മതം മാറിയതിന്‍റെ പേരില്‍ സംഘപരിവാര്‍ കൊലക്കത്തിക്കിരയായ കൊടിഞ്ഞി ഫൈസലിന്‍റെ അച്ഛനും ഇസ്ലാമിലേക്ക്

ഫൈസല്‍ കൊല്ലപ്പെട്ടതിനു ശേഷം അമ്മ മീനാക്ഷി ഇസ്ലാം സ്വീകരിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഫൈസലിന്റെ രണ്ട് സഹോദരിമാരും ഇവരില്‍ ഒരാളുടെ ഭര്‍ത്താവും അഞ്ചുമക്കളും മതം മാറിയിരുന്നു.
ഫൈസല്‍ കൊലചെയ്യപ്പെട്ട് പത്ത് മാസത്തിനു ശേഷമാണ് അച്ഛന്‍ കൃഷ്ണന്‍ നായരും ഇസ്ലാം മതം സ്വീകരിക്കുന്നത്. ഇദ്ദേഹമിപ്പോള്‍ ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിക്കുകയാണ്. ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചത് പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.
മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തനിക്ക് തന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു്. മരണത്തിന് രണ്ട് ദിവസം മുന്‍പ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി പറഞ്ഞിരുന്നുവെന്ന് ഫൈസലിന്റെ സുഹൃത്ത് പ്രാദേശിക മാധ്യമത്തിനോട് വെളിപ്പെടുത്തിയിരുന്നു.

Top