ഗജ ചുഴലികാറ്റ് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്.നാഗപട്ടണത്ത് തീരം തൊട്ടു ! അതീവ ജാഗ്രത.കേരളത്തിൽ 3 ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത

ചെന്നൈ: ഗജ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. രാത്രിയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്താണ് അതിശക്തമായി ഗജ ആഞ്ഞുവീശിയത്. ആദ്യം 60 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായ കാറ്റടിച്ചത്. പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചു.കാറ്റിനു മുന്നോടിയായി അര ലക്ഷത്തോളം പേരെ മാറ്റിതാമസിപ്പിച്ച് കനത്ത ജാഗ്രതയിലാണ് തമിഴ്നാട്. ഏഴു തീരദേശ ജില്ലകളെ കാറ്റു ബാധിക്കുമെന്നാണ് സൂചന. നാഗപട്ടണം വേദാരണ്യത്താണ് ഗജ തീരം തൊട്ടത്.

ഓരോ ജില്ലയിലും മൂന്നിറിലധികം താല്‍ക്കാലിക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 3 ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത.ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.ഇന്നും നാളെയും മലയോര, തീരമേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. ഇന്നു വൈകിട്ടുമുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകണമെന്നും നിർദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട്ടില്‍ 35,000 രക്ഷാപ്രവര്‍ത്തകരും മൊബൈൽ മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരും സജ്ജമാണ്.1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്നാട്ടിൽ കടലൂർ, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ ജില്ലകളിൽ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പുതുച്ചേരിയിലെ കാരയ്ക്കലിലും അവധിയുണ്ട്. തമിഴ്നാട്ടിലെ ഏഴു ജില്ലകളിലും ഇന്നലെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വൈകിട്ടു നാലുമുതൽ അവധി നൽകി. അണ്ണാ, അഴഗപ്പാ, മധുര സർവകലാശാലകൾ ഇന്നലെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു.

ഗജ ബാധിക്കാൻ സാധ്യതയുള്ള ഏഴു ജില്ലകളിലും ഇന്നലെ രാത്രി എട്ടുമണിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപകട സാധ്യത കണക്കിലെടുത്തു മുൻകരുതലെന്ന നിലയിലാണു നടപടി. ജനറേറ്ററുകളും ടോർച്ചുകളും ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ പരമാവധി ചാർജ് ചെയ്തു വയ്ക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുതുടങ്ങി.

രാമനാഥപുരം, കടലൂർ ജില്ലകളിൽ ഇന്നലെ ഉച്ചമുതൽ തിരമാലകൾക്കു ശക്തി കൂടി. ഒരു മീറ്റർവരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനമുണ്ടായിരുന്നു. തുടർന്ന്, ഉച്ചമുതൽ എവിടെയും കടൽത്തീരത്തേക്കു സന്ദർശകരെ അനുവദിച്ചില്ല. എല്ലാ സ്ഥലത്തും കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ഇതിനിടെ, ഉയരുന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനായി ഒട്ടേറെപ്പേരെത്തി. ആരെയും കടൽത്തീരത്തേക്കു കടത്തിവിട്ടില്ല. ചെന്നൈയിൽ മറീനയിലുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

രാമേശ്വരത്തിനു സമീപം ധനുഷ്കോടിയിൽ ഇന്നലെ പകൽ മുഴുവൻ കടൽ പതിവിലും ശാന്തമായിരുന്നു. ഈ അപൂർവ നിശ്ശബ്ദത നല്ല ലക്ഷണമല്ലെന്ന ആശങ്കയിലാണു പ്രദേശവാസികൾ. ഉച്ചയോടെ പ്രദേശത്തുനിന്ന് ആൾക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ധനുഷ്കോടിയിലേക്ക് ഇന്നലെ വിനോദസഞ്ചാരികളെ കടത്തിവിട്ടില്ല.

ഗജയെത്തുടർന്നുള്ള സാഹചര്യങ്ങൾ നേരിടാൻ സർവസജ്ജമായി കോസ്റ്റ് ഗാർഡ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു തടയുന്നതിനായി ഏഴു ജില്ലകളിലും തീരപ്രദേശങ്ങളിൽ ഇന്നലെ രാവിലെമുതൽ കോസ്റ്റ് ഗാർഡിനെ വിന്യസിച്ചിരുന്നു. എട്ട് ഐസിജി കപ്പലുകളും രണ്ടു ഡോർണിയർ എയർക്രാഫ്റ്റുകളും വഴി, മുന്നറിയിപ്പു കിട്ടുന്നതിനു മുൻപു കടലിൽ പോയവർക്കു വിവരം നൽകി. സംസ്ഥാനത്തു കടലിൽ പോയ മൽസ്യത്തൊഴിലാളികളെല്ലാം ഇതിനകം തിരിച്ചെത്തിയെന്നാണു കണക്ക്.

