ഹാദിയയെ കത്ത് നേരിട്ട് ഏല്‍പ്പിക്കാനാവില്ല; എസ്ഐഒവിന് തപാല്‍ വകുപ്പിന്‍റെ വിവാദ വിശദീകരണം

ഹാദിയക്ക് അയച്ച രെജിസ്റ്റേഡ് കത്ത് തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി തപാല്‍ വകുപ്പ് രംഗത്ത്. ഹാദിയയെ നേരിട്ട് കത്ത് ഏല്‍പ്പിക്കാന്‍ കഴിയാത്തതിനാലാണ് തിരിച്ചയച്ചതെന്നാണ് വിശദീകരണം. തപാല്‍ നിയമങ്ങള്‍ ലംഘിച്ച് കത്ത് തിരിച്ചയച്ച സംഭവത്തില്‍ നല്‍കിയ പരാതിക്ക് ഉള്ള മറുപടിയിലാണ് തപാല്‍ വകുപ്പിന്റെ നിസ്സഹായമായ വിശദീകരണം. തപാല്‍ നിയമപ്രകാരം രെജിസ്റ്റേഡ് കത്തുകള്‍ നേരിട്ട് മേല്‍വിലാസക്കാരനെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ മേല്‍വിലാസക്കാരന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് കത്ത് കൈമാറണം. ഹാദിയ നാട്ടില്‍ ഉണ്ടായിരിക്കെ നിയമം ലംഘിച്ച് കത്ത് മടക്കിയ സംഭവത്തില്‍ എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സിടി നല്‍കിയ പരാതിയിലാണ് തപാല്‍ വകുപ്പിന്‍റെ വിശദീകരണം. മേല്‍വിലാസക്കാരിയായ അഖിലയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെന്നും അച്ഛന്‍ അശോകന്‍ അഖിലയെ കാണാന്‍ അനുവദിച്ചില്ലെന്നും താപാല്‍ വകുപ്പിന്റെ മറുപടിയില്‍ പറയുന്നു. സുഹൈബ് സിടിയുടെ പരാതിയിന്‍മേല്‍ കൂടുതല്‍ അന്വേഷണത്തിനായി ഉന്നത തപാല്‍ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ വീട്ടിലെത്തിയെങ്കിലും ഹാദിയയെ കാണാന്‍ പിതാവ് അനുവദിച്ചില്ലെന്നും തപാല്‍ വകുപ്പ് വിശദീകരിക്കുന്നു. അശോകന്‍ ചെയ്തത് ചട്ടലംഘനമാണെന്ന് തപാല്‍ വകുപ്പ് പറയുന്നുണ്ടെങ്കിലും എന്ത് നടപടി എടുക്കുമെന്നത് സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല. പരാതിയിന്‍മേല്‍ തുടര്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കാണിച്ചാണ് പരാതി അവസാനിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, നിയമ ലംഘനം എന്നിവ നടത്തിയവര്‍ക്കെതിരെ നടപടിവേണമെന്നാണ് എസ്ഐഒ ഉയര്‍ത്തുന്ന ആവശ്യം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം ഗാര്‍ഡിയന് കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ് പിണറായി പോലീസും സംഘ് പരിവാരങ്ങളും ചെയ്യുന്നതെന്ന് സിടി സുഹൈബ് പറഞ്ഞു. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും കാണാന്‍ അനുവദിക്കാത്ത പിണറായി പോലീസിന്റെ ‘സംരക്ഷണ’ത്തിനെതിരെയാണ് സമരങ്ങള്‍ തിരിയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest
Widgets Magazine