സ്വര്‍ണത്തരികള്‍ കണ്ട് കുഴിച്ചു നോക്കി; ഭൂമിക്കടിയില്‍ ഒളിച്ചിരിക്കുന്നത് വന്‍ സ്വര്‍ണ നിക്ഷേപം

ജയ്പുര്‍: ഭൂമിക്കു മുകളില്‍ കണ്ട സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും തരികള്‍… അധികമാര്‍ക്കും മനസ്സിലായില്ല ഇതെങ്ങനെ അവിടെയെത്തിയെന്ന്. പലരും കുഴിച്ചു നോക്കി. ഒന്നും കണ്ടെത്താനായില്ല. എന്തായാലും സംഭവം അറിഞ്ഞ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ) അധികൃതര്‍ ഒരു കാര്യം ഉറപ്പിച്ചു മേഖലയില്‍ സ്വര്‍ണം, ചെമ്പ് നിക്ഷേപങ്ങള്‍ക്കു സാധ്യതയുണ്ട്. അങ്ങനെ സര്‍വേ ആരംഭിച്ചു. ഊഹം തെറ്റിയില്ല, രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ ഒളിച്ചിരിക്കുന്നത് വന്‍ സ്വര്‍ണ നിക്ഷേപം. 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപമാണു ജയ്പുരില്‍ തിരിച്ചറിഞ്ഞത്. സ്വര്‍ണം മാത്രമല്ല, ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ വന്‍ശേഖരമാണ് രാജസ്ഥാന്റെ ഭൗമാന്തര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്നത്. 300 മീറ്റര്‍ താഴെയാണ് സ്വര്‍ണ നിക്ഷേപമുള്ളത്. എന്നാല്‍ ഇതു ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം നിലവില്‍ അധികൃതരുടെ കൈവശമില്ല. അതിനാല്‍ത്തന്നെ പുത്തന്‍ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം. ബന്‍സ്വാര, ഉദയ്പുര്‍ നഗരങ്ങളിലാണ് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം തിരിച്ചറിഞ്ഞത്. ശിക്കാര്‍ ജില്ലയിലും സ്വര്‍ണത്തിന്റെ സാന്നിധ്യത്തെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ബില്വാരയിലും പരിശോധന തുടരുകയാണ്. ജയ്പുര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈയവും സിങ്കുമുള്ളത്. ആദ്യഘട്ടത്തില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനാണു നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടതായി ജിഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ എന്‍. കുടുംബ റാവു മാധ്യമങ്ങളോടു പറഞ്ഞു. സികര്‍ ജില്ലയിലാണ് നിലവില്‍ പര്യവേക്ഷണങ്ങള്‍ നടക്കുന്നത്. മേഖലയില്‍ പരിശോധന നടത്തിയ ഭൗമശാസ്ത്ര വിദഗ്ദരുടെ നിരീക്ഷണ പ്രകാരം 3.5 കോടി ടണ്‍ ഈയവും സിങ്കും രാജ്പുരദാരിബ ഖനികളിലുണ്ട്. രാജസ്ഥാനില്‍ മാത്രം 81 കോടി ടണ്ണിന്റെ ചെമ്പ് നിക്ഷേപമുണ്ടെന്നാണു കരുതുന്നത്. ഇതുവരെ എട്ടു കോടി ടണ്‍ ചെമ്പ് കുഴിച്ചെടുത്തിട്ടുമുണ്ട്. നിലവില്‍ കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ പ്രധാനമായും സ്വര്‍ണ ഖനനമുള്ളത്. ഫലത്തില്‍ രാജസ്ഥാന് അപ്രതീക്ഷിതമായി ലഭിച്ച ‘നിധി’യായിരിക്കുകയാണ് ജിഎസ്‌ഐയുടെ കണ്ടെത്തല്‍.

Top