സാമ്പത്തിക സംവരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം;ബില്‍ നിയമമായി

ന്യൂദല്‍ഹി:സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്.രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി.നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു.എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കാരാണ് തീരുമാനിക്കുക.

ലോക്‌സഭയില്‍ 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഐ.എ.ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും സഭയില്‍ നിന്ന് ഇറങ്ങിപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യസഭയില്‍ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ ശേഷം നടന്ന വോട്ടെടുപ്പില്‍ 172 അംഗങ്ങളില്‍ 165 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. മുസ്ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബടക്കം ഏഴു പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നല്‍കിയത്.190 മില്ല്യണ്‍ മുന്നോക്കക്കാര്‍ക്കാണ് ഈ 10 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.തെരഞ്ഞെടുപ്പടുത്ത വേളയില്‍ സംവരണം ആവശ്യപ്പെടുന്ന പട്ടീദര്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, മറാത്ത വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതജാതി സമുദായങ്ങളെ സംതൃപ്തിപ്പെടുത്താനാണ് ബി.ജെ.പി നിയമനിര്‍മ്മാണം കൊണ്ടു വന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

രാജ്യസഭയില്‍ മുസ്ലിം ലീഗ്,  ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേർത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി  തീരുമാനം പ്രഖ്യാപിച്ചത്.

വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒ ബി സി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.

Top