ഗുജറാത്തിലും വോട്ടിംഗ് യന്ത്ര വിവാദം; ബിജെപി ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്നാംഘട്ട പോളിങ്ങിനിടയില്‍ വോട്ടിംഗ് യന്ത്രവിവാദം. കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രം പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം പലരും പുറത്ത് വിട്ടിരുന്നു. ഗുജറാത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. പോര്‍ബന്ദറിലെ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിച്ചെന്നാണു പരാതി. മൊബൈല്‍ ഫോണ്‍ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തു. മോദ്വാഡിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. മൊബൈല്‍ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് ‘ഇസിഒ 105’ എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലൂ ടൂത്ത് ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് വോട്ടിങ് യന്ത്രത്തില്‍ എന്തു ക്രമക്കേടു വേണമെങ്കിലും നടത്താമെന്ന് ഇതു സൂചിപ്പിക്കുന്നതെന്നും മോദ്വാഡിയ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ ചിപ്പുകളിലെ പ്രോഗ്രാമിലും മാറ്റം വരുത്താം. ഇതു ശ്രദ്ധയില്‍പ്പെട്ടയുടനെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. ഓഫിസര്‍ സ്ഥലത്തെത്തുകയും യന്ത്രം പരിശോധിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കലക്ടറും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകനും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന സാങ്കേതിക വിദഗ്ധനും ഇവര്‍ക്കൊപ്പമുണ്ട്. അതേസമയം, തോല്‍വി ഉറപ്പാക്കിയ കോണ്‍ഗ്രസ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. വോട്ടിങ് യന്ത്രം സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നതായും ബിജെപി പറഞ്ഞു.

Top