ആളുകൾ പിരിഞ്ഞപ്പോൾ മറ്റൊരു വാഹനത്തിൽ ഫ്രാങ്കോ

കൊച്ചി: ചോദ്യം ചെയ്യലിന്‍റെ രണ്ടാം ദിവസവും മാധ്യമ പ്രവർത്തകരെ കബളിപ്പിക്കാൻ ബിഷപ്പിന്‍റെയും പൊലീസിന്‍റെയും കുതന്ത്രം. സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അരങ്ങേറുന്നത്. ഇന്നലെ ബിഷപ്പിനെ മാധ്യമ പ്രവർത്തകരുടെ കണ്ണിൽപെടാതെ എത്തിക്കാൻ പൊലീസും ബിഷപ്പിന്‍റെ ശിങ്കിടികളും ഏറെ പണിപ്പെട്ടിരുന്നു. സമാനമായി തന്നെ ഇന്നും ഇവർ ബിഷപ്പിനെ പൊലീസ് കേന്ദ്രത്തിലെത്തിക്കാൻ ഏറെ നാടകീയ രംഗങ്ങൾ ഉണ്ടാക്കി. 11 മണിക്ക് ചോദ്യം ചെയ്യലിനു ഹാജരാകുമെന്നായിരുന്നു ബിഷപ്പിന്‍റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇതനുസരിച്ച് മാധ്യമ പ്രവർത്തകരും നാട്ടുകാരും രാവിലെ മുതൽ തന്നെ ഇവിടെ തമ്പടിക്കുകയും ചെയ്തു. ഇന്നലെ ബിഷപ്പുമായി എത്തിയ അതേ വാഹനം 11 മണിയോടെ സാധാരണ നിലയിൽ പൊലീസ് കേന്ദ്രത്തിലേക്കെത്തി. പിൻ സീറ്റുകൾ മറച്ച നിലയിലായിരുന്നു വാഹനം. ബിഷപ്പ് എത്തിയെന്നു ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നാട്ടുകാർ പിരിഞ്ഞു പോവുകയും ചെയ്തു.എന്നാൽ മാധ്യമ ശ്രദ്ധ തിരിഞ്ഞ് അൽപ്പ സമയം കഴിഞ്ഞതും മറ്റൊരു വാഹനത്തിൽ ബിഷപ്പ് എത്തുകയായിരുന്നു. പൊലീസും ബിഷപ്പുമായി ഒത്തു ചേർന്നുള്ള നാടകങ്ങളാണ് ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നടക്കുന്നതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്

Latest
Widgets Magazine