ഹുക്ക വലിക്കുന്ന വീഡിയോ മോശം രീതിയില്‍ പ്രചരിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് ഹനാന്‍

കൊച്ചി: ഹോട്ടലില്‍ ഇരുന്ന് താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി എടുക്കണമെന്ന് ഹനാന്‍. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ”കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് ഹുക്ക വലിച്ചതെന്നും ഇത് ചിലര്‍ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും ഹനാന്‍ പറഞ്ഞു.

സംഭവത്തില്‍ ഹനാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി ഹനാന്‍ ഫെയ്‌സ്ബുക്ക് ലൈവും ഇട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഹനാന്‍ പറയുന്നതിങ്ങനെ: ചില സിനിമാ ചര്‍ച്ചകള്‍ക്കായി മാരിയറ്റില്‍ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോള്‍ അവിടത്തെ സ്റ്റാഫിനോട് ഇതെന്താണെന്ന് ചോദിച്ചു. അറബികള്‍ റിഫ്രഷ്‌മെന്റിനും മറ്റുമായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഇതെന്നും നിക്കോട്ടിന്‍ ഉള്‍പ്പെടെയുള്ള ലഹരി കലര്‍ന്നതൊന്നും ഇതിലില്ലെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ തോന്നിയ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധാരാളം മലയാളികളും അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ചിലര്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. മീന്‍ വില്‍ക്കുന്നവരും പാവപ്പെട്ടവരുമൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുത് നല്ല വസ്ത്രം ധരിക്കരുത് എന്നൊക്കെ കരുതുന്നവരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലേ അവര്‍ക്ക് സന്തോഷമാകൂ. മീല്‍വില്‍പനയൊക്കെ മോശം ജോലിയായാണ് അവര്‍ കരുതുന്നത്.

എന്നാല്‍, ഏത് തൊഴിലിനും മഹത്വമുണ്ട്. അതുകൊണ്ടാണ് കേരള ജനതയുടെ വലിയ പിന്തുണ എനിക്ക് ലഭിച്ചത്. ഞാന്‍ മാത്രമല്ല, പഠനത്തോടൊപ്പം ജോലിയുമായി മുന്നോട്ടുപോകുന്ന ഒരുപാട് വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. അവരെ പോലെ തന്നെയാണ് ഞാനും. ഒരു പ്രത്യേകതയുള്ളത്, എനിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതുമാത്രമാണ്. അതിനിടെ ഒരു ഓണ്‍ലൈന്‍ മഞ്ഞപത്രത്തിലെ റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ച് പ്രകോപനപരമായി ചില കാര്യങ്ങള്‍ ചോദിക്കുകയും അതിന്റെ വോയ്‌സ് ക്ലിപ്പ് എന്റെ അനുവാദമില്ലാതെ റെക്കോഡ് ചെയ്ത് യൂട്യൂബിലിടുകയും ചെയ്തു.

ഒരു പെണ്‍കുട്ടിയുടെ വീഡിയോ അവളുടെ അനുവാദമില്ലാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബര്‍ കുറ്റകൃത്യമാണ്. വീഡിയോ എടുത്തവര്‍ക്കെതിരെയും വോയ്‌സ് ക്ലിപ്പ് ഇട്ട ആള്‍ക്കെതിരെയും കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയനടപടികളുമായി മുന്നോട്ടുപോകും. എനിക്ക് സഹായമായി ലക്ഷക്കണക്കിന് രൂപ കിട്ടിയിട്ടുണ്ടെന്നാണ് മോശം പ്രചാരണം നടത്തുന്നവര്‍ പറയുന്നത്. എനിക്ക് ലഭിച്ചത് ഒന്നര ലക്ഷം രൂപയാണ്.

അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു. അപകടമുണ്ടായപ്പോള്‍ മാനുഷിക പരിഗണനയുടെ പേരില്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. മറ്റു സഹായമൊന്നും സ്വീകരിച്ചിട്ടില്ല. പത്തു സെന്റ് സ്ഥലത്ത് വീട് വെച്ചുതരാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം വിളിച്ചപ്പോള്‍ ഈ സ്‌നേഹവും കരുതലും എപ്പോഴുമുണ്ടായാല്‍ മതിയെന്ന് പറഞ്ഞ് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ഞാന്‍ സ്വന്തമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. ആരുടെയും സഹതാപത്തിനു വേണ്ടിയോ സഹായത്തിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. ഹനാന്‍ വ്യക്തമാക്കി.

Top