വീപ്പക്കുള്ളിലെ മൃതദേഹം: കൊലപാതകിയുടെ മരണത്തില്‍ അന്വേഷണം മകളിലേക്കും; പെണ്‍വാണിഭ മാഫിയക്കും ബന്ധമെന്ന് സൂചന

തൃപ്പൂണിത്തുറ: കൊച്ചി കുമ്പളത്ത് വീപ്പയിലടക്കിയ മൃതദേഹം കായലില്‍ തള്ളിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്. കൊലപാതകത്തെക്കുറിച്ച് മകള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു.

ശകുന്തളയുടെ ഘാതകനെന്ന് പൊലീസ് കണ്ടെത്തിയ എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ എം.ടി.സജിത്തിന് കൊച്ചിയിലെ പെണ്‍വാണിഭ സംഘവുമായും അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശകുന്തളയുടെ മകള്‍ അശ്വതിക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുകയാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തിയതായി അറിയുന്നു. അതേസമയം, ശകുന്തള വധക്കേസിനെ തുടര്‍ന്ന് മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ജനുവരി എട്ടിന് കോണ്‍ക്രീറ്റ് വീപ്പയില്‍ ശകുന്തളയുടെ ജഡം കണ്ടെത്തിയതിനും പിറ്റേന്ന് കേസിലെ ഒന്നാം പ്രതി എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ എം.ടി.സജിത്ത് ദുരൂഹമായി മരിച്ചതിനും പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് എറണാകുളത്ത് താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതി വിദേശത്തേക്ക് കടന്നത്.

സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പൊലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്ട്സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സംശയം.

ശകുന്തളയുടെ മകള്‍ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.

2017 നവംബര്‍ 8 ന് കുമ്പളം കായലില്‍, കൊലപ്പെടുത്തി ചാക്കുകെട്ടിലാക്കി കായലില്‍ തളളിയ നിലയില്‍ കണ്ടെത്തിയ അജ്ഞാത ജഡത്തെക്കുറിച്ചുള്ള അന്വേഷണവും സജിത്തിനേയും സംഘത്തേയും കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മൃതദേഹം കെട്ടിയ ഉപയോഗിച്ച ചാക്കിലെ കോണ്‍ക്രീറ്റ് കട്ടകള്‍ക്കും കല്ലുകള്‍ക്കും ശകുന്തളയുടെ ജഡം കണ്ടെത്തിയ വീപ്പയിലെ വസ്തുക്കളോടുള്ള സാമ്യവും രണ്ട് മൃതദേഹങ്ങളിലേയും കാലുകള്‍ കൂട്ടിക്കെട്ടിയതിലെ സാമ്യവുമാണ് അന്വേഷണം ഇവരിലേക്ക് കൊണ്ടുവരുന്നതിന് കാരണം.

Top