വാന്‍ മറിയുമെന്ന് ഉറപ്പായപ്പോള്‍  മകനെ ദൂരേക്ക് എറിഞ്ഞു; നിമിഷങ്ങള്‍ക്കകം പിതാവ് വാനിനടിയില്‍പ്പെട്ട് മരിച്ചു…

പാലോട്: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മറിയുമെന്നായപ്പോള്‍ രാജേഷിനു മുമ്പിലുണ്ടായിരുന്ന ഏക പോംവഴി തന്റെ പിഞ്ചു മകനെ പുറത്തേക്ക് എറിയുക എന്നതായിരുന്നു. ഒടുവില്‍ മകനെ രക്ഷിച്ചശേഷം പിതാവിന് മൃത്യു സംഭവിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏക മകന്‍ ശ്രീഹരിയേ അപകടത്തില്‍ നിന്നു രക്ഷപെടുത്തിയ ശേഷം മരണത്തിനു കീഴടങ്ങിയത്. കുളത്തുപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളയിലാണു സംഭവം. അരിപ്പ ഓയില്‍ പാം ഓഫീസില്‍ നിന്നു വിരമിക്കുന്ന അമ്മ ആനന്ദഭാവിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നു സാധനങ്ങള്‍ വാങ്ങി കൊണ്ടു വരനാണു രാജേഷും മകനും പിക് അപ്പ്വാനുമായി പോയത്. റോഡരികില്‍ മണ്ണൊലിപ്പു മൂലം രൂപം കൊണ്ടകുഴിയില്‍ വീണ വാന്‍ നിയന്ത്രണം വിടുകയായിരുന്നു. വാനിന്റെ പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്ത് അച്ഛനൊപ്പമായിരുന്നു ശ്രീഹരി. നിയന്ത്രണം വിട്ടു വാന്‍ ആടിയുലഞ്ഞപ്പോള്‍ രാജേഷ് മകനെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് എറിയുകയായിരുന്നു. അടുത്ത നിമിഷം വാന്‍ രാജേഷിനു മുകളിലേയ്ക്കു മറിയുകയും മരണം സംഭവിക്കുകയായിരുന്നു. രഞ്ജുവാണു രാജേഷിന്റെ ഭാര്യ.

Latest
Widgets Magazine