നിറവും സൗന്ദര്യവും ഇല്ലന്ന് പറഞ്ഞ് സഹപാഠികളുടെ പരിഹാസം;പരാതിപഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിന്‍റെ വകയും; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

നിറവും സൗന്ദര്യവും ഇല്ലാത്തതിന്റെ പേരിലുള്ള സഹപാഠികളുടെ പരിഹാസത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി എന്ന വാര്‍ത്തയാണ് മനുഷ്യ മനസാക്ഷിയെ നടുക്കികൊണ്ട് പുറത്തുവരുന്നത്. ഹൈദരാബാദിലെ സംഘറെഡ്ഡി ജില്ലയിലാണ് സംഭവം. ദൊമഡുഗു ഗ്രാമത്തിലെ പ്രഗതി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ലാവണ്യയാണ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. ലാവണ്യയുടെ ഇരുണ്ട നിറത്തെ പരിഹസിച്ച് ആണ്‍കുട്ടികള്‍ അവളെ കളിയാക്കിയുള്ള പേരുകള്‍ വിളിച്ചു. പരിഹാസം സഹിക്കവയ്യാതെ അവള്‍ പൊട്ടിക്കരയും വരെ മാനസിക പീഡനം തുടര്‍ന്നു. അതിലൊരു ആണ്‍കുട്ടി അവളെ സ്വഭാവഹത്യ നടത്താനും ശ്രമിച്ചു. നിന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ക്ലാസിലെ മറ്റു കുട്ടികളോടു തുറന്നു പറയും എന്നും ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. വീട്ടിലെത്തി കൈയിലെ ഞരമ്പു മുറിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊട്ടടുത്ത ദിവസം ലാവണ്യ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം നടപടിയെടുക്കാന്‍ തയാറായില്ല. പകരം തന്നെ പരിഹസിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ലാവണ്യയുടെ മരണമൊഴിയില്‍ പറയുന്നത്. മാനസിക വിഷമം മൂലം താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞപ്പോള്‍, ഭ്രാന്തുണ്ടോ എന്നാണ് പ്രിന്‍സിപ്പല്‍ തിരിച്ചു ചോദിച്ചതെന്നും മരിക്കുന്നതിന് മുമ്പ് കുട്ടി മൊഴി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ തന്റെ പരാതി സ്വീകരിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ജനുവരി രണ്ടിന് സ്‌കൂള്‍ വിട്ടു വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ ലാവണ്യ ഏഴു ദിവസം മരണവുമായി മല്ലിട്ടതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

Top