യൗവത്തിൽ സാത്താനെ പ്രാർഥിച്ചു: ഒടുവിൽ ദൈവത്തിന്റെ വിശുദ്ധനായി; ആ ദൈവദൂതന്റെ വിശുദ്ധ കഥ

സ്വന്തം ലേഖകൻ

റോം: കുറവുകളും പോരായ്മകളും ജീവിതത്തിൽ ഉണ്ടായിരിന്നിട്ടും തങ്ങളുടെ ജീവിതനവീകരണവും ത്യാഗങ്ങളും വഴി അനേകം പുണ്യാത്മാക്കൾ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു എന്ന സത്യം നമ്മേ സംബന്ധിച്ചു സുപരിചിതമാണ്. വിശുദ്ധ അഗസ്റ്റിനാണ് ഇതിൽ നമ്മുക്ക് ഏറെ പരിചയമുള്ള വിശുദ്ധൻ. നമ്മൾ ബലഹീനരാണെങ്കിലും നാം ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും മാറി യേശുവിൻറെ പിന്നാലേ നീങ്ങാൻ തയാറാണോ എന്ന ചിന്ത ഏറെ പ്രധാനപ്പെട്ടതാണ്.

ഈ വിചിന്തനം നടത്തുവാൻ വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോങ്ങോയുടെ ജീവിത കഥ ഏറെ സഹായകരമാണ്. തന്റെ യൗവനകാലഘട്ടത്തിലെ പത്തുവർഷക്കാലം സാത്താന്റെ പുരോഹിതനായി ജീവിക്കുക. പിന്നീട് ക്രിസ്തുവിനെ അറിഞ്ഞു അനേകം ആത്മാക്കളുടെ രക്ഷ സാധ്യമാക്കുക. ഒടുവിൽ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുക. ബാർട്ടോലോയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് നാം ഇനി നടത്താൻ പോകുന്നത്.

1841-ൽ ഇറ്റലിയിലാണ് ബാർട്ടോലോ ലോങ്ങോയുടെ ജനനം. ബാർട്ടോലോക്ക് പത്തുവയസ്സുള്ളപ്പോൾ അവൻറെ അമ്മ മരിച്ചു. ക്രമേണ അവൻ ദൈവവിശ്വാസത്തിൽ നിന്നും അകലുകയായിരിന്നു. നേപ്പിൾസിൽ വിശുദ്ധ തോമസ് അക്വിനാസ് പഠിച്ച അതേ സർവ്വകലാശാലയിൽ തന്നെയാണ് ബാർട്ടോലോയും പഠിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇറ്റലിയെന്ന് പറഞ്ഞാൽ മതവിരുദ്ധതയുടേയും, പാഷണ്ഡതയുടേയും ഒരു കൂത്തരങ്ങായിരുന്നു. ബാർട്ടോലോയും അതിലേക്ക് ആകർഷിക്കപ്പെടുകയായിരിന്നു. ലോകത്തിന്റെ ഭൗതീകതയിൽ ശ്രദ്ധകേന്ദ്രീകരിച്ചു ജീവിച്ച ബാർട്ടോലോ മയക്കുമരുന്നിനും മറ്റുള്ള ദുശ്ശീലങ്ങൾക്കും അടിമയായി മാറി.

തന്റെ കുടുംബം ആശ്രയിച്ചിരിന്ന ദൈവത്തെയും അവിടുത്തെ മൗതീകശരീരമായ കത്തോലിക്കാ സഭയേയും അവൻ പൂർണ്ണമായും നിന്ദിക്കുവാൻ തുടങ്ങി. സാത്താൻ ആരാധനയിലാണ് അത് അവസാനിച്ചത്. അധികം താമസിയാതെ തന്നെ ബാർട്ടോലോ സാത്താൻ ആരാധകരുടെ പുരോഹിതനായി മാറുകയായിരിന്നു. ഓരോ ദിവസവും അവന്റെ ജീവിതം നാശത്തിൽ നിന്നും നാശത്തിലേക്ക് പോയിക്കൊണ്ടിക്കുകയായിരിന്നു. പലപ്പോഴും ഒരു മനോരോഗിയെപ്പോലെയായിരുന്നു ബാർട്ടോലോ പ്രവർത്തിച്ചിരുന്നത്.

എങ്കിലും അദ്ദേഹം സാത്താൻ ആരാധന നിർത്തിയില്ല. നാശത്തിന്റെ പടുകുഴിയിൽ വീണ ബാർട്ടോലോ ലോങ്ങോയുടെ മാനസാന്തരത്തിനായി അവൻറെ കുടുംബം മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ തുടങ്ങി. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനായി മോനിക്ക പ്രാർത്ഥിച്ചതുപോലെ അവർ പ്രതീക്ഷ കൈവിടാതെ ദൈവത്തെ മുറുകെപ്പിടിച്ചു. അവരുടെ പ്രാർത്ഥനകൾ പാഴായില്ല. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെ തന്നെ ബാർട്ടോലോ ലോങ്ങോയുടെ ജീവിതവും പരിവർത്തനത്തിന് വിധേയമായി.

