അയ്യപ്പകോപം ശബരിമല കേസിൽ വിധി പറഞ്ഞ ദീപക് മിശ്രയുടെ ശരീരം തളർന്നു, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

കോഴിക്കോട്: ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് പ്രചാരണം നടക്കുന്നു.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും മുന്‍പ് വിധി പറഞ്ഞ സുപ്രധാനമായ കേസുകളില്‍ ഒന്നാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ്. ദീപക് മിശ്ര നയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടത്. ഏക വനിതാ ജഡ്ജി ആയിരുന്ന ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശനത്തിന് എതിരായാണ് വിധിയെഴുതിയത്.

ഏറ്റവും ഒടുവിലായി വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്റെ തലവന്‍ ദീപക് മിശ്രയ്ക്കും അയ്യപ്പ കോപമേറ്റു എന്നാണ് പ്രചാരണം. ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയി എന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്കെല്ലാം ദൈവകോപമുണ്ടാകും എന്നാണ് ഈ പ്രചാരകര്‍ പറയുന്നത്.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്നതാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. ആചാരങ്ങള്‍ തെറ്റിച്ചാല്‍ അയ്യപ്പ കോപമുണ്ടാകുമെന്നും പ്രചാരണം നടക്കുന്നു. പ്രളയമുണ്ടായത് പോലും അയ്യപ്പകോപമാണെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സുപ്രീം കോടതിയെ വരെ കടന്നാക്രമിക്കുന്നതിനൊപ്പം സ്ത്രീകള്‍ കയറിയാല്‍ ദൈവകോപമുണ്ടാകും എന്ന പ്രചാരണം മറുവശത്തും നടക്കുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേരളത്തില്‍ പ്രളയം വന്നത്. ഇത് അയ്യപ്പകോപമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിച്ചത്. വിധി വന്നതിന് ശേഷം കനത്ത മഴ പെയ്തതും ചുഴലിക്കാറ്റ് വരുന്നുവെന്ന വാര്‍ത്തകളും ഇക്കൂട്ടര്‍ അയ്യപ്പകോപത്തോട് ചേര്‍ത്ത് കെട്ടി.

പ്രതിഷേധം നയിക്കുന്നവരില്‍ പ്രധാനിയായ അയ്യപ്പ സേവാ സംഘം പ്രസിഡണ്ട് രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ദീപക് മിശ്രയെ കള്ളനെന്ന് പോലും വിളിച്ചു. വിരമിക്കുന്നതിന് മുന്‍പ് നല്ല പേരുണ്ടാക്കാനുള്ള ശ്രമമാണ് ദീപക് മിശ്ര നടത്തിയത് എന്നും ദീപക് മിശ്രയുടെ മുഖത്ത് നോക്കി കള്ളനെന്ന് വിളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വരെ അദ്ദേഹം വിരമിക്കുന്നതിന് തൊട്ട് മുന്‍പ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

എന്തിനധികം പറയുന്നു, കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയും കവിത ജക്കാലയും മല കയറാന്‍ ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം പമ്പയില്‍ ഇടിവെട്ടി മഴ പെയ്തത് പോലും അയ്യപ്പ കോപമാണ് എന്നാണ് പ്രചാരണം നടക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വരുംകാല തലമുറകള്‍ക്ക് പോലും അയ്യപ്പ ശാപമുണ്ടാകും എന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട് ചിലര്‍.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ദീപക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് യാതൊരു വിധത്തിലുളള അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ആരോഗ്യവാനായി തന്നെ ഇരിക്കുന്നു എന്നുമാണ് വിവരം. ദീപക് മിശ്ര ശരീരം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വന്‍തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് വിശ്വാസികളുടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കോടതി വിശ്വാസങ്ങളില്‍ ഇടപെടരുത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇവര്‍ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നതും. വിധി പറഞ്ഞ ജഡ്ജിമാരെ അധിക്ഷേപിക്കാന്‍ പോലും ഈ പ്രതിഷേധക്കാര്‍ മടിക്കുന്നില്ല.ശബരിമല നട തുറന്ന് അഞ്ചാം ദിവസവും സ്ത്രീകളെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല എന്ന നിലപാട് തുടരുകയാണ് ബിജെപിയും ആര്‍എസ്എസും അടങ്ങുന്ന പ്രതിഷേധക്കാര്‍. ഇന്നും ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ആന്ധ്ര സ്വദേശിനികള്‍ക്കാണ് മല കയറാതെ മടങ്ങേണ്ടി വന്നത്.

Latest