ബുരാരിയിലെ കൂട്ട ആത്മഹത്യ; സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും

ന്യൂഡല്‍ഹി: ബുരാരിയിലെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുതിയദിശയിലേക്ക്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കത്തുനല്‍കി. മനശാസ്ത്രജ്ഞരുടെ സഹായത്തോടെയുള്ള സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കൂടുതല്‍വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മരിച്ചവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, മറ്റുള്ളവരുമായി ഇടപെട്ടിരുന്നരീതി തുടങ്ങിയവയെല്ലാം സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാകും.

ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി വിദഗ്ധസംഘം വിശദമായ അഭിമുഖങ്ങളും നടത്തും. സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താറുള്ളത്. ബുരാരിയിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും പലവിധത്തിലുള്ള ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് സംഘം സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് നീങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top