ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വ്യാഴാഴ്ച വിട്ടുകിട്ടുംസംസ്‌കാരം അടുത്ത ആഴ്ച ചെത്തിപ്പുഴയിൽ

എഡിന്‍ബറോ:കാത്തിരിപ്പിന് വിരാമമായി . ഇക്കഴിഞ്ഞ ജൂണ്‍ 20ന് എഡിന്‍ബറോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎംഐ സഭാംഗം റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഫിസ്‌കല്‍ പ്രോകയുറേറ്റര്‍ വ്യാഴാഴ്ച വിട്ടു നല്‍കുമെന്നു റെവ.ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജനില്‍നിന്ന് ജോസ് കെ മാണി എംപിക്കും അറിയിപ്പു ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡ് പൊലീസില്‍നിന്ന് മൃതദേഹം വിട്ടു കിട്ടാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലേക്കു മൃതദേഹം അയയ്ക്കാനുള്ള രേഖകള്‍ തയാറാക്കുകയാണെന്നും ജോസ് കെ മാണിക്കു നല്‍കിയ കത്തില്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു. ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ജോസ് കെ മാണി എംപി നിരന്തരം ബന്ധപ്പെട്ടിരുന്നു.സംസ്‌കാരം അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയില്‍ നടക്കും. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉന്നത പഠനത്തിനായി എത്തിയ ഫാ മാര്‍ട്ടിന്‍ കഴിഞ്ഞ മാസം എഡിന്‍ബറോയില്‍ നിന്നും ഏതാണ്ട് 30 മൈല്‍ ദൂരത്തിലുള്ള ഡാന്‍ ബാന്‍ ബീച്ചിലാണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ കണ്ണാടി സ്വദേശിയാണ് മരിച്ച ഫാ. മാര്‍ട്ടിന്‍.
ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റുവാങ്ങുന്ന മൃതദേഹം എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ടി ഇന്ത്യന്‍ എംബസിയുടെ എന്‍ഒസിയും എയര്‍ലൈന്‍സില്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാല്‍ ഉടന്‍ തന്നെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ കഴിയും. അന്വേഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായി എന്നു വേണം അനുമാനിക്കാന്‍. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും മറ്റു നിയമപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വേണ്ടി സിഎംഐ സഭ ചുമതല പെടുത്തിയിട്ടുള്ള ലണ്ടനിലെ സി എം ഐ ആശ്രമത്തിലെ ഫാ. റ്റെബിന്‍ പുത്തന്‍പുരക്കല്‍ സിഎം ഐയും മൃതദേഹത്തെ അനുഗമിക്കും.

Top