കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടിയുടെ കൊക്കെയ്‌നുമായി പിടിയിലായത് യുവതി  

 

 

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 25 കോടിയുടെ മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 5 കിലോ കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്രയും മയക്കുമരുന്ന് ശേഖരവുമായി ഫിലിപ്പെയ്ന്‍ യുവതിയാണ് അറസ്റ്റിലായത്. സാവോ പോളോയില്‍ നിന്നാണ് കൊക്കെയ്‌നുമായി ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. മസ്‌കറ്റില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി മസ്‌കറ്റ് വഴി കൊച്ചിയിലെത്തിയത്. കൊക്കെയ്ന്‍ ബാഗില്‍ പ്രത്യേക രീതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കാനാിരുന്നു ഇവര്‍ക്ക് നിര്‍ദേശം. പക്ഷേ ഇവര്‍ക്ക് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. യുവതി മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയില്‍ ആരുമായിട്ടാണ് ഇവര്‍ക്ക് ഇടപാടുകളുള്ളതെന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. തുടര്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

Top