ഗുഡ് മോണിംഗ് ആശംസിക്കരുതേ, പ്ലീസ്!: ഇന്ത്യാക്കാരുടെ പ്രഭാത സന്ദേശങ്ങളില്‍ തളര്‍ന്ന് ഇന്റര്‍നെറ്റ്; ഗൂഗിളിന്റെ ഗവേഷണ പഠനം ഞെട്ടിക്കുന്നത്

ഇന്ത്യാക്കാരുടെ ഗുഡ് മോണിംഗ് സന്ദേശങ്ങളില്‍ കിതച്ച് ഇന്റര്‍നെറ്റും. നേരം പുലരാന്‍ കാത്തിരിക്കുകയാണ് ഇന്ത്യാക്കാര്‍ എന്തിനെന്നല്ലേ ഗുഡ് മോണിംഗ് സന്ദേശമയക്കാന്‍. ഇന്‍ ബോക്‌സുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ സുപ്രഭാത സന്ദേശങ്ങളാല്‍ നിറയും. മൊബൈലിലും വാട്‌സ് ആപ്പിലും സമൂഹമാധ്യമങ്ങളിലുമാണ് ആശംസിച്ച് മത്സരിക്കുന്നതെങ്കിലും അത് താങ്ങാനാകാതെ ഇന്റര്‍നെറ്റും കിതക്കുകയാണ്. ഇന്ത്യക്കാര്‍ സ്നേഹത്തോടെ പരസ്പരം നേരുന്ന ഈ ആശംസാ പ്രവാഹത്തില്‍ പാവം സായിപ്പുമാരും സുല്ലിട്ടു. ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് അവരുടെ വാദം. പ്ലീസ് ഇങ്ങനെ ആശംസിക്കരുത് എന്നാണ് അവര്‍ പറയുന്നത്.

ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യക്കാരുടെ ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ മൂര്‍ധന്യത്തിലെത്തിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നില്‍ ഒരു ഫോണിന്റെയും മെമ്മറി നിറയുന്നതും ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണ്. വികസിത രാജ്യമായ അമേരിക്കയില്‍ ഇത് പത്തില്‍ ഒന്നാണ് കൂടി അറിയുക

ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ സന്ദേശത്തില്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റും ഫോണ്‍ മെമ്മറിയും വിഴുങ്ങാന്‍ ഇതും പ്രധാനകാരണമാണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണും ലളിതമായ ഡാറ്റാ പ്ലാനുകളും മൂലം ചില ആളുകള്‍ ദിവസം ആരംഭിക്കുന്നത് തന്നെ മൊബൈല്‍ ഫോണിലാണ്. സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ഗുഡ് മോര്‍ണിങ് മെസേജാണ് ആളുകളെ വിളിച്ചുണര്‍ത്തുന്നത്. ഇതുകൊണ്ട് തന്നെ രാവിലെ എട്ട് മണിക്ക് മുമ്പുള്ള സമയമാണ് ഗുഡ് മോര്‍ണിങ് മെസേജിലൂടെ കൂടുതല്‍ ഇന്ത്യക്കാരും ഇന്റര്‍നെറ്റിനെ വിഴുങ്ങുന്നത്.

ഇന്ത്യയില്‍ 65 കോടി ആളുകളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 കോടി ആളുകളും സ്മാര്‍ട്ട് ഫോണിന്റെ ഉപയോക്താക്കളാണ്. ഇവര്‍ ഉള്‍പ്പെടെ മൊത്തം 40 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇന്ത്യയില്‍ ഉണ്ട്. ഡാറ്റാബേസിന്റെയും നിര്‍മിത ബുദ്ധയുടെയും സഹായത്തോടെ ഇത്തരം മെസേജുകള്‍ ഗൂഗിള്‍ വേര്‍തിരിച്ചിരുന്നു. ഇമേജ് ഫയല്‍, സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തരംതിരിച്ചതെന്നും വുഡ്വാര്‍ഡ് അറിയിച്ചു. കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ ഗുഡ് മോര്‍ണിങ് ആലേഖനം ചെയ്തവയായിരുന്നു ഇതില്‍ അധികവും.

ഇന്ത്യക്കാരുടെ ഈ ‘അതിക്രമം’ മറികടക്കാന്‍ ഡിസംബര്‍ മാസം ഗൂഗിള്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ‘ഫയല്‍സ് ഗോ’ എന്ന ആപ്പ് ഫോണില്‍ ഫ്രീ സ്പേസ് ഒരുക്കാന്‍ ഉതകുന്നതായിരുന്നു.ഫയല്‍ ഗോ ആപ്പ് ഫോണിന്റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്പേസ് നല്‍കും. ആന്‍ഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫയല്‍ ഗോ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ഒരു കോടിയില്‍ അധികം ഇന്ത്യക്കാര്‍ ഇതിനോടകം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

Latest