അറസ്റ്റ് നീണ്ട് പോകുന്നു; തിരക്കിട്ട ചര്‍ച്ചകളില്‍ പോലീസ് സംഘം; മൊഴികള്‍ സമഗ്ര പരിശോധന നടത്തും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദേശം തേടുന്നു. ഹൈക്കോടതിയില്‍ എത്തി മധ്യമേഖലാ ഐജി വിജയ് സാഖറെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തുകയാണ്.

അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. ഇതിനുമുന്നോടിയായി സമീപ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസിനെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

ഐജി വിജയ് സാഖറെ ഹൈക്കോടതിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസിലെത്തി സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയുമായാണ് വിജയ് സാഖറെ കൂടിക്കാഴ്ച നടത്തിയത്. അറസ്റ്റ് സംബന്ധിച്ച തീരുമാനം നീളുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അറസ്റ്റിന്റെ കാര്യത്തില്‍ വ്യക്തത കൈവരൂ.

അതേസമയം കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും പാളിച്ച ഉണ്ടാകാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം കരുതലോടെ മുന്നോട്ടുപോകുന്നത്. അതേസമയം അറസ്റ്റ് നടന്നാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ബിഷപ്പിന്റെ അഭിഭാഷകരും തയ്യാറെടുത്തുകഴിഞ്ഞു.

എന്നാല്‍ ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഐജി അടക്കമുള്ള പോലീസ് സംഘം ഫ്രാങ്കോ മുളക്കലില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ സമഗ്രമായി പരിശോധിച്ച് മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്

Latest
Widgets Magazine