നിനക്കവനെ വിശ്വസിക്കാമായിരുന്നു; നിന്റെ കുഴിമാടത്തിലേക്ക് രണ്ട് റോസാപ്പൂക്കളുമായി മെസിയും റോജോയും വന്നത് നീ കണ്ടില്ലേ… ദിനുവിനായി കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്‌

റഷ്യന്‍ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടക്കത്തിലെ ദയനീയ അവസ്ഥയായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ മെസിയുടെയും അര്‍ജന്റീനയുടെയും പതനം സഹിക്കാനാകാതെ കടുത്ത അര്‍ജന്റീന ആരാധകനായ ദിനു പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്.

എന്നാല്‍, ദിനുവിനായി എഴുതിയിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എറണാകുളം മരട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് റഫീഖ് ആണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുന്നത്. അര്‍ജന്റീനയുടെ തോല്‍വി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാതെയാണ് ദിനു അലക്‌സ് എന്ന വിദ്യാര്‍ത്ഥി പുഴയില്‍ ചാടി ജീവനൊടുക്കിയത്.

എന്നാല്‍, ക്രൊയേഷ്യയ്‌ക്കെതിരെ 3-0ന് മുട്ടുമടക്കിയെങ്കിലും നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ മെസി വല ചലിപ്പിച്ചപ്പോള്‍ എണ്‍പത്തിനാലാം മിനിറ്റില്‍ റോജോയും ഗോള്‍ നേടി.

ഒരല്‍പ്പം കാത്തിരുന്നെങ്കില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ ദിനുവും ഇന്ന് ആരാധകരുടെ കൂട്ടത്തിലുണ്ടാകുമായിരുന്നു. ാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മെസിയുടെ ജന്മദിനത്തിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ലോകത്തില്‍ കാണാനൊന്നുമില്ലെന്ന് എഴുതിവെച്ചാണ് ദിനു യാത്രയായത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ദിനു അലക്സ്, പ്രണയവും ആരാധനയും അന്ധമാണെന്ന് അറിയിച്ചു കൊണ്ടാണ് നീ കടന്നു പോയത്. നീലയും വെള്ളയും നിറമുള്ള കാൽപന്തുകളിയിലെ കവിതയെഴുത്തുകാരെയാണ് നീ പ്രണയിച്ചത്.പരാജിതനായി നിനക്കേറ്റവും പ്രിയപ്പെട്ട മെസി മുഖം പൊത്തി ഗ്രൗണ്ട് വിടുന്ന കാഴ്ച്ച കണ്ട ലോകത്തിലെ കോടിക്കണക്കായ ആരാധകർ സങ്കടത്തിന്റെ ആഴക്കടലിലേക്ക് പോയിരുന്നു. നിനക്കിനി ഈ ലോകത്തിൽ കാണാനൊന്നുമില്ലെന്ന് എഴുതി വെച്ച് പുഴയുടെ ആഴങ്ങളിലേക്ക് നീ യാത്രയായപ്പോൾ നിന്റെ ചങ്കിടിപ്പായിരുന്നു അർജന്റീനയെന്ന സത്യം ലോകമറിഞ്ഞു. ഇന്നലെ നീ കണ്ടതല്ലെ നിന്റെ കുഴിമാടത്തിലേക്ക് രണ്ട് റോസാപ്പൂക്കക്കുമായി മെസിയും റോജോയും വന്നത്. ചോര വാർന്നൊഴുകുന്ന മുഖവുമായി ഗ്രൗണ്ടിൽ മഷ്ക്കരാനോ നിനക്കായി രക്തപുഷ്പാഞ്ജലി നടത്തിയത്. നിന്റെ ഉൾവിളിയാണ് അവർ കേട്ടത്. പ്രിയ സുഹൃത്തെ, നീ നിലക്കും മുമ്പ് ചരിത്രത്തെ ഒന്ന് ഓർത്തെടുക്കാമായിരുന്നു.1990 ൽ സാക്ഷാൽ മാറഡോണയും ഇതുപോലെ ചാരത്തിൽ നിന്നാണ് ഉയിരെടുത്തത്.അന്ന് ഫൈനൽ കളിച്ചിട്ടേ നീലക്കുപ്പായക്കാർ മടങ്ങി യുള്ളൂ. നമ്മൾ റഷ്യയുടെ മണ്ണിലേക്ക് വന്നതെങ്ങിനെയെന്ന് നിനക്ക് ഓർക്കാമായിരുന്നു. തണുത്തു വിറച്ച ഇക്വഡോർ മലനിരകളിൽ 36-മത്തെ സെക്കന്റിൽ വീണുപോയ ടീമിനെ ഹാട്രിക് നേടിയാണ് നിന്റെ മിശിഹ ഇവിടെയെത്തിച്ചത്. നിനക്കവനെ വിശ്വസിക്കാമായിരുന്നു.. നിന്നെ വേദനിപ്പിച്ച് കുത്തുവാക്കുകൾ കൊണ്ട് മൂടിയവരോട് ഞാൻ നിനക്കായി അറിയിക്കുന്നു….. ഇംഗ്ലണ്ടിലെ രാജാവ് ശിരഛേദം ചെയ്യാൻ ഉത്തരവിട്ട സർ വാൾട്ടർ റാലി മരിക്കുന്നതിന് മുമ്പ് പറഞ്ഞ വാക്കുകക്കളാണത്. ” ഈ മണ്ണിൽ നിന്ന്, ഈ കുഴിമാടത്തിൽ നിന്ന്, ഈ ഭൂമിയിൽ നിന്ന് എന്റെ ദൈവം എന്നെ ഉയിർത്തെഴുന്നേൽപ്പിക്കും” അതെ പ്രിയ സുഹൃത്തേ. ജൂലൈ 15ന് കലാശക്കളിയുടെ പെരുമ്പറ മുഴങ്ങുന്ന പുൽമൈതാനത്തിന് മുകളിൽ നീ ഒരു നക്ഷത്രമായി പുനർജനിക്കും.നിനക്ക് പ്രിയപ്പെട്ട മെസി കാൽപന്തുകളിയിലെ കിരീടവുമേന്തി രാജാവാകുന്ന ദിവസം……. മുറിവുകളെ നക്ഷത്രങ്ങളാക്കി അവർ നിനക്കു വേണ്ടി അത് ചെയ്യാതിരിക്കില്ല..

Latest
Widgets Magazine