മാതാപിതാക്കളെ കൊലപ്പെടുത്തിയത് ആറുവയസുകാരന്റെ മുന്നിലിട്ട്; കൊലപാതകത്തിനു ശേഷം പുഞ്ചിരിയോടെ സുധീഷ്

മാവേലിക്കര: പ്രകോപനങ്ങളുണ്ടാകാതെ മാവേലിക്കരയിൽ നടന്ന ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിച്ചു. പല്ലാരിമംഗലത്ത് ആറുവയസുകാരനായ മകന്‍റെ മുന്നിൽ ദന്പതികൾ മൃഗീയമായി കൊല്ലപ്പെട്ട സംഭവമാണ് നാടിനെ ഞെട്ടിച്ചത്. പല്ലാരിമംഗലം കിഴക്ക് ദേവൂ ഭവനത്തിൽ ബിജു (50), ഭാര്യ ശശികല (42) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷാണ് ദന്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അയൽവാസികളായ ബിജുവും സുധീഷും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. മദ്യപിച്ചെത്തുന്ന സുധീഷ് ബിജുവിനെ അസഭ്യം പറയുമായിരുന്നു. ഇന്നലെ മകനുമായി മാവേലിക്കരയിൽ പോയശേഷം ബിജു തിരികെ വീട്ടിലെത്തിയപ്പോഴും സമാനമായ വഴക്ക് ഉണ്ടായി. മകന്‍റെ മുന്പിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കന്പിവടികൊണ്ട് അടിച്ച് താഴെ ഇടുകയായിരുന്നു. ഇത് കണ്ട മകൻ ദേവൻ അലറി കരഞ്ഞതോടെ വീടിന്‍റെ അടുക്കളയിലായിരുന്ന മാതാവ് ശശികല ഓടിയെത്തി. മകനും ഭർത്താവും തിരികെ വരുന്പോഴേക്കും നൽകുന്നതിനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ശശികല ശബ്ദം കേട്ട് പുറത്തേക്കെത്തിയപ്പോൾ കണ്ടത് ഭർത്താവിനെ അടിച്ചുവീഴ്ത്തിയിരിക്കുന്നതാണ്. തടസം പിടിയ്ക്കാനായി എത്തിയ ശശികലയേയും നിഷ്കരുണം സുധീഷ് കന്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. കന്പിവടികൊണ്ട് പലതവണ ഇവരെ സുധീഷ് ആക്രമിച്ചു. തുടർന്ന് ഇഷ്ടിക എടുത്ത് പലതവണ ഇരുവരുടേയും തലയ്ക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. ദേവൻ കരഞ്ഞുകൊണ്ട് ഓടി അയൽവാസികളെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സമീപവാസികൾ എത്തിയതോടെ സുധീഷ് സമീപത്തെ മൈതാനത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന ബിജുവിനേയും ശശികലയേയും സംഭവ സ്ഥലത്തുനിന്നും നൂറ് മീറ്റർ അകലയുള്ള റോഡിലെത്തിച്ച് കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശശികല സംഭവ സ്ഥലത്തും ബിജു ആശുപത്രിയിൽ എത്തിയതിനു ശേഷവുമാണ് മരിച്ചത്. കന്പിവടികൊണ്ടുള്ള അടിയിലും ഇഷ്ടികകൊണ്ടുള്ള ഇടിയിലും ഇരുവരുടേയും മുഖം വികൃതമാകുകയും തലയുടെ മുൻഭാഗവും പുറകുവശവും തകരുകയും ചെയ്തിരുന്നു. ബിജുവിന്‍റെ കാലും തകർന്നിരുന്നു. സംഭവശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പുത്തൻ കുളങ്ങരക്ക് സമീപത്ത് വച്ച് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി സുധീഷ് നിരന്തരം ബിജുവിനെയും കുടുംബത്തെയും ശല്യപ്പെടുത്തിയിരുന്നുവെന്നും മുന്പും ബിജുവിന്‍റെ വീട് സുധീഷ് ആക്രമിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ആർ രാജേഷ് എംഎൽഎ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ രഘു പ്രസാദ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈലാ ലക്ഷ്മണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പല്ലാരിമംഗലം കിഴക്ക ദന്പതികളെ കൊലപ്പെടുത്തിയ അയൽവാസി സുധീഷ് പോലീസ് പിടിയിലായി. മാവേലിക്കര പോലീസ് സ്റ്റേഷനിൽ പുഞ്ചിരിയോടെയായിരുന്നു പ്രതിയുടെ നിൽപ്പ്. ലോക്കപ്പിനുള്ളിൽ കിടന്ന് സ്റ്റേഷനിലേക്ക് എത്തിയവരോട് തമാശകൾ പറയുവാനും സുധീഷ് മറന്നില്ല. വന്നവരോടൊക്കെ തനിക്കൊന്നും ഓർമയില്ലെന്നും താനൊന്നും ചെയ്്തിട്ടില്ലെന്നും ചോദ്യം ഒന്നും ഉണ്ടാകാതെ തന്നെ പറയുകയായിരുന്നു ഇയാൾ. മുഖത്ത് കുറ്റബോധത്തിന്‍റെയോ സമ്മർദ്ദത്തിന്‍റെയോ ഭാവങ്ങളില്ലാതെ സൗമ്യമായിരുന്നു.
