മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു; മറഞ്ഞത് ലാളിത്യത്തിന്റെയും ആദര്‍ശ ശുദ്ധിയുടെയും മുഖം

തിരുവനന്തപുരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വൈകാതെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷം വെള്ളിയാഴ്ച വൈകുന്നരം ശാന്തികവാടത്തില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വക്കീല്‍ ബിരുദധാരിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ഈശ്വരപിള്ളയുടെയും മീനാക്ഷിയുടെയും മൂത്ത മകനായി 1928 ഡിസംബര്‍ 2ന് ഇ. ചന്ദ്രശേഖരന്‍നായര്‍ ജനിച്ചു. ശ്രീമൂലം അസംബ്ലിയിലെ അംഗവും എംഎല്‍സിയുമായിരുന്നു അച്ഛന്‍. 1952 വരെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഭക്ഷ്യവകുപ്പിനു പുറമേ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നും മാവേലി മന്ത്രിയാണ്. ഓണച്ചന്തകളുടെയും മാവേലിസ്റ്റോറുകളുടെയും തുടക്കം അദ്ദേഹത്തിന്റെ ഭരണമികവിന്റെ പ്രതീകമായിത്തീര്‍ന്നു.

സ്വന്തം ജില്ലയായ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളുടെ ഓണമാണു തന്നെ ഓണച്ചന്ത എന്ന ആശയത്തിലെത്തിച്ചതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കശുവണ്ടിത്തൊഴിലാളികളുടെ ഓണം ബോണസ് തീരുമാനിക്കുന്നത് ഉത്രാടത്തിനോ തലേന്നോ ആയിരിക്കും. ഈ പണവുമായി അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കച്ചവടക്കാര്‍ ക്രമാതീതമായി വില വര്‍ധിപ്പിക്കും. ബോണസ് വിതരണം ചെയ്ത വിവരം കച്ചവടക്കാര്‍ നേരത്തേ അറിയുന്നതാണ് ഇതിനു കാരണം. ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്ന് 80ലെ മന്ത്രിസഭയില്‍ ആദ്യമായി ഭക്ഷ്യമന്ത്രിയായപ്പോള്‍ തോന്നി. നിയമപരമായി കച്ചവടക്കാരെ കര്‍ശനമായി നേരിടുന്നതിനു പരിമിതികളുണ്ടെന്നു ബോധ്യമായതോടെ സര്‍ക്കാര്‍ നേരിട്ടു കമ്പോളത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു. ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും മികച്ച ഗുണനിലവാരത്തില്‍ ആകര്‍ഷകമായ വിലയ്ക്കു നല്‍കണം, ഉത്രാടരാത്രി വരെ ഓണച്ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ ഉറപ്പുവരുത്തി.

ഓണച്ചന്തകള്‍ വിജയമായതിനാല്‍ ഇതു സ്ഥിരം സംവിധാനമാക്കുന്നതിനെക്കുറിച്ചായി പിന്നെ ആലോചന. ആ ചിന്തയാണു മാവേലി സ്റ്റോറുകളുടെ പിറവിയിലേക്കു നയിച്ചത്. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഇല്ലാത്തതായിരുന്നല്ലോ മാവേലിയുടെ കാലം. അളവും തൂക്കവും കൃത്യമായ ആ കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു പേരു വേണം എന്നു കരുതിയാണു മാവേലി സ്റ്റോര്‍ എന്നു പേരിട്ടത്. കെ.എം. ചന്ദ്രശേഖറായിരുന്നു അന്നു സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍.

