ഗൗരി ലങ്കേഷിന്‍റെ മരണം; അനാഥരായത് നാല് ‘ദത്തുപുത്രന്മാർ’

ഗൗരി ലങ്കേഷിന്റെ മരണം അനാഥരാക്കിയത് നാല് ‘ദത്തുപുത്രന്മാരെയാണ്’. ജെഎൻയു വിദ്യാർത്ഥി യൂമിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ, ജെഎൻയു സ്റ്റുഡന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹല റാഷിദ്, ദളിത് പ്രവർത്തകനായ ജിഗ്നേഷ് മേവാനി, ഡെമോക്രാറ്റിക് സ്റ്റുഡന്റ് യൂണിയൻ നേതാവ് ഉമർ ഖാലിദ് എന്നിവരാണ് ആ നാല് ‘ദത്തുപുത്രന്മാർ’. തന്നേയും കനയ്യയേയും ഷെഹലയെയും ഉമർ ഖാലിദിനെയും സ്വന്തം മക്കളായാണ് ഗൗരി ലങ്കേഷ് കണ്ടതെന്ന് മേവാനി പറഞ്ഞു. അമ്പത്തഞ്ച്കാരിയായ പ്രമുഖ മാധ്യമ പ്രവർത്തകയുടെ മരണ വാർത്ത ഞെട്ടലോടെയാണ് ഇവർ നാല് പേരും കേട്ടത്. ഇന്ത്യൻ ജനാധിപത്യത്തിന് കറുത്ത ദിനം എന്നാണ് മേവാനി പ്രതികരിച്ചത്. ഞാനാണ് നല്ല മകനെന്നും കനയ്യ തന്റെ മോശം മകനാണെന്നും അവർ എന്നും പറയുമായിരുന്നെന്നും മേവാനി പറഞ്ഞു. തന്നെയും കനയ്യയെയും അവർ തുല്ല്യമായാണ് സ്നേഹിച്ചത്. അവരുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മേവാനി പറഞ്ഞു. ആശയങ്ങളെ വെടിയുണ്ടകൾകൊണ്ട് നിശബ്ദമാക്കാനാവില്ലെന്ന് ഉമർ ഖാലിദ് പറഞ്ഞു. താൻ ദത്തത്തെടുത്ത നാല് മക്കലിൽ ഒരാളാണ് താനെന്ന് ഗൗരി ലങ്കേഷ് എപ്പോഴും പറയുമായിരുന്നെന്നും ഉമർ ഖാലിദ് പറഞ്ഞു. ഗൗരി ലങ്കേഷ് തനിക്ക് സ്വന്തം അമ്മയായിരുന്നെന്ന് കനയ്യ കുമാർ കുറിച്ചു. ഹൃദയത്തിൽ എന്നും അവർ ജീവിക്കുമെന്നും കനയ്യ കുമാർ പറഞ്ഞു. മൂന്ന് പേർ വാതിലിൽ തട്ടിവിളിച്ച് വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഷെഹല പറഞ്ഞു. ബിജെപിക്കെതിരെ ശബ്ദം ഉയർത്തിയ പ്രൊഫസർ കൽബുർഗി കൊല്ലപ്പെട്ട ആതേ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതെന്ന് ഷെഹല കൂട്ടിച്ചേർത്തു.

Top