ലോകകപ്പ് പ്രവചനം: അമ്പരപ്പിച്ച് പ്രവാസി മലയാളി; അടുത്ത അക്കില്ലെസ് പൂച്ചയാണ് ഇദ്ദേഹമെന്ന് സോഷ്യല്‍ മീഡിയ | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

ലോകകപ്പ് പ്രവചനം: അമ്പരപ്പിച്ച് പ്രവാസി മലയാളി; അടുത്ത അക്കില്ലെസ് പൂച്ചയാണ് ഇദ്ദേഹമെന്ന് സോഷ്യല്‍ മീഡിയ

ഒരു മലയാളി ഫുട്‌ബോള്‍ ആരാധകന്‍ പ്രവചനം നടത്തി താരമായിരിക്കുകയാണ് ഇപ്പോള്‍. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ ആണ് സെമി ഫൈനല്‍ ലൈനപ്പും ഫൈനല്‍ ലൈനപ്പുമെല്ലാം കൃത്യമായി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26നാണ് ഷിഹാബ് ഫെയ്‌സ്ബുക്കിലൂടെ ഈ പ്രവചനം നടത്തിയത്. കൃത്യമായി കളി വിലയിരുത്തിയ ശേഷമാണ് സെമി, ഫൈനല്‍ ലൈനപ്പുകള്‍ ഷിഹാബ് പ്രവചിച്ചത്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ കളി വിലയിരുത്തലിന്റെ നിലവാരം കൂടി വ്യക്തമാക്കുന്നുണ്ട്. അതേസമയം ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നാണ് ഷിഹാബ് പറയുന്നത്. അങ്ങനെ കൂടി സംഭവിച്ചാല്‍ പുതിയ അക്കില്ലെസ് പൂച്ച ഷിഹാബാകുമെന്നാണ് മലയാളി ഫുട്‌ബോള്‍ ലോകം തമാശയായി പറയുന്നത്.

അര്‍ജന്റീന ആരാധകനായിരുന്ന ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എഞ്ചിനീയറിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയുള്ള തന്റെ പ്രവചനങ്ങള്‍ ഫലിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഷിഹാബ് രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

ഇത്തവണ ഒരു ടീമിനോടും പ്രത്യേകിച്ച് ആഭിമുഖ്യം ഇല്ലാതെ കളി ആസ്വദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ തുടങ്ങിയത്. ആ തീരുമാനം തൃപ്തികരമായ രീതിയില്‍ കളിലഹരി പകര്‍ന്നു തരുന്നുമുണ്ട്. ടൂര്‍ണമെന്‍റ് തുടങ്ങും മുന്നേ എഴുതിത്തള്ളാന്‍ മനസ്സില്‍ തോന്നിപ്പിച്ച അര്‍ജന്‍റിനക്ക് നന്ദി !

(തുടക്കത്തിലെ ഫുട്ബോള്‍ പ്രേമികളോട് ഒരു വാക്ക് : ഫാന്‍സ്‌ എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടുന്ന വെറുപ്പിക്കലുകള്‍ എത്ര അസഹയനീയമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഫാനിസം എന്ന കുപ്പായം ഊരി വച്ചുതന്നെ കളികാണണം.)

ഇതുവരെയുള്ള പ്രകടനങ്ങള്‍ വച്ച് നോക്കിയാല്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം സ്പെയിന്‍ തന്നെയാണ്. ലാ ലീഗ പോലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് നിലവിലുള്ള രാജ്യം മൊറോക്കോ പോലെയുള്ള ചെറുടീമിനോട് ഏറെക്കുറെ തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ച നിരാശാജനകമെന്നേ പറയേണ്ടൂ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ പോര്‍ച്ചുഗല്‍ ടീം വന്‍തോല്‍വിയാണ്. അര്‍ജന്‍റിനയുടെ കാര്യം പറയേണ്ടതില്ലല്ലോ, അഞ്ചു തവണ ‘ബാള്‍ ഡി ഓര്‍’ പുരസ്കാരം ഏറ്റു വാങ്ങിയ മെസി എന്ന ലോകോത്തരതാരം അര്‍ജന്റൈന്‍ ടീമില്‍ കളിക്കുന്നുണ്ട് എന്നു ശ്രദ്ധയില്‍പ്പെട്ടത് ഐസ്ലണ്ടിനോട് പെനാല്‍റ്റി മിസ്‌ ആക്കിയപ്പോള്‍ ആണെന്നത് ദുരന്തമല്ലെങ്കില്‍ പിന്നെന്താണ് ?.