ചെന്നൈയിൽ ഇന്നലെ രാവിലെ മഴ പെയ്തെങ്കിലും പകൽ മുഴുവൻ മഴ വിട്ടുനിന്നു. ഗജയുടെ ഫലമായി ഇന്നും നാളെയും മഴ പെയ്യുമെന്നാണു പ്രവചനം. ഗജയുമായി ബന്ധപ്പെട്ടു ചെന്നൈ കോർപറേഷൻ വിവിധ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു.
ഹെൽപ് ലൈൻ: 044-25384510, 520, 530, 25619511.
വാട്സാപ് നമ്പർ: 9445477205.
ഇ–മെയിൽ: [email protected]

പുതുച്ചേരിയിൽ ബസുകൾ നിർത്തി

പുതുച്ചേരിയിൽ ഇന്നലെ ഉച്ചയോടെ കടൽ പ്രക്ഷുബ്ധമായി. രാത്രി എട്ടുമണിയോടെ കനത്ത മഴ തുടങ്ങി. ഇതിനെത്തുടർന്നു ചെന്നൈയിലേക്കുൾപ്പെടെയുള്ള ബസുകൾ സർവീസ് നിർത്തി. പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾ റദ്ദാക്കി.

ചുഴലിക്കുരുക്കിൽ തമിഴ്നാട്

പതിനഞ്ചു വർഷത്തിനിടെ തമിഴ്നാടിനെ വിറപ്പിക്കാനെത്തുന്ന എട്ടാമത്തെ ചുഴലിക്കാറ്റാണ് ഗജ. 1994-ലെ പേരിടാത്ത കൊടുങ്കാറ്റിൽ തുടങ്ങി രണ്ടുവർഷം മുൻപു ചെന്നൈയിലുൾപ്പെടെ സംഹാര താണ്ഡവമാടിയ വർധയുൾപ്പെടെ എട്ടു ചുഴലികൾ. തമിഴ്നാടിനെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റുകൾ

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലി ചെന്നൈയ്ക്കും കടലൂരിനുമിടയിലാണ് കരയിൽതൊട്ടത്. മണിക്കൂറിൽ 115 കി.മീ. ആയിരുന്നു വേഗം. കൊടുങ്കാറ്റും കനത്ത മഴയും കവർന്നത് 26 ജീവൻ. മുന്നറിയിപ്പു നടപടികളുടെ അഭാവം ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

മൂന്നു കൊടുങ്കാറ്റുകളും 2005 ഡിസംബർ ഏഴിനു വേദാരണ്യത്തിനു സമീപമാണു കരയിൽ തൊട്ടത്. മണിക്കൂറിൽ വേഗം 110 കി.മീ. കടലൂർ, ചിദംബരം ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. നൂറുകണക്കിനു വീടുകൾ തകർന്നു.

നവംബർ 25നു കാരയ്ക്കലിനുസമീപം കര തൊട്ട നിഷ ചുഴലിയുടെ വേഗം മണിക്കൂറിൽ 83 കി.മീ. തഞ്ചാവൂരിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. നൂറുകണക്കിനാളുകൾ മരിച്ചു. 2800 മൃഗങ്ങൾ ചത്തൊടുങ്ങി. 20 ലക്ഷം ഏക്കറിലെ കൃഷി നശിച്ചു. നൂറോളം പേർ മരിച്ചു. ചെന്നൈയ്ക്കു സമീപം കരയിൽ തൊട്ട ജൽ മണിക്കൂറിൽ 111 കി.മീ. വേഗത്തിലാണ് വീശിയത്. 70,000 പേരെ മാറ്റിപ്പാർപ്പിച്ചു.

മണിക്കൂറിൽ 165 കി.മീ. വേഗത്തിൽ ആഞ്ഞടിച്ച താനെ കടലൂരിനും പുതുച്ചേരിക്കുമിടയിലാണ് കരതൊട്ടത്. ഡിസംബർ 11ന് ആഞ്ഞടിച്ച താനെ 48 പേരുടെ ജീവൻ കവർന്നു. ഇതിൽ 38 പേർ കടലൂർ ജില്ലക്കാർ. മഹാബലിപുരത്തിനു സമീപം തീരംതൊട്ട നീലം 83 കി.മീ. വേഗത്തിലാണ് കരയിൽ വീശിയത്. തീരത്തുനിന്നു 100 മീറ്റർവരെ അകലത്തിൽ വീടുകളിൽ വെള്ളം കയറി. ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ചെന്നൈയെ പിടിച്ചുകുലുക്കിയ ചുഴലി. ആൻഡമാൻ ദ്വീപിൽ ന്യൂനമർദമായി രൂപംകൊണ്ട് പിന്നീടു കൊടുങ്കാറ്റായി മാറി. ചെന്നൈയിൽ ലക്ഷക്കണക്കിനു മരങ്ങളെ കടപുഴക്കി. കണക്കാക്കിയ നഷ്ടം 1000 കോടി.

Top