ഇയാൾ സംഭവ സമയം മദ്യലഹരിയിലായിരുന്നതായിരുന്നോ എന്നുള്ള സംശയം അയൽവാസികൾ പറഞ്ഞിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ വക്കീൽ ഗുമസ്ഥനായിരുന്ന സുധീഷ് എല്ലാ പോലീസുകാരെയും തിരിച്ചറിയുകയും കുശലം ചോദിക്കുകയും ചെയ്തതായും ദൃക്സാക്ഷികൾ പറയുന്നു. വക്കീൽ ഗുമസ്ഥനായിരിക്കെ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നാണ് വക്കീലന്മാർ ഇയാളെ പറഞ്ഞു വിട്ടത്. വിവാഹിതനായിരുന്ന സുധീഷിന്‍റെ ഭാര്യയും പിണങ്ങിപ്പോയതാണ്. വീട്ടുകാരുമായി സഹകരിക്കാതെ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബിജു വിറ്റ സ്ഥലത്താണ് സുധീഷ് താമസിക്കുന്നത്.

അച്ഛനെ ആക്രമിക്കുന്നത് കണ്ട് ദേവൻ നിലവിളിച്ചതുകേട്ടാണ് അമ്മ ശശികല അടുക്കളയിൽ നിന്നും ഓടിയെത്തിയത്. ശശികലയേയും അടിച്ചുവീഴ്ത്തിയ ശേഷം സംഭവം കണ്ട് അലറിക്കരഞ്ഞ കുഞ്ഞിനുനേരെ ആക്രമിക്കാനായി സുധീഷ് ഓടി അടുത്തെങ്കിലും കുഞ്ഞ് ഓടി വീടിനു പുറകിലേക്കു പോയി. ബഹളം കേട്ട് ഓടിവന്ന ഇവരുടെ പിന്നിലെ വീട്ടിൽ താമസിക്കുന്നവരുടെ മുന്പിലേക്കാണ് ദേവൻ ഓടിയെത്തിയത്. ആക്രമിക്കാനായി ദേവന് പുറകെ സുധീഷ് എത്തിയെങ്കിലും ആളുകൾ വരുന്നത് കണ്ട് സമീപത്തെ മൈതാനത്തിലൂടെ ഓടിരക്ഷപെടുകയായിരുന്നു. ഇല്ലായിരുന്നുവെങ്കിൽ ദേവനേയും വകവരുത്തിയേനേയെന്ന് അയൽവാസികൾ പറയുന്നു.  അച്ഛനമ്മമാരുടെ കൊലപാതകം നേരിട്ടുകണ്ട ദേവന്‍റെ കുഞ്ഞുമനസിനേറ്റത് കനത്ത നൊന്പരം. അച്ഛനായ ബിജുവിനേയും അമ്മ ശശികലയേയും നിലത്തിട്ട് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കവെ ആറു വയസുകാരൻ മകൻ ദേവൻ അതിന് ഏക സാക്ഷി ആവുകയായിരുന്നു. ചോരയിൽ മുങ്ങി ചലനമറ്റു കിടക്കുന്ന അച്ഛന്‍റെയും അമ്മയുടെയും ശരീരങ്ങൾക്കു മുന്നിൽ നിന്നും വിതുന്പിയ ദേവനെ അയൽവാസികൾ വിളിച്ച് കൊണ്ടുപോയി. അച്ഛനും അമ്മയും തിരിച്ചു വരുമെന്ന് വിശ്വസിച്ച് അയൽപക്കത്തെ വീട്ടുപടിക്കൽ കാത്തിരിക്കുന്ന ദേവൻ, ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച കാഴ്ചയായിരുന്നു. അച്ഛനും അമ്മയും എപ്പോൾ വരുമെന്ന് ബന്ധുക്കളോട് ഇടയ്ക്കിടെ ചോദിച്ച ദേവനോട് മറുപടി പറയാനാവാതെ അവരും വിതുന്പി. ദേവനെയും സഹോദരി ദേവികയെയും ബന്ധുവീട്ടിലാക്കിയിരിക്കുകയാണ്. പല്ലാരിമംഗലം ഇരട്ടകൊലപാതകകേസിൽ കസ്റ്റഡിയിലുള്ള പ്രതി സുധീഷ്(38)നെ ഇന്ന് കോടിതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ തന്നെ കൊല്ലപ്പെട്ട പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തിൽ ബിജു(50) ശശികല(42) എന്നിവരുടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും ആലപ്പുഴ മെഡിക്കൽ കോളജിൽ പൂർത്തിയാകും. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കൂടുതൽ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top