ബ്രസീലാകട്ടെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ 7up കുടിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. പഴയ കാല ബ്രസീല്‍ പ്രതാപത്തിന്‍റെ നിഴലെന്നു പോലും വിശേഷിപ്പിക്കനാവാത്ത വിധമാണ് ഈ ലോകകപ്പിലും ബ്രസീല്‍ ടീമിന്‍റെ ദയനീയ പ്രകടനം.

ഈ ലോകകപ്പില്‍ കളിക്കുന്നതില്‍ ഏറ്റവും സാങ്കേതികതികവുള്ള ടീം ആണെങ്കിലും തോമസ്‌ മുള്ളറിന്‍റെ ഫോമില്ലായ്മ ജെര്‍മനിയെ പിന്നോട്ട് വലിക്കുന്നു. എങ്കിലും മുള്ളര്‍ ഫോം വീണ്ടെടുക്കുന്നതിന്‍റെ മിന്നലാട്ടങ്ങള്‍ സ്വീഡനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ കണ്ടത് പ്രതീക്ഷക്ക് വക നല്‍കുന്നു.

ജെര്‍മനിയുമായുള്ള അവസാനഗ്രൂപ്പ് മത്സരത്തില്‍ കൊറിയക്കാര്‍ അത്ഭുതങ്ങള്‍ ഒന്നും കാണിക്കില്ലെന്ന് തന്നെ വിശ്വസിക്കാം. എടുത്തുപറയേണ്ട മറ്റൊരു ഏഷ്യന്‍ടീം ജപ്പാനാണ്. എങ്കിലും ജപ്പാന്‍റെ കുതിപ്പ് രണ്ടാം റൌണ്ടില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അവസാനിച്ചേക്കും.

ഇറാന്‍, മൊറോക്കോ തുടങ്ങിയ കൊച്ചു ടീമുകളുടെ മികച്ച പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ കണ്ണിനു കുളിര്‍മ്മയായി. ഭാഗ്യക്കേട് കൊണ്ടാണ് മൊറോക്കോ രണ്ടാം റൌണ്ടില്‍ കടക്കാതിരുന്നത്. അതുപോലെ അവസാനനിമിഷം വരെ പോര്‍ച്ചുഗലിനെ വെള്ളം കുടിപ്പിച്ചാണ് ഇറാന്‍ സെക്കണ്ട് റൌണ്ട് കാണാതെ പുറത്തായത്. വീരോചിതം പൊരുതിയാണ് യാത്രപറയുന്നത് എന്നതില്‍ ഇരു ടീമുകള്‍ക്കും അഭിമാനിക്കാം.

സൌത്ത്അമേരിക്കയില്‍ നിന്നുള്ള ടീമുകളില്‍ പെറു, കോസ്റ്ററിക്ക, പാനമ ടീമുകള്‍ക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല.

ആതിഥേയര്‍ എന്ന ആനുകൂല്യം പരമാവധി മുതലാക്കി ആദ്യ രണ്ടു കളികളില്‍ തിളങ്ങിയെങ്കിലും യുറുഗ്വെയോട് തകര്‍ന്നടിഞ്ഞത് റഷ്യന്‍ ടീമിലുള്ള നാട്ടുകാരുടെ പ്രതീക്ഷ മങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള ഒരൊറ്റ മത്സരത്തിലൂടെ ലൂയി സുവാറസ് എന്തുകൊണ്ടാണ് താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണെന്നത് വീണ്ടും അടിവരയിട്ടു തെളിയിച്ചു.

പ്രതിഭയുള്ള യുവരക്തത്തിന്‍റെ ചിറകിലേറി കുതിക്കുന്ന ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ ടീമുകളാണ് ഈ ലോകകപ്പില്‍ അത്ഭുതം തീര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നവര്‍.

ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്‍റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ‘ഫ്രാന്‍സ് x ബെല്‍ജിയം’, ‘ക്രോയേഷ്യ x ഇംഗ്ലണ്ട്’ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും.

Latest
Widgets Magazine