പാലക്കാട്ടുനിന്ന് ഷിബിനെന്ന യുവാവിനെ കാണാനില്ല; ഐഎസ് ബന്ധമുണ്ടെന്ന് സംശയം; കേരളം ഭയക്കുന്നു

തിരുവനന്തപുരം: പാലക്കാട്ടുനിന്ന് കാണാതായ ഇസയ്ക്കും യഹിയയ്ക്കും പിന്നാലെ ഒരാളെ കൂടി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കാണാതായിരിക്കുന്നത് യഹിയയുടെ സുഹൃത്താണെന്നും വിവരമുണ്ട്. കഞ്ചിക്കോട് സ്വദേശിയായ ഷിബിയെയാണ് കാണാതായത്. എന്നാല്‍, മതപഠനത്തിനായി ഒമാനിലേക്ക് പോയതായാണും പറയപ്പെടുന്നു.

കാണാതായവരില്‍ ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചവര്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തുന്നതായിരിക്കും. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ കാസര്‍കോട് ജില്ലക്കാരായ 11 പേര്‍ക്കാണ് ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്.

കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം കാണാതായവര്‍ ഭീകരവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന പ്രചാരണത്തെ നിഷേധിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. തീവ്ര സലഫി ആശയങ്ങളില്‍ ആകൃഷ്ടരായി വടക്കന്‍ യമനിലെ ധമ്മാജിലേക്ക് കടന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴി കഴിഞ്ഞ ദിവസവും കാണാതായ അഷ്ഫാക്ക് വീട്ടുകാരുമായി ബന്ധപ്പെട്ടു. സുരക്ഷിതമായി കഴിയുന്നുവെന്നും തിരോധാനം സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ കാര്യമില്ലെന്നുമായിരുന്നു സന്ദേശം.

Latest
Widgets Magazine