രാഷ്ട്രീയമായ ലക്ഷ്യബോധവും അനാര്‍ഭാടമായ ജീവിതശൈലിയും ആദ്യ നിയമസഭയിലെ സമാജികരുടെ പ്രത്യേകതയായിരുന്നുവെന്ന് അതിലൊരാളായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ പറയുമായിരുന്നു. മുറിയില്‍ ഫോണുണ്ടെങ്കിലും പുറത്തേക്കു വിളിക്കണമെങ്കില്‍ ഹോസ്റ്റലിലെ എക്സ്ചേഞ്ച് വഴി മാത്രമേ പറ്റുമായിരുന്നുള്ളൂ. ബുക്ക് ചെയ്തു വിളിക്കുന്ന ട്രങ്ക് കോളുകളുടെ പണം എംഎല്‍എതന്നെ കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. എംഎല്‍എ ഹോസ്റ്റലില്‍ സമാജികര്‍ കൂടിയിരുന്നു കഞ്ഞിയുണ്ടാക്കി കഴിച്ചിരുന്നതും അദ്ദേഹം വിവരിച്ചിട്ടുണ്ട്. കാലം കഴിയും തോറം നിയമസഭാപ്രവര്‍ത്തനം അല്‍പം പ്രകടനപരതയാകുന്നില്ലേ എന്നും അദ്ദേഹം സന്ദേഹിച്ചിരുന്നു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ചന്ദ്രശേഖരന്‍ നായരുടെ സേവനമുദ്ര ഉജ്വലമായി ശോഭിക്കുന്നതു സഹകരണ മേഖലയിലാണ്. സഹകാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നു. പ്രാഥമിക സഹകരണസംഘം മുതല്‍ സംസ്ഥാന സഹകരണബാങ്ക് വരെ അതു പടര്‍ന്നു നില്‍ക്കുന്നു. എട്ടു വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുപദത്തില്‍ ശോഭിച്ചു. സഹകരണബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയും കാര്യക്ഷമതയും ഉയര്‍ത്തിപ്പിടിക്കാന്‍ ചന്ദ്രശേഖരന്‍ നായരുടെ സൗമ്യദീപ്തവും സുതാര്യവുമായ വ്യക്തിത്വത്തിനു കഴിഞ്ഞു. നിക്ഷേപസമാഹരണയജ്ഞത്തിനു തുടക്കമിട്ടതും വിജയിപ്പിച്ചതും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കാര്യശേഷിയുടെയും തെളിവാണ്. സഹകരണ പ്രസ്ഥാനങ്ങളിലെ ദേശീയ – സംസ്ഥാന സമിതികളില്‍ അധ്യക്ഷനോ അംഗമോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഈ മാതൃകാ സഹകാരിക്കുള്ള അംഗീകാരമായിരുന്നു ഏറ്റവും മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ പുരസ്‌കാരം.

കുട്ടിക്കാലത്തും കോളജ് വിദ്യാഭ്യാസകാലത്തും ചന്ദ്രശേഖരന്‍ നായര്‍ ചെരുപ്പു ധരിക്കാറുണ്ടായിരുന്നില്ല. ആദ്യമായി എംഎല്‍എ ആയി തിരുവനന്തപുരത്ത് താമസിക്കുമ്പോഴും ചെരുപ്പിട്ടു തുടങ്ങിയിരുന്നില്ല. ഒരു തവണ നിയമസഭാ സമ്മേളനം തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കണ്ണിനൊരു വേദന. തോപ്പില്‍ ഭാസിയെക്കൂട്ടി ഡോക്ടറെ കണ്ടു. വിശദമായ പരിശോധന നടത്തിയെങ്കിലും രോഗമൊന്നും കണ്ടെത്തിയില്ല. ചികിത്സയൊന്നും വേണ്ട, ചെരിപ്പു ധരിച്ചാല്‍ മതി എന്നായിരുന്നു ഡോക്ടറുടെ ഉപദേശം. ശീലമില്ലാത്തതിനാല്‍ ചെരുപ്പിട്ടുളള നടത്തം ആദ്യം കാലിനു വഴങ്ങിയില്ല. രാത്രിയില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലൂടെ ചെരിപ്പിട്ടു നടന്നാണു ശീലിച്ചത്.

Top