സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ഭൂമിക്കടിയിലൂടെ ഒരു ബാങ്ക്‌കൊള്ള; രണ്ട് മാസമെടുത്ത് 40 നീളത്തില്‍ തുരങ്കം തീര്‍ത്തു

നവി മുംബൈ: സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ ഒരു ബാങ്ക്‌കൊള്ള. 40 അടി നീളമുള്ള തുരങ്കമുണ്ടാക്കി ബാങ്കിനുള്ളില്‍ കടന്ന് 30ഓളം ലോക്കറുകള്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും തൂത്തുവാരിക്കൊണ്ട് പോയി. ഏകദേശം ഒന്നരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് കണക്ക്.

ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തില്‍ത്തന്നെ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് അക്രമികള്‍ മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പര്‍ മുറി എടുത്ത മോഷ്ടാക്കള്‍ അവിടെ ബാലാജി ജനറല്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ കടയും നടത്തിയിരുന്നു. ഈ മുറിയില്‍നിന്ന് അഞ്ചടി താഴ്ചയില്‍ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തില്‍ തുരങ്കം തീര്‍ത്തു. ബാങ്കിന്റെ ലോക്കര്‍ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തില്‍ തുരങ്കം പൂര്‍ത്തിയാക്കിയാണ് മോഷ്ടാക്കള്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടടുത്തു തന്നെ കടകള്‍ ഉണ്ടായിരുന്നിട്ടും തുരങ്കനിര്‍മാണം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതീവ ശ്രദ്ധയോടെ തുരങ്കം നിര്‍മിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയില്‍ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തില്‍ വാടകയ്‌ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്ത ബാലാജി ജനറല്‍ സ്റ്റോഴ്‌സിനോടു ചേര്‍ന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെയും ഓഫിസുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കള്‍ ലോക്കര്‍ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകള്‍ തകര്‍ത്തുവെന്നും പൊലീസ് കരുതുന്നു.

ജെനാ ബച്ചന്‍ പ്രസാദ് എന്നയാള്‍ ആറു മാസം മുന്‍പാണ് ഈ കടമുറി വാടകയ്‌ക്കെടുത്തത്. ഏതാനും മാസം കട നടത്തിയ ഇയാള്‍, രണ്ടുപേരെ കട ഏല്‍പ്പിച്ചതായി ഉടമയെ അറിയിച്ച് സെപ്റ്റംബറില്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. വാടകയ്‌ക്കെടുത്ത അന്നു മുതല്‍ അക്രമികള്‍ മോഷണപദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഈ വര്‍ഷമാദ്യം ജാര്‍ഖണ്ഡില്‍ സമാനമായ ഒരു മോഷണം അരങ്ങേറിയിരുന്നു. ഈ സംഘം തന്നെയാണോ നവി മുംബൈയിലെ കൊള്ളയ്ക്കു പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ആറു സംഘങ്ങള്‍ക്കു രൂപം നല്‍കിക്കഴിഞ്ഞു. ബാങ്കില്‍ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കര്‍ റൂമില്‍ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയിലാകട്ടെ, മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങള്‍ വ്യക്തവുമല്ല.

Top