നാട്ടുകാര്‍ ഏറെപ്പേരും അമ്പലപ്പുഴയ്ക്കൊപ്പം തുള്ളി. മൂന്ന് ആനകള്‍ സംഘത്തിന് അകമ്പടിയേകി. ചെണ്ടമേളവും ചേങ്ങിലത്താളങ്ങളും ശരണംവിളികളും നിറഞ്ഞു നിന്നു. നയനമനോഹരമായിരുന്നു ആലങ്ങാടിന്റെ തുള്ളല്‍. വെള്ളമുണ്ടുടുത്ത് തോളില്‍ വെള്ള ഉത്തരീയവും, ഭസ്മക്കുറികളുമായി ശാന്തമായി ചുവടുകളോടെ സംഘം തുള്ളുമ്പോള്‍ കൊട്ടക്കാവടിയാട്ടവും മലബാര്‍ ചെണ്ടമേളവും വിസ്മയം പകര്‍ന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി, വെള്ളാള മഹാസഭ, വിശ്വകര്‍മ്മ മഹാസഭ തുടങ്ങിയ വിവിധ സാമുദായിക സംഘടനാഭാരവാഹികള്‍ പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കി.

ഒപ്പം മോരുംവെള്ളം വിതരണവും നടത്തി. പുത്തന്‍വീട്ടിലും ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കലും കെഎസ്ആര്‍ടിസി ജംഗ്ഷനിലും പോലീസ് കണ്‍ട്രോള്‍ റൂമിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കി. വലിയമ്പലത്തില്‍ ജമാഅത്തിന്റെ വക അന്നദാനവുമുണ്ടായിരുന്നു.ടൗണ്‍ റോഡ് മണിക്കൂറുകളോളം വാഹനവിമുക്‌തമാക്കിയാണ് ഇരുസംഘങ്ങള്‍ക്കും പേട്ടതുള്ളല്‍ നടത്താന്‍ സൗകര്യം പോലീസ് ക്രമീകരിച്ചത്. ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലും ടൗണ്‍ നിറഞ്ഞുമായിരുന്നു ജനസഞ്ചയം. സമാന്തരപാതകളില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടെങ്കിലും പോലീസ് ഏറെ പണിപ്പെട്ട് സുഗമാക്കുകയായിരുന്നു.

Latest