മതസ്പര്‍ദ്ദ വളര്‍ത്തുന്ന പോസ്റ്റ്: ‘തോക്ക്’ സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റിൽ

പറവൂര്‍:വിദ്വേഷപരമായ പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ പബ്ലിഷ് ചെയ്തതിന് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ഇട്ടതിനാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.ആലുവ പൊലീസ് സ്റ്റേഷനില്‍വെച്ച് സ്വയം നിറയൊഴിച്ച കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതിനെ തുടര്‍ന്ന് കോടതിക്ക് പുറത്തിറങ്ങിയ തോക്കു സ്വാമിയെ നാടകീയമായാണ് നോര്‍ത് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്ത്. മതസ്പര്‍ദ്ദ വളര്‍ത്തും വിധം മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങും വീഡിയോകളും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് നവംബറിലാണ് ഭദ്രാനന്ദക്കെതിരെ എറണാകുളം നോര്‍ത് പൊലീസ് ആണ് 153 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. റിമാൻഡ് ചെയ്ത ഹിമവല്‍ ഭദ്രാനന്ദയെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി.

പൊലീസ് സ്റ്റേഷനില്‍വെച്ച് വെടിയുതിര്‍ത്ത കേസില്‍ ചൊവ്വാഴ്ച്ച പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍റ് സെക്ഷന്‍ കോടതിയില്‍ ഹാജരായപ്പോള്‍ ഉച്ചയോടെ കേസ് പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. തുടര്‍ന്ന് 1.30 ന് കേസെടുത്ത കോടതി വ്യഴാഴ്ച്ച വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്വാമിയും കൂട്ടരും കോടതിക്ക് പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ കോടതി വളപ്പും പരിസരവും പൊലീസ് വലയം ചെയ്തിരുന്നു. ഹിമവല്‍ ഭദ്രനാന്ദ എത്തിയതോടെ മഫ്തിയിലും യൂണിഫോമിലുമായി 50 ഓളം പൊലീസുകാരാണ് പലയിടങ്ങളിലായി നിലയുറിപ്പിച്ചിരുന്നത്.

2008 മെയ് 17 ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൈവശം കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷന്‍െറ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും സി.ഐക്കും മാധ്യമ പ്രവര്‍ത്തകനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശം വയ്ക്കല്‍ എന്നി വകുപ്പുകളാണ് ഈ കേസില്‍ ചുമത്തിയിട്ടുള്ളത്.

Latest
Widgets Magazine