എനിക്കിപ്പോള്‍ കല്യാണം വേണ്ട; പോലീസ് സ്‌റ്റേഷനില്‍ പതിമൂന്നുകാരി വിതുമ്പി

കൊല്‍ക്കത്ത: എനിക്കിപ്പോള്‍ കല്യാണം വേണ്ട, സര്‍ അച്ഛനെയൊന്ന് പറഞ്ഞ് മനസിലാക്കാമോ..പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ വന്ന് പറഞ്ഞ് കരഞ്ഞതിങ്ങനെ. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ശൈശവ വിവാഹങ്ങള്‍ നടത്തുന്നത് ഒരു പതിവാണ്. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് അറിഞ്ഞിട്ട് തന്നെ പെണ്‍കുട്ടികളെ അവരുടെ സമ്മതമില്ലാതെ പന്ത്രണ്ടും പതിമൂന്നും വയസില്‍ കല്യാണം കഴിപ്പിച്ച് വിടുന്നത് സാധാരണ സംഭവമായി തുടരുന്നു. ഇതിനിടെ സ്വന്തം വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് ഒരു പതിമൂന്നുകാരി സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുകയാണ്. ബംഗാളിലെ ജിവന്‍തലയിലാണ് സംഭവം.

സ്‌കൂള്‍ യൂണിഫോമിലാണ് വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനിലെത്തിയത്. അച്ഛന്‍ തന്റെ വിവാഹം സമ്മതമില്ലാതെ നടത്താന്‍ പോവുകയാണെന്നും അദ്ദേഹത്തിനോട് അതില്‍ നിന്നും പിന്‍മാറണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ‘ഈ വിവാഹം വേണ്ടെന്ന് വെക്കാന്‍ എന്നെ സഹായിക്കണം. എനിക്ക് പഠിക്കണം’- പെണ്‍കുട്ടി പറഞ്ഞു. ആറുമാസത്തോളമായി വീട്ടുകാര്‍ പെണ്‍കുട്ടിക്ക് വിവാഹം ആലോചിച്ചു തുടങ്ങിയിട്ട്. തുടക്കം മുതല്‍ തന്നെ, പഠിക്കണമെന്നും ഇപ്പോള്‍ വിവാഹം വേണ്ടെന്നും ഇവള്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. അവസാനം വിവാഹം കഴിക്കേണ്ടിവരുമെന്ന് ഉറപ്പായപ്പോഴാണ് അവസാന ആശ്രയമെന്ന നിലയില്‍ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

ഒറ്റയ്ക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള മടി കാരണം തന്റെ സഹപാഠിയെ ഇവള്‍ വിളിച്ചിരുന്നു. പക്ഷേ ഭയം മൂലം ആ പെണ്‍കുട്ടി കൂടെ ചെന്നില്ല. അങ്ങവെ രണ്ടര കിലോമീറ്ററോളം ഒറ്റക്ക് നടന്നാണ് തന്റെ നിസഹായ അവസ്ഥ ഇവള്‍ പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനോട് പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ ഉദ്യോഗസ്ഥനും ചേര്‍ന്ന് കാര്യം പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും റിക്ഷ ഡ്രൈവറായ അദ്ദേഹം ആദ്യം വഴങ്ങിയില്ല. പിന്നീട് നിയമസാധുതകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് മകളുടെ വിവാഹം നീട്ടിവയ്ക്കാന്‍ പിതാവ് തയാറായത്.

Latest
Widgets Magazine