തനിക്ക് ചുറ്റും അവൻ കെട്ടിപ്പടുത്ത വിദ്വേഷത്തിന്റേയും പാപത്തിന്റേയും മറ തകർന്നുവീണു. ഒരു രാത്രിയിൽ ‘ദൈവത്തിലേക്ക് തിരിച്ചു പോകൂ’ എന്ന് പറയുന്ന മരിച്ചുപോയ തന്റെ പിതാവിന്റെ ശബ്ദം ബാർട്ടോലോ കേട്ടു. അമ്പരന്നുപോയ അദ്ദേഹം അടുത്തുള്ള തന്റെ സുഹൃത്തായ പ്രൊഫസ്സർ വിൻസെൻസൊ പെപ്പെയോട് കാര്യങ്ങൾ ആരാഞ്ഞു. ബാർട്ടോലോയെ ശ്രവിച്ച പ്രഫസർ ‘ഭയാനകമായ മരണവും, നിത്യമായ ശാപവുമാണോ നീ ആഗ്രഹിക്കുന്നത് ?’ എന്നാണ് ചോദിച്ചത്. തുടർന്നു പെപ്പെയുടെ ഇടപെടൽ നിമിത്തം ബാർട്ടോലോ, ഫാ. അൽബർട്ടോ റാഡെന്റെ എന്ന ഡൊമിനിക്കൻ പുരോഹിതനെ കാണുവാൻ സമ്മതിച്ചു.

അങ്ങനെബാർട്ടോലോയിൽ പതുക്കെ പതുക്കെ ഫാ. അൽബർട്ടോയുടെ സ്വാധീനം പ്രവർത്തിക്കുവാൻ തുടങ്ങി. ഇതിന്റെ ആദ്യഫലമായി ബാർട്ടോലോ തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞുകൊണ്ട് നീണ്ട കുമ്പസാരം തന്നെ നടത്തി. ക്രമേണ ക്രിസ്തുവിനെ നിന്ദിച്ചു നടന്നിരുന്ന ബാർട്ടോലോ ക്രിസ്തുവിലേക്ക് ആളുകളെ അടുപ്പിക്കുന്നവനായി മാറി. ചായക്കടകളിലും, വിദ്യാർത്ഥികളുടെ പാർട്ടികൾക്കിടയിലും നിന്നുകൊണ്ട് യാതൊരു സങ്കോചവും കൂടാതെ അവൻ ദൈവത്തെ പ്രകീർത്തിക്കുകയും മതവിരുദ്ധതയെ എതിർക്കുകയും ചെയ്തു. പാവങ്ങൾക്കിടയിൽ സേവനം ചെയ്തും അജ്ഞരെ നേരായ പാതയിലേക്ക് നയിച്ചും ബാർട്ടോലോ ലോങ്ങോ തന്റെ ജീവിതം ധന്യമാക്കി. നീണ്ട ആറുവർഷങ്ങൾ.

ആറു വർഷങ്ങൾക്ക് ശേഷം ജപമാല രാജ്ഞിയുടെ തൃപ്പാദത്തിങ്കൽ വെച്ച് ഒരു അൽമായ ഡൊമിനിക്കനായി തീരുവാൻ അവൻ നിത്യവൃതമെടുക്കുകയായിരിന്നു. ഉയർത്തിപ്പിടിച്ച ജപമാലയുമായി ഒരിക്കൽ കൂടി ബാർട്ടോലോ സാത്താൻ ആരാധകരുടെ ഇടയിലേക്ക് ചെന്നുകൊണ്ട് പറഞ്ഞു. ”ഈ ചെയ്യുന്ന ദൈവനിന്ദകൾ ഞാൻ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. കാരണം ഇവയെല്ലാം നമ്മളെ വീഴ്ത്തുന്ന തെറ്റുകളാണ്.” എന്നാൽ തുടർച്ചയായ അനുതാപ പ്രവർത്തികൾ ചെയ്തിട്ടും ബാർട്ടോലോയെ അവന്റെ കഴിഞ്ഞകാല ഓർമ്മകൾ വേട്ടയാടികൊണ്ടിരുന്നു.

താൻ ദൈവത്തിന്റെ ക്ഷമക്ക് അർഹനല്ല എന്ന നിരാശ അവനെ ദുഃഖത്തിലാഴ്ത്തി. ഒരിക്കൽ പോംപിക്ക് സമീപമുള്ള പാവപ്പെട്ട കൃഷിക്കാരിൽ നിന്നും വാടക പിരിച്ചുകൊണ്ടിരിക്കെ താൻ വീണ്ടും സാത്താനിലേക്ക് അടുക്കുന്നതായി ബാർട്ടോലോക്ക് അനുഭവപ്പെട്ടു. താൻ ഇപ്പോഴും സാത്താന്റെ അടിമയാണെന്നും നരകത്തിൽ സാത്താൻ തനിക്കായി കാത്തിരിക്കുകയാണെന്നുമുള്ള ചിന്തകൾ അവന്റെയുള്ളിൽ ശക്തിപ്രാപിച്ചു. കടുത്ത നിരാശയുടെയും കുറ്റബോധത്തിന്റെയും ഒരു സമയം.

നിരാശനായ അവന്റെ ജീവിതം ആത്മഹത്യയുടെ വക്കോളം എത്തിച്ചേർന്നു. ആ നിമിഷമാണ് അവൻ താൻ ചെറുപ്പക്കാലത്ത് ചൊല്ലാറുണ്ടായിരുന്ന ജപമാലയെക്കുറിച്ചോർത്തത്. പരിശുദ്ധ കന്യകാമാതാവിന്റെ സ്‌നേഹത്തെക്കുറിച്ചും ജപമാല പ്രാർത്ഥനയെപറ്റിയും അവൻ ഓർത്തു. ജപമാല ചൊല്ലുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് വഴി സ്വർഗ്ഗപ്രാപ്തി ലഭിക്കും എന്ന് പരിശുദ്ധ കന്യകാമാതാവ് തന്നോട് പറയുന്നതായി അവനു തോന്നി. പോംപിയിലേക്ക് പോയ അവൻ ജപമാല കൂട്ടായ്മകളുണ്ടാക്കുവാൻ തുടങ്ങി. അതോടൊപ്പം തന്നെ മരിയൻ പ്രദക്ഷിണങ്ങൾ സംഘടിപ്പിക്കുവാനും ജപമാല രാജ്ഞിക്കായി ഒരു ദേവാലയം പണിയുന്നതിനുമുള്ള ശ്രമങ്ങളും അവൻ തുടങ്ങി.

ഫുസ്‌ക്കോയിലെ പ്രഭ്വിയായിരുന്നു അവന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നത്. പ്രഭ്വിയുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ച് നാട്ടിൽ കിംവദന്തികൾ പരന്നു. അതേതുടർന്ന് നിത്യ വിശുദ്ധിക്കുള്ള വൃതവാഗ്ദാനം എടുത്തിരുന്ന ബാർട്ടോലോയെ ലിയോ പതിമൂന്നാമൻ പാപ്പാ ഫുസ്‌ക്കോയിലെ പ്രഭ്വിയെ വിവാഹം ചെയ്യുവാൻ പ്രേരിപ്പിച്ചു. തുടർന്നു അവർ വിവാഹിതരായി. പിന്നീടുള്ള തങ്ങളുടെ ജീവിതം യേശുവിനും മരിയ ഭക്തിക്കുമായി ആ ദമ്പതികൾ സമർപ്പിക്കുകയായിരിന്നു. അവർ ഒരുമിച്ച് പാവങ്ങളെ സേവിക്കുവാൻ തുടങ്ങി.

50-തിൽപ്പരം വർഷങ്ങൾ അവൻ ജപമാലയെക്കുറിച്ച് പ്രഘോഷിച്ചു നടന്നു. പാവങ്ങൾക്കായി നിരവധി സ്‌കൂളുകൾ പണികഴിപ്പിച്ചു. കുറ്റവാളികളുടെ കുട്ടികൾക്കായി അനാഥാലയങ്ങൾ പണിതു. എല്ലാത്തിനുമുപരിയായി മരണത്തിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന ഒരു നഗരത്തെ ദൈവമാതാവിന്റെ നഗരമായി പരിവർത്തനം ചെയ്തു. ഒടുവിൽ അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കി അദ്ദേഹം സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

മരിയ ഭക്തനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ബാർട്ടോലോ ലോങ്ങോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ച് ‘മറിയത്തിന്റെ അപ്പസ്‌തോലൻ’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബർ 5-നാണ് വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോങ്ങോയുടെ നാമഹേതുതിരുനാൾ. തങ്ങളുടെ വിശുദ്ധി വീണ്ടെടുത്ത് കൊണ്ട് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് കരുതി ജീവിക്കുന്ന അനേകർ നമ്മുടെ ഇടയിലുണ്ട്. അവർക്കായി, നാമോരുരുത്തർക്കായി, നമ്മുടെ ജീവിതനവീകരണത്തിനായി വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോങ്ങോയുടെ മാധ്യസ്ഥം അപേക്ഷിക്കാം.

Latest
Widgets